ട്രെൻഡിങ് പ്രണയപ്പാട്ടിനൊപ്പം ചുവടുവച്ച് രഞ്ജിനി കുഞ്ചു, നിറഞ്ഞാടി അഭിഷേകും; വൈറൽ

Mail This Article
നർത്തകി, റിയാലിറ്റി ഷോ താരം, ഫിറ്റ്നസ്സ് ട്രെയിനർ എന്നീ നിലകളിൽ ശ്രദ്ധേയയായ രഞ്ജിനി കുഞ്ചു പങ്കുവച്ച റീൽ വിഡിയോ ആസ്വാദകശ്രദ്ധ നേടുന്നു. അഭിഷേക് ഉദയകുമാറിനൊപ്പമുള്ള രഞ്ജിനിയുടെ മനോഹര ചുവടുകളാണ് വിഡിയോയിൽ കാണാനാകുക. ‘ഡ്രാഗൺ’ എന്ന ചിത്രത്തിലെ ‘വഴിത്തുണയെ’ എന്ന ഹിറ്റ് പാട്ടിനൊപ്പമാണ് ഇരുവരും ചുവടുവച്ചത്.
രഞ്ജിനിയുടെയും അഭിഷേകിന്റെയും ചടുലമായ പ്രകടനം ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. നിരവധി പേരാണ് പ്രതികരണങ്ങൾ അറിയിക്കുന്നത്. മുഹമ്മദ് ആഷിഖ് ആണ് ചിത്രീകരണത്തിനു പിന്നിൽ. ഡ്രാഗണിലെ ഈ ഗാനത്തിൽ മനസ്സ് മുഴുകിയിരിക്കുകയാണെന്ന പ്രതികരണത്തോടെയാണ് രഞ്ജിനി കുഞ്ചു റീൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നടൻ സണ്ണി വെയിന്റെ പങ്കാളിയായ രഞ്ജിനിയുടെ ഡാന്‍സ് കവറുകള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്.
‘ഡ്രാഗൺ’ എന്ന ചിത്രത്തിനു വേണ്ടി സിദ് ശ്രീറാം, സഞ്ജന എന്നിവർ ചേർന്നാലപിച്ച പ്രണയഗാനമാണ് ‘വഴിത്തുണയെ’. വിഗ്നേശ് ശിവൻ, കെ.ഒ.ശേഷ എന്നിവർ വരികൾ കുറിച്ച പാട്ടിന് ലിയോൺ ജെയിംസ് ഈണമൊരുക്കി. 6 മില്യനിലേറെ ആസ്വാദകരെ സ്വന്തമാക്കിയ ഗാനം പുറത്തിറങ്ങിയപ്പോൾ മുതൽ ട്രെൻഡിങ്ങിൽ ആണ്. യുവ നടനായ പ്രദീപ് രംഗനാഥനും നടിയും മോഡലുമായ കായഡു ലോഹറുമാണ് ഗാനരംഗത്തിൽ. പാട്ടിന്റെ തെലുങ്ക് പതിപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.