‘ദ് ഹണ്ട്രഡ്’ ടൂർണമെന്റിൽ റജിസ്റ്റർ ചെയ്ത 50 പാക്ക് താരങ്ങൾക്കും പൂർണ അവഗണന; പിന്നിൽ ഐപിഎൽ ടീം ഉടമകൾ?

Mail This Article
ലണ്ടൻ∙ ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ ‘ദ് ഹണ്ട്രഡ്’ ഡ്രാഫ്റ്റിൽ വാങ്ങാൻ ആളില്ലാതെ 50 പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ തഴയപ്പെട്ടതിനു പിന്നിൽ ഐപിഎലിനും പങ്ക്? ഇത്രയധികം പാക്കിസ്ഥാൻ താരങ്ങൾ ടൂർണമെന്റിൽ കളിക്കാൻ താൽപര്യം അറിയിച്ചിട്ടും, ഒരാളേപ്പോലും ടീമിലെടുക്കാൻ ആരും തയാറാകാതിരുന്നത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇതിനിടെയാണ്, പാക്കിസ്ഥാൻ താരങ്ങൾ നേരിട്ട അവഗണനയ്ക്കു പിന്നിൽ ഐപിഎലിന്റെ പങ്കും ചർച്ചയാകുന്നത്. ടൂർണമെന്റിൽ പങ്കെടുക്കുന്ന മികച്ച ടീമുകളിലും ഐപിഎൽ ടീമുകൾക്ക് പങ്കാളിത്തമുള്ളതുകൊണ്ടാണ് പാക്കിസ്ഥാൻ താരങ്ങളെ തഴഞ്ഞതെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഓവൽ ഇൻവിസിബിൾസിൽ മുംബൈ ഇന്ത്യൻസിനും മാഞ്ചസ്റ്റർ ഒറിജിനൽസിൽ ലക്നൗ സൂപ്പർ ജയന്റ്സിനും നോർത്തേൺ സൂപ്പർചാർജേഴ്സിൽ സൺറൈസേഴ്സ് ഹൈദരാബാദിനും സതേൺ ബ്രേവിൽ ഡൽഹി ക്യാപിറ്റൽസിനും ഓഹരി പങ്കാളിത്തമുണ്ട്. ഇവർക്കു പുറമേ വെൽഷ് ഫയർ എന്ന ടീമിൽ ഇന്തോ–അമേരിക്കൻ സംരംഭകനായ സഞ്ജയ് ഗോവിലിന് 50 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. സിലിക്കൺവാലിയിലെ ടെക് സംരംഭകരുടെ കൺസോർഷ്യമായ ക്രിക്കറ്റ് ഇൻവെസ്റ്റർ ഹോൾഡിങ്സ് ലിമിറ്റഡിന് ലണ്ടൻ സ്പിരിറ്റ് ടീമിലും 49 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.
ഇത്രയധികം ഐപിഎൽ ടീമുകൾക്ക് ഓഹരി പങ്കാളിത്തമുള്ള ടൂർണമെന്റ് എന്ന നിലയിൽ, പാക്കിസ്ഥാൻ താരങ്ങൾക്ക് നേരിട്ട അവഗണനയെ അതുമായി ചേർത്തുവായിക്കുന്നവർ ഒട്ടേറെയുണ്ട്. ഇതിനു പുറമേ, ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ പാക്കിസ്ഥാൻ താരങ്ങൾ പൊതുവേ ഫോമിലല്ലെന്നതും ടീമുകൾ കണക്കിലെടുത്തിട്ടുണ്ടെന്നാണ് വിലയിരുത്തൽ. സമീപകാലത്ത് കളിച്ച ടൂർണമെന്റുകളിലൊന്നും ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാൻ പാക്കിസ്ഥാൻ താരങ്ങൾക്ക് സാധിച്ചിട്ടില്ല. മാത്രമല്ല, പാക്കിസ്ഥാൻ ആതിഥ്യം വഹിച്ച ചാംപ്യൻസ് ട്രോഫിയിൽ പോലും നോക്കൗട്ടിലെത്താതെ പാക്ക് ടീം പുറത്തായിരുന്നു.
ഇതിനു പുറമേ, കഴിഞ്ഞ സീസണിൽ വിവിധ ടീമുകളിൽ ഉൾപ്പെടുത്തിയ താരങ്ങൾക്ക് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിൽനിന്ന് (പിസിബി) എൻഒസി ലഭിക്കുന്നതിൽ നേരിട്ട പ്രയാസവും ടീമുകളെ ഇത്തവണ പുനർവിചിന്തനത്തിന് പ്രേരിപ്പിച്ചെന്നാണ് വിവരം. നസീം ഷാ, ഷഹീൻ ഷാ അഫ്രീദി തുടങ്ങിയവർക്ക് കഴിഞ്ഞ തവണ എൻഒസി ലഭിച്ചിരുന്നില്ല. തുടർന്ന് ഇവർക്ക് ടൂർണമെന്റിൽ പങ്കെടുക്കാനുമായില്ല. ഇത്തരം അനാവശ്യ പ്രശ്നങ്ങളിലേക്ക് നീങ്ങേണ്ടതില്ലെന്ന തീരുമാനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ടീമുകൾ പാക്ക് താരങ്ങൾക്കായി ശ്രമിക്കാതിരുന്നതെന്നാണ് വിവരം.
‘ഹണ്ട്രഡ്’ ടൂർണമെന്റ് നടക്കുന്ന സമയത്തു തന്നെ പാക്ക് ക്രിക്കറ്റ് ടീമിനു രാജ്യാന്തര മത്സരങ്ങളുണ്ട്. പാക്ക് താരങ്ങളെ മത്സരങ്ങൾക്കു കൃത്യമായി ലഭിക്കാൻ സാധ്യതയില്ലാത്തതും പല ഫ്രാഞ്ചൈസികൾക്കും താൽപര്യം കുറയാൻ കാരണമായി.
∙ ഡ്രാഫ്റ്റിൽ 50 പാക്ക് താരങ്ങൾ, എല്ലാവർക്കും അവഗണന
ആകെ 50 പാക്ക് താരങ്ങളാണ് പുരുഷ, വനിതാ ടൂർണമെന്റുകളിൽ അവസരത്തിനായി പാക്കിസ്ഥാനിൽനിന്ന് റജിസ്റ്റർ ചെയ്തത്. 45 പുരുഷ താരങ്ങളും അഞ്ച് വനിതാ താരങ്ങളും അടുത്ത സീസണിൽ കളിക്കാൻ ഡ്രാഫ്റ്റിൽ വന്നെങ്കിലും ഒരു ടീമും ഇവരെ വാങ്ങിയില്ല. ചാംപ്യൻസ് ട്രോഫിയിലെ ദയനീയ പ്രകടനത്തിനു പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റിലെ ‘സൂപ്പർ’ താരങ്ങളടക്കം ഹണ്ട്രഡ് ഡ്രാഫ്റ്റിൽ നാണം കെട്ടത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു.
പാക്കിസ്ഥാൻ സീനിയർ ടീമിലെ താരങ്ങളായ ഇമാദ് വാസിം, സയിം അയൂബ്, ഷദബ് ഖാൻ, ഹസൻ അലി, നസീം ഷാ തുടങ്ങിയ താരങ്ങൾ ഹണ്ട്രഡിൽ വൻ തുക ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. വനിതാ താരങ്ങളിൽ ആലിയ റിയാസ്, ഫാതിമ സന, യുസ്ര ആമിർ, ഇറം ജാവേദ്, ജവരിയ റൗഫ് എന്നിവർക്കും ഡ്രാഫ്റ്റിൽ ആവശ്യക്കാരുണ്ടായില്ല.