ചാംപ്യൻസ് ട്രോഫി വിജയത്തിനു പിന്നാലെ ഇന്ത്യയ്ക്ക് തിരിച്ചടി; ടീമിന്റെ നിർണായക സ്ഥാനത്തുനിന്ന് രാജി, കാരണം അവ്യക്തം- വിഡിയോ

Mail This Article
മുംബൈ∙ ചാംപ്യൻസ് ട്രോഫി കിരീടനേട്ടത്തിന്റെ അലയൊലികൾ അടങ്ങും മുൻപേ, ഇന്ത്യൻ ടീമിന്റെ സപ്പോർട്ടിങ് സ്റ്റാഫിലെ നിർണായക സ്ഥാനത്തുനിന്ന് രാജി. ജയ് ഷാ ബിസിസിഐ സെക്രട്ടറിയായിരിക്കെ തുടക്കമിട്ട സ്പോർട്സ് സയൻസ് വിഭാഗത്തിന്റെ തലവൻ നിതിൻ പട്ടേലാണ് സ്ഥാനം രാജിവച്ചത്. പരുക്കേൽക്കുന്ന ഇന്ത്യൻ താരങ്ങളുടെ വിദഗ്ധ ചികിത്സയും ജോലിഭാരം ക്രമീകരിക്കുന്നതും ഉൾപ്പെടെ നിർണായക ഉത്തരവാദിത്തങ്ങൾ വഹിച്ചിരുന്ന വ്യക്തിയാണ് നിതിൻ പട്ടേൽ. ചാംപ്യൻസ് ട്രോഫിക്കു തൊട്ടുപിന്നാലെ നിതിൻ രാജിവച്ചൊഴിയാനുള്ള കാരണം വ്യക്തമല്ല.
ഇന്ത്യൻ ടീമിന്റെയും ഐപിഎലിൽ മുംബൈ ഇന്ത്യൻസിന്റെയും മുൻ ഫിസിയോ കൂടിയാണ് നിതിൻ പട്ടേൽ. ഇതിനകം ബിസിസിഐ ഉന്നതർക്ക് രാജിക്കത്ത് സമർപ്പിച്ച നിതിൻ, നിലവിൽ നോട്ടിസ് പീരിയഡിലാണെന്ന് ‘ക്രിക്ബസ്’ റിപ്പോർട്ട് ചെയ്തു. നിതിൻ അധികം വൈകാതെ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി (എൻസിഎ) വിടുമെന്നാണ് റിപ്പോർട്ട്. നിതിൻ പട്ടേലിന്റെ പകരക്കാരനെ കണ്ടെത്താനായി ബിസിസിഐ മാധ്യമങ്ങളിൽ ഉൾപ്പെടെ പരസ്യം നൽകും.
ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ (ഇപ്പോൾ സെന്റർ ഓഫ് എക്സലൻസ്) തലവനായ മുൻ ഇന്ത്യൻ താരം വി.വി.എസ്. ലക്ഷ്മണിന് നേരിട്ടാണ് നിതിൻ പട്ടേൽ റിപ്പോർട്ട് ചെയ്തിരുന്നത്. 2022 ഏപ്രിലിൽ ചുമതലയേറ്റ നിതിൻ, ഇതിനിടെ ഒട്ടേറെ പ്രമുഖ താരങ്ങളുടെ ചികിത്സയ്ക്ക് മേൽനോട്ടം വഹിച്ചു. ഇതിനിടെ നിരവധി താരങ്ങളുടെ ജോലിഭാരം ക്രമീകരിക്കുന്നതിലും നിർണായക പങ്കുവഹിച്ചു.
ജസ്പ്രീത് ബുമ്ര, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ തുടങ്ങി പരുക്കിന്റെ പിടിയിലായ ഇന്ത്യൻ ടീമിലെ പ്രമുഖരുടെ ചികിത്സയ്ക്ക് മേൽനോട്ടം വഹിച്ചത് നിതിൻ പട്ടേലായിരുന്നു. ഒരു വർഷത്തിലധികം നീണ്ട ഇടവേളയ്ക്കു ശേഷം രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ മുഹമ്മദ് ഷമിയുടെ ചികിത്സയും നിതിൻ പട്ടേലിന്റെ മേൽനോട്ടത്തിലായിരുന്നു. ഇപ്പോൾ ടീമിൽനിന്ന് വിട്ടുനിൽക്കുന്ന ജസ്പ്രീത് ബുമ്രയുടെ ചികിത്സയ്ക്കു മേൽനോട്ടം വഹിച്ചിരുന്നതും നിതിനാണ്.
പുതിയതായി രൂപീകരിച്ച സ്പോർട്സ് സയൻസ് വിഭാഗം നിതിൻ പട്ടേലിനു കീഴിൽ ഏറ്റവും മികച്ച രീതിയിലാണ് പ്രവർത്തിച്ചിരുന്നത്. ബിസിസിഐ നേതൃത്വത്തിലെ ഉന്നതർപോലും പലപ്പോഴും ഇക്കാര്യം തുറന്നുപറഞ്ഞിരുന്നു.
2023ലെ ഏകദിന ലോകകപ്പിനു മുന്നോടിയായി ശ്രേയസ് അയ്യർ, ജസ്പ്രീത് ബുമ്ര എന്നിവരെ മത്സരസജ്ജരാക്കിയത് സ്പോർട്സ് സയൻസ് വിഭാഗത്തിന്റെ മികവായാണ് പരിഗണിക്കപ്പെട്ടത്. ന്യൂസീലൻഡിലും ഇംഗ്ലണ്ടിലും ശസ്ത്രക്രിയയ്‌ക്ക് വിധേയരായ ഇരുവരും കൃത്യസമയത്ത് ഫിറ്റ്നസ് വീണ്ടെടുത്തത് പട്ടേൽ ഉൾപ്പെടെയുള്ളവരുടെ ശ്രമഫലമായിട്ടായിരുന്നു. ലോകകപ്പ് ഫൈനലിലേക്കുള്ള ഇന്ത്യയുെട കുതിപ്പിൽ ഇരുവരുടെയും പ്രകടനം നിർണായകമാകുകയും ചെയ്തു.