വിവാഹം മുടക്കി 'വീട്'! വരൻ അമ്മയോടൊപ്പം വീട് വാങ്ങി : വിവാഹം വേണ്ടെന്നുവച്ച് യുവതി

Mail This Article
പൊരുത്തക്കേടുകൾ കണ്ടെത്തിയാൽ നിശ്ചയിച്ച വിവാഹത്തിൽനിന്ന് പിന്മാറാൻ ഇന്നത്തെ കാലത്ത് പെൺകുട്ടികൾക്കു മടിയില്ല. യുഎസിൽ നിന്നുള്ള ഒരു യുവതിക്ക് തന്റെ പ്രതിശ്രുവരൻ ഒരുവീട് വാങ്ങിയതിലാണ് അസ്വാഭാവിക തോന്നിയത്. കാലങ്ങളായി ആഗ്രഹിച്ചു നടക്കാനിരുന്ന വിവാഹം ഇതേ കാരണത്താൽ യുവതി വേണ്ടെന്നുവച്ചു. വരൻ അമ്മയ്‌ക്കൊപ്പം ചേർന്ന് താനറിയാതെ വീട് വാങ്ങിയതാണ് യുവതിയെ പ്രകോപിപ്പിച്ചത്.
സമൂഹമാധ്യമത്തിലൂടെയാണ് തനിക്ക് നേരിട്ട ദുരനുഭവം യുവതി വിവരിച്ചിരിക്കുന്നത്. അഞ്ചുവർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹത്തെക്കുറിച്ചും തുടർന്നുള്ള ജീവിതത്തെക്കുറിച്ചും ഒരുമിച്ച് ഒട്ടേറെ പദ്ധതികൾ ഇരുവരും പ്ലാൻ ചെയ്തു. ഇരുവർക്കും ഒരേപോലെ ഇഷ്ടമാകുന്ന ഒരു ഇടം താമസത്തിനായി കണ്ടെത്തണമെന്നായിരുന്നു തീരുമാനം.
ഇതിനായി പണം സമ്പാദിക്കാനുള്ള പദ്ധതികളും ഇരുവരും ചേർന്ന് തയ്യാറാക്കിയിരുന്നു. ഇക്കാര്യത്തെക്കുറിച്ച് തങ്ങൾ പതിവായി സംസാരിക്കാറുണ്ടായിരുന്നു എന്നും യുവതി പറയുന്നുണ്ട്. ഒടുവിൽ ഈ വർഷം വിവാഹം നടത്താൻ തീരുമാനമായി. അതിനായുള്ള തയാറെടുപ്പുകൾ നടക്കുന്നതിനിടെയാണ് ഒരുമിച്ച് ഒരു വീട് വാങ്ങണമെന്ന തീരുമാനം മറികടന്ന് വരൻ അദ്ദേഹത്തിന്റെ അമ്മയുമായി ചേർന്ന് ഒരു വീട് വാങ്ങിയ കാര്യം യുവതി അറിഞ്ഞത്. അത് തന്നിൽ നിന്നും മറച്ചുവച്ചത് ഉൾക്കൊള്ളാൻ യുവതിക്ക് സാധിച്ചില്ല.
വാടകവീട്ടിൽ താമസം തുടരാൻ താൽപര്യപെടുന്നില്ല എന്നതിനാൽ വരന്റെ അമ്മ തന്നെയാണ് പുതിയ ഒരു വീട് കണ്ടെത്തിയത്. വീടിന്റെ പാതി വില നൽകാൻ മകനെ അവർ പ്രേരിപ്പിക്കുകയും ചെയ്തു. വീട് വാങ്ങിയതിനെക്കുറിച്ച് ചോദ്യം ചെയ്തപ്പോഴാകട്ടെ വിവാഹശേഷം ഈ വീട്ടിൽ ഒരുമിച്ച് താമസമാക്കാം എന്നായിരുന്നു വരന്റെ മറുപടി. ഒരുമിച്ച് തുക ചെലവഴിച്ച് ഒരു വീട് വാങ്ങാൻ തീരുമാനിച്ചിരുന്ന സ്ഥാനത്ത് വരന്റെയും അമ്മയുടെയും പണംകൊണ്ടു വാങ്ങിയ വീട്ടിൽ താമസിക്കാൻ യുവതി തയാറായില്ല. വരൻ വാങ്ങിച്ച വീട്ടിൽ എക്കാലവും ഇനി അദ്ദേഹത്തിന്റെ അമ്മയും ഉണ്ടാകുമെന്ന സാഹചര്യവും യുവതിയെ ചൊടിപ്പിച്ചിരുന്നു.
ഇക്കാര്യങ്ങൾ പറഞ്ഞപ്പോഴാകട്ടെ ആഗ്രഹിച്ച പോലെ ഒരു വീടു കണ്ടെത്താൻ പണം സമ്പാദിക്കാൻ ഏറെ കാലതാമസമെടുക്കുന്നതിൽ തനിക്ക് അതൃപ്തിയുണ്ടെന്നായിരുന്നു വരന്റെ വിശദീകരണം. എളുപ്പത്തിൽ ഒരു വീടു വാങ്ങാൻ അമ്മ വഴി ഒരുക്കിയതോടെ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല എന്നും അദ്ദേഹം യുവതിയെ അറിയിച്ചു. തന്റെ അറിവോ സമ്മതമോ ഇല്ലാതെ ജീവിതത്തെക്കുറിച്ച് ഇത്തരം ഒരു തീരുമാനം പങ്കാളി എടുത്തതോടെ മുന്നോട്ടുള്ള ജീവിതത്തിലും സമാന സാഹചര്യങ്ങൾ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്താണ് വിവാഹം വേണ്ടെന്ന് വച്ചത്. അതേസമയം വെറുമൊരു വീടിന്റെ പേരിൽ വിവാഹം വേണ്ടെന്നു വയ്ക്കുകയാണെന്ന തരത്തിൽ വരന്റെ വീട്ടുകാരും തന്റെ മാതാപിതാക്കളും കുറ്റപ്പെടുത്തുന്നുണ്ടെന്നും യുവതി വെളിപ്പെടുത്തി.
എന്നാൽ താൻ വഞ്ചിക്കപ്പെട്ടു എന്ന യുവതിയുടെ തോന്നൽ സ്വാഭാവികമാണെന്നും തീരുമാനത്തിൽ തെറ്റില്ല എന്നുമാണ് ഭൂരിഭാഗം ആളുകളും പ്രതികരണങ്ങളിൽ അറിയിക്കുന്നത്. ജീവിതപങ്കാളികൾ ഒരുമിച്ച് ചേർന്ന് ഒരു വീട് വാങ്ങുന്നതും മാതാപിതാക്കൾക്കൊപ്പം ചേർന്ന് വീട് വാങ്ങുന്നതും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്ന് മനസ്സിലാക്കാൻ പറ്റാത്ത കുടുംബങ്ങൾക്കൊപ്പം ജീവിക്കാതിരിക്കുന്നതാണ് നല്ലതെന്ന് പലരും ഓർമ്മിപ്പിക്കുന്നുണ്ട്. അൽപകാലത്തിനുശേഷം അമ്മയുമൊന്നിച്ചുള്ള താമസം ബുദ്ധിമുട്ടായി തോന്നിയാലും വൻതുക പുതിയ വീടിനായി ചെലവഴിച്ചതിനാൽ യുവതിക്കൊപ്പം ചേർന്ന മറ്റൊരു വീട് വാങ്ങാൻ പങ്കാളിക്ക് ആകുമായിരുന്നില്ല എന്ന് മറ്റു ചിലർ ചൂണ്ടിക്കാട്ടുന്നു. ഇവയെല്ലാം പരിഗണിക്കുമ്പോൾ യുവതിയെടുത്ത തീരുമാനം നൂറു ശതമാനം ശരിയാണെന്നാണ് ഭൂരിഭാഗം ആളുകളും കമന്റ് ബോക്സിൽ കുറിക്കുന്നത്.