ADVERTISEMENT

1982ൽ തുർക്കിയിലെ മെർസിൻ ജില്ലയിൽ ജനിച്ച ഡെനിസ് സാഗ്‌ദിച്ച്, കലാലോകത്ത് ശ്രദ്ധേയയാകുന്നത് വളരെ വ്യത്യസ്തമായ ആശയം പരീക്ഷിച്ചു വിജയം നേടിയതോടെയാണ്. മാലിന്യങ്ങളെ കലാരൂപങ്ങളാക്കി മാറ്റുന്ന ആശയം പലയിടത്തും നടപ്പിലാക്കുന്നത് നാം കണ്ടിട്ടുണ്ടെങ്കിലും അതിമനോഹരമായ ചിത്രങ്ങളായി അവയെ രൂപമാറ്റം വരുത്തുന്നതാണ് ഡെനിസിന്റെ പ്രത്യേകത. നിർമ്മാണ കേബിൾ മാലിന്യം, പ്ലാസ്റ്റിക് അടപ്പുകൾ, ഷാംപൂ പ്ലാസ്റ്റിക് കുപ്പികൾ, വസ്ത്ര മാലിന്യം, തുകൽ മാലിന്യം, ബട്ടൺ മാലിന്യം, കാർഡ്ബോർഡ് മാലിന്യം, അലുമിനിയം കാൻ മാലിന്യം, കാലാവധി കഴിഞ്ഞ ക്രെഡിറ്റ് കാർഡ് എന്നിവയെല്ലാം ഉപയോഗിച്ച് പലതരം ചിത്രങ്ങളാണ് ഡെനിസ് നിർമ്മിക്കുന്നത്.

turkish-art-o-eas
കേബിൾ മാലിന്യങ്ങൾ കൊണ്ടു നിർമ്മിച്ച കലാസൃഷ്ടി, Image Credit: https://www.denizsagdic.art/gallery
turkish-art-o-r
പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗ് കഷണങ്ങൾ കൊണ്ടു നിർമ്മിച്ച കലാസൃഷ്ടി, Image Credit: https://www.denizsagdic.art/gallery

'റെഡി-റീമെയ്ഡ്', 'സീറോ പോയിന്റ്' എന്നീ പ്രോജക്റ്റുകളെ അടിസ്ഥാനമാക്കി ഉപേക്ഷിക്കപ്പെട്ട വസ്തുക്കളെ പുനരുപയോഗിക്കുന്നതിലൂടെ, ദൈനംദിന വസ്തുക്കളുടെ മൂല്യവും അർഥവും സമൂഹത്തിനു മനസിലാക്കി കൊടുക്കുകയാണ് ഡെനിസ്. പ്രധാന സാമൂഹിക പ്രശ്നങ്ങളെ സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ നിർമിച്ച് കല, പരിസ്ഥിതി, സ്വയംപര്യാപ്തത എന്നിവയെ ഒന്നിപ്പിക്കുകയാണ് ലക്ഷ്യം. 2019ൽ മാത്രം 54 ദശലക്ഷം ടൺ ഇലക്ട്രോണിക് മാലിന്യമാണ് ഉണ്ടായിരുന്നത്. എന്നാൽ അതിൽ 18 ശതമാനത്തിൽ താഴെ മാത്രമേ പുനരുപയോഗത്തിനായി ശേഖരിച്ചിട്ടുള്ളൂ. ഇത്തരം വസ്തുക്കളാണ് ഡെനിസ് ഉപയോഗിക്കുന്നത്. ലോകത്തിന്റെ പല ഭാഗത്തായി പ്രസിദ്ധമായ നിരവധി പ്രദർശനങ്ങളും ഇതിനോടകം ഡെനിസ് ചെയ്തു കഴിഞ്ഞു. 

പാരമ്പര്യമായി കലാവാസനയുള്ള  ഒരു കുടുംബത്തിലാണ് ഡെനിസ് ജനിച്ചത്. അച്ഛനും അമ്മാവനും ഗ്ലാസ് ബിസിനസ് ചെയ്യുന്നവരും അമ്മായിമാർ തയ്യൽക്കാരുമായിരുന്നു. കുടുംബത്തിൽ നിന്നുതന്നെയാണ് സർഗ്ഗാത്മകമായ ജോലികൾ ചെയ്യാൻ ഡെനിസ് ആരംഭിച്ചത്. പിന്നീട് 2003ൽ മെർസിൻ യൂണിവേഴ്സിറ്റിയിലെ ഫൈൻ ആർട്‌സ് ഫാക്കൽറ്റിയിൽ നിന്ന് ഉയർന്ന മാർക്കോടെ ബിരുദം കരസ്ഥമാക്കി. ശിൽപം, പ്രിന്റിങ്, കൊത്തുപണി, ഓയിൽ പെയിന്റിങ് ഉൾപ്പെടെ വിവിധ മേഖലയിൽ വൈദഗ്ദ്ധ്യം നേടിയശേഷമാണ് 'സസ്റ്റൈനബിൾ ആർട്ട് ഹൗസ്' സ്ഥാപിച്ചത്. 

turkish-art-o
ഡെബിറ്റ് കാർഡ് മാലിന്യ കഷണങ്ങൾ കൊണ്ട് നിർമ്മിച്ച കലാസൃഷ്ടി, Image Credit: https://www.denizsagdic.art/gallery

450 ചതുരശ്ര മീറ്റർ ഇൻഡോറും 300 ചതുരശ്ര മീറ്റർ ഔട്ട്ഡോറുമുള്ള ഈ ആർട്ട് ഹൗസ് ഇസ്താംബൂളിലാണ് സ്ഥിതി ചെയ്യുന്നത്. കലയും സുസ്ഥിരതയും യോജിച്ച് സഹവസിക്കുന്ന ഒരു ഇടം സൃഷ്ടിക്കുക എന്നതായിരുന്നു ഡെനിസിന്റെ കാഴ്ചപ്പാട്. എക്സിബിഷനുകൾ, വർക്ക്ഷോപ്പുകൾ, സഹകരണ പ്രോജക്ടുകൾ എന്നിവയ്ക്ക് ആതിഥേയത്വം വഹിക്കുന്ന ഇവിടെ, സോളാർ പാനലുകൾ, മഴവെള്ള സംഭരണികൾ, ജൈവകൃഷിക്കായി വീട്ടുമാലിന്യങ്ങൾ പുനരുപയോഗിക്കാനുള്ള സംവിധാനം എന്നിവയെല്ലാമുണ്ട്.

'സസ്റ്റൈനബിൾ ആർട്ട് ഹൗസ്' ഒരു സ്റ്റുഡിയോ മാത്രമല്ല, കലാപരമായ പരീക്ഷണങ്ങളുടെയും പാരിസ്ഥിതിക ഉത്തരവാദിത്വത്തിന്റെയും കേന്ദ്രം കൂടിയാണ്. ആഗോള കലാരംഗത്ത് ദീർഘവീക്ഷണമുള്ള കലാകാരിയായി ഡെനിസ് മാറിക്കഴിഞ്ഞു. സ്ത്രീകളുടെ പങ്കിനെ സമൂഹത്തിനു മുൻപിൽ തുറന്നു കാണിക്കുന്നതിനായി എൻജിഒകളും മറ്റു സംഘടനകളുമായും ചേർന്നു പ്രവർത്തിക്കുന്നു.

English Summary:

Meet Dennis Sagdic: The Turkish Artist Revolutionizing the Art World with Recycled Materials

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com