ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും അവയുടെ ഭീകരമുഖം വെളിവാക്കി തുടങ്ങിയിട്ട് കുറച്ചുകാലങ്ങളായി. അതിന്റെ പ്രത്യാഘാതങ്ങൾ അനുദിനം പരിസ്ഥിതിയിൽ പ്രകടമാകുന്നുമുണ്ട്. ഈ സാഹചര്യം ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തുന്നത് ധ്രുവ പ്രദേശങ്ങളിലാണ്. ഏറ്റവുമൊടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ആഗോളതലത്തിലെ സമുദ്ര മഞ്ഞുപാളികളുടെ വ്യാപ്തി ഫെബ്രുവരിയിൽ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയിട്ടുണ്ട്. ഉത്തരധ്രുവത്തിനടുത്ത് താപനില ശരാശരിയേക്കാൾ 11 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന സാഹചര്യമാണ് ഇതിലേക്ക് നയിച്ചത്.

യൂറോപ്പിലെ കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. കടന്നുപോയത് ഏറ്റവും ചൂടേറിയ മൂന്നാമത്തെ ഫെബ്രുവരി മാസമാണെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു. ഹരിതഗൃഹ വാതകങ്ങളുടെ ഉദ്വമനം തന്നെയാണ് ആഗോളതാപനില ക്രമാതീതമായി വർധിക്കുന്നതിന് പിന്നിലെ പ്രധാനകാരണം. ആർട്ടിക്കിലെയും അന്റാർട്ടിക്കിലെയും സമുദ്ര മഞ്ഞുപാളികൾ ഒന്നായി ചേർത്ത് കണക്കിലെടുത്തമ്പോൾ ആഗോളതലത്തിൽ പ്രതിദിന സമുദ്ര ഹിമത്തിന്റെ വ്യാപ്തി ഫെബ്രുവരി ആദ്യം എക്കാലത്തെയും താഴ്ന്ന നിലയിലാവുകയായിരുന്നു.

ആർട്ടിക് സമുദ്രത്തിലെ ഹിമപാളികളുടെ മാത്രം കാര്യം എടുത്താൽ ഫെബ്രുവരി മാസത്തിൽ ശരാശരിയെക്കാൾ എട്ട് ശതമാനം താഴെയായിരുന്നു വ്യാപ്തി. അന്റാർട്ടിക്ക് സമുദ്രത്തിലെ ഹിമപാളികളുടെ വ്യാപ്തിയാവട്ടെ ശരാശരേക്കാൾ 26 ശതമാനം താഴെയായി. ഭൂമി ഒന്നടങ്കം അനുഭവപ്പെടുന്ന ഉയർന്ന താപനിലയുടെ ഏറ്റവും ഭീകരമായ അനന്തരഫലം സമുദ്ര ഹിമം ഉരുകുന്നതാണെന്ന് യൂറോപ്യൻ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റ്‌സിലെ സാമന്ത ബർഗെസ് പറയുന്നു. 

എന്നാൽ മഞ്ഞുരുക്കത്തിന്റെ അനന്തരഫലം ഹിമപ്രദേശങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. ആഗോളതലത്തിൽ ആവാസ വ്യവസ്ഥയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഇതിലൂടെ ഉണ്ടാവും. സൂര്യപ്രകാശത്തെ വലിയതോതിൽ പ്രതിഫലിപ്പിക്കുന്ന മഞ്ഞും ഐസും ഉരുകി സമുദ്രത്തിന്റെ ഭാഗമാകുന്നതോടെ സൗരോർജം അത്രയും കൂടി ഉയർന്ന അളവിൽ സമുദ്രജലം ആഗിരണം ചെയ്യും. ഇത് ആഗോളതാപനത്തിന്റെ വേഗത വർധിപ്പിക്കുമെന്നതും ആശങ്കാജനകമാണ്. 

അന്തരീക്ഷ താപനിലയും സമുദ്രത്തിലെ ചൂടും വർദ്ധിക്കുന്നതുമൂലം ദക്ഷിണാർദ്ധ ഗോളത്തിലെ ശൈത്യകാലത്ത് അന്റാർട്ടിക്കയിൽ പുതിയതായി ഉണ്ടാവുന്ന ഐസിന്റെ അളവിലും കാര്യമായ കുറവ് വരുമെന്ന് യുകെയിലെ നാഷണൽ ഓഷ്യാനോഗ്രഫി സെന്ററിലെ പ്രഫസറായ സൈമൺ ജോസി മുന്നറിയിപ്പ് നൽകുന്നുണ്ട്. കടൽ മഞ്ഞുപാളികളിൽ ഉണ്ടാകുന്ന ഈ വലിയ മാറ്റം ലോകം ഇനി കൂടുതൽ ചൂടേറിയ കാലത്തിന് സാക്ഷ്യം വഹിക്കാൻ പോകുന്നു എന്നതിന്റെ സൂചനയായാണ് ഗവേഷകർ കണക്കാക്കുന്നത്. ആഗോളതാപന നിരക്ക് രണ്ട് ഡിഗ്രി സെൽഷ്യസ് എന്ന കണക്കിനെ മറികടക്കുകയാണെങ്കിൽ വേനൽക്കാലത്ത് ആർട്ടിക് പ്രദേശത്ത് ഐസ് രഹിതമായ അവസ്ഥ വരെ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടൽ.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com