തത്തമംഗലം അങ്ങാടീന്ന് കുതിര വണ്ടീൽക്കേറി. ചൊകല കുതിര മതീന്ന് ഞാൻ ശാഠ്യം പിടിച്ചു. അതിന്റെ കറുത്ത വാൽക്കൂട്ടത്തിന്റെ ചന്തം ഒന്ന് കാണേന്നെ വേണം. വണ്ടീടെ മുന്നിൽ കുതിരക്കാരന്റെ ഒപ്പം ഞാൻ. കുതിരയുടെ പുറം തലോടാൻ നല്ല രസാ! ഇത്തിരീംകൂടി മുമ്പ് ജനിച്ചിട്ട്ണ്ടായിരുന്നെങ്കിൽ കുതിരപ്പുറത്തന്നെ പോവായിരുന്നു. പെട്ടികളും അമ്മേം വണ്ടീടെ കുതിരയില്ലാപ്പുറം വരെ നീണ്ടു കിടന്നു. അച്ഛൻ വാളും പരിചയും ഇല്ലാതെ പിന്നിൽ നടന്നു. കൊങ്ങൻ പട കുതിരയോട്ടം അങ്ങാടീല് ഞാൻ ഇതിന് മുമ്പ് കണ്ട്ട്ട്‌ണ്ട്. അതിന്റെ ഒരു ഓർമേല് വണ്ടിയിൽ ഇരിപ്പും പിടിച്ചു. ക്രിസ്മസിന് സ്കൂൾ പൂട്ടിയ അവധിക്ക് പത്തീസം അച്ഛന്റെ അവിടയാ. ഇപ്രാവശ്യം വേറൊരു ഗുലുമാലും ഉണ്ട്. ശാസ്താപ്രീതിക്ക് ഗ്രാമത്തിലെ തേരിന് എന്റെ കച്ചേരി അരങ്ങേറ്റം ആണ്. അതോണ്ട് അവധിക്ക് ഒരു ആധി വന്നു ചേർന്നു. കുറച്ച് ദൂരം പാടവരമ്പത്ത് കൂടി പോണം. ഗൊറില്ലാ കുരങ്ങുകളെ പോലെ കരിമ്പനകൾ ഒരു വശത്ത്. അവിടവിടെയായി ഓട് മേഞ്ഞ വീടുകൾ. ഓടിന്റെ മൂലേം, വീടിന്റെ ചുമരും വെള്ളേല് നീലയാണോ നീലേല് വെള്ളയാണോ ചേർത്തത് എന്ന് സംശയിക്കത്തക്ക തരത്തില്‍ പെയ്ന്റ് അടിച്ചത് കാണാം. ‘‘എന്താണ്ടാ, വീട്ടിക്ക് വര്ണില്ല്യേ?’’ അച്ഛൻ ഉറക്കെ ചോദിക്കണ കേട്ടു. കറുത്ത മുണ്ടുടുത്ത്, പല്ല് ചുവപ്പിച്ച് കൊണ്ടൊരു ആലാപനം ദൂരേന്ന് വന്നു. ‘‘നാളെ വരാട്ടോളിൻ’’ ചെന്താമരയാണ്. എന്താ ശബ്ദംന്നറിയോ? മൂത്താരുടെ തൊണ്ടേന്നല്ല, വേറെ ഏതോ ഒരു ബോഡി പാർട്ടിൽ നിന്ന് വരീന്ന പോലത്തെ ഒരു ഒച്ചയാ. അസ്സൽ. ചെന്താമരയും കൂട്ടരും നായാടികളാണ്. സംഗീതത്തിൽ അഗ്രഗണ്യർ. മൂന്നാം നാളാണ് കച്ചേരി. അതായത് എന്റെ so called അരങ്ങേറ്റം. രാജലക്ഷമി ടീച്ചർ വയലിൻ വേണ്ട, ഹാർമോണിയം മതി, അത് വായിക്കാം കച്ചേരിക്ക് എന്ന് പറഞ്ഞു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com