ഉപദേശത്തിന് കുറവില്ല, പൊലീസ് ജീപ്പിലോ തേഞ്ഞ ടയറുകൾ; ഉന്തുവണ്ടി കച്ചവടക്കാരൻ മരിക്കാനിടയായ സംഭവം ഇങ്ങനെ

Mail This Article
മാനന്തവാടി ∙ വള്ളിയൂർക്കാവിൽ ഉന്തുവണ്ടി കച്ചവടക്കാരനായ ശ്രീധരന്റെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയ അപകടത്തിന് കാരണം പൊലീസ് ജീപ്പിന്റെ തേഞ്ഞ് തീർന്ന ടയറുകളെന്ന് ആക്ഷേപം. സാധാരണ നല്ല തിരക്കുള്ള വള്ളിയൂർക്കാവ് കവലയിലെ ആൽത്തറയിൽ അപകട സമയത്ത് കൂടുതൽ ആളുകൾ ഇല്ലാത്തതാണ് മരണസംഖ്യ ഒന്നിൽ ഒതുങ്ങാൻ ഇടയാക്കിയത്. അപകടത്തിന് കാരണം പൊലീസ് വാഹനത്തിന്റെ തേഞ്ഞ ടയറുകളും അമിത വേഗവും ആണെന്ന് ആരോപിച്ച് നാട്ടുകാർ ഏറെനേരം പ്രതിഷേധം ഉയർത്തി. നിയന്ത്രണം വിട്ട് വഴിയോര കച്ചവടക്കാരനായ ശ്രീധരനെ ഇടിച്ചു തെറിപ്പിച്ച പൊലീസ് ജീപ്പ് ആൽമരത്തിന്റെ തറയിൽ ഇടിച്ച് തലകുത്തനെയാണ് നിന്നത്. അപകടം നടന്ന ഉടൻ വാഹനം മാറ്റാൻ ശ്രമിച്ചതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ആർടിഒ വരാതെ വാഹനം നീക്കാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാർ. ചെറ്റപ്പാലം ബൈപാസ് മാനന്തവാടി കൈതയ്ക്കൽ റോഡിൽ ചേരുന്ന ഈ കവലയിൽ റോഡിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യം അധികൃതർ അവഗണിച്ചതിലും പ്രതിഷേധം ഉയർന്നു.
എംവിഐ പി.വി.ബിജു സ്ഥലത്തെത്തിയെങ്കിലും വാഹനം തലകീഴായി കിടക്കുന്നതിനാൽ പരിശോധന നടത്താനാകില്ലെന്ന് അറിയിച്ചു. തുടർന്നാണ് ക്രെയിൻ ഉപയോഗിച്ച് വാഹനം നീക്കിയത്. എസ്എച്ച്ഒ ടി.എ.അഗസ്റ്റിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. തേഞ്ഞ് തീർന്ന ടയറുകളുള്ള വാഹനങ്ങൾ ബ്രേക്ക് ചെയ്താൽ വാഹനം നിൽക്കുന്നതിന് പകരം റോഡിൽ തെന്നി നിയന്ത്രണം വിടുന്നതാണ് അപകടത്തിന് കാരണമാവുന്നത്. ഇതിനെതിരെ എപ്പോഴും പ്രചാരണം നടത്തുന്ന പൊലീസിന്റെ ജീപ്പ് തന്നെയാണ് അപകടത്തിൽ പെട്ടത്.
അമ്പലവയൽ പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപെട്ടത്. കവർച്ചക്കേസ് പ്രതിയെ കൊണ്ട് പോകുമ്പോഴായിരുന്നു അപകടം. സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ കെ.ബി.പ്രശാന്ത്, ജോളി സാമുവൽ, വി.കൃഷ്ണൻ എന്നിവരും ജീപ്പിൽ ഉണ്ടായിരുന്നു. പരുക്കേറ്റവരെ ഉടൻ തന്നെ അഗ്നിരക്ഷാ നിലയത്തിന്റെ ആംബുലൻസിൽ വയനാട് ഗവ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ശ്രീധരനെ രക്ഷിക്കാനായില്ല. ജീപ്പിലുണ്ടായിരുന്ന 4 പേർക്കും പരുക്കുണ്ട്.
പൊലീസ് ജീപ്പ് ഇടിച്ച് കച്ചവടക്കാരൻ മരിച്ചു; അപകടം നിയന്ത്രണം വിട്ട ജീപ്പ് ഉന്തുവണ്ടിയിൽ ഇടിച്ചു മറിഞ്ഞ്

മാനന്തവാടി ∙ നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് മറിഞ്ഞ് വഴിയോരക്കച്ചവടക്കാരൻ മരിച്ചു. വള്ളിയൂർക്കാവിനു സമീപത്തെ ആൽമരച്ചുവട്ടിൽ ഉന്തുവണ്ടിയിൽ പച്ചക്കറി കച്ചവടം നടത്തുന്ന വള്ളിയൂർക്കാവ് കാവുകുന്ന് തോട്ടുങ്കൽ ശ്രീധരൻ (65) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. കണ്ണൂരിൽനിന്നു പ്രതിയുമായി ബത്തേരിയിലേക്ക് പോവുകയായിരുന്ന അമ്പലവയൽ സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽ പെട്ടത്.
ജീപ്പിലുണ്ടായിരുന്ന സിപിഒമാരായ കെ.ബി.പ്രശാന്ത്, ജോളി സാമുവൽ, വി.കൃഷ്‌ണൻ, പ്രതി തലശ്ശേരി മാഹി സ്വദേശി പ്രബീഷ് എന്നിവരെ പരുക്കുകളോടെ വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാറ്റൽമഴ പെയ്തുകൊണ്ടിരിക്കെയെത്തിയ ജീപ്പ് നിയന്ത്രണം വിട്ട് ഉന്തുവണ്ടിയിൽ ഇടിച്ച് മറിയുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
കാലപ്പഴക്കം ചെന്ന ജീപ്പിന്റെ ടയറുകൾ തേഞ്ഞു തീർന്ന നിലയിലായിരുന്നു. ആൽമരത്തറയിൽ തലകുത്തി നിന്നിരുന്ന പൊലീസ് ജീപ്പ് അപകടം നടന്ന് ഏറെ കഴിയുംമുൻപുതന്നെ മാറ്റാൻ ശ്രമിച്ചതോടെ നാട്ടുകാർ പ്രതിഷേധം ഉയർത്തി. ലീലയാണ് ശ്രീധരന്റെ ഭാര്യ. മക്കൾ: മനോജ്, പ്രമോദ്, വിനോദ്, ഷീബ, റീന. മരുമക്കൾ: ജിഷ, രജിത, രാജി, ശരത്ത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തൃശ്ശിലേരി ശാന്തികവാടത്തിൽ.