മുതുകിൽ താമരയുമായി പറക്കുന്ന ഹിമാലയത്തിലെ വിചിത്ര ജീവി! | Fact Check
.jpg?w=1120&h=583)
Mail This Article
ഹിമാലയൻ മലനിരകളിൽ കാണുന്ന ലോട്ടസ് മാന്റിസ് എന്ന ഷഡ്പദത്തിന്റേതെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മഞ്ഞ് മൂടിയ പ്രദേശത്ത്, കറുത്ത ഗ്ലൗസണിഞ്ഞ കൈയ്യിലേക്ക് പറന്നുവന്നിരിക്കുന്ന ഒരു പ്രാണിയെ വിഡിയോയിൽ കാണാം. പുറത്ത് വെള്ള താമര വിരിഞ്ഞതുപോലെയാണ് ഇതിന്റെ ശരീരം. എന്നാൽ, പ്രചരിക്കുന്നതുപോലൊരു പ്രാണി നിലവിലുള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. വിഡിയോയുടെ വാസ്തവമറിയാം.
∙ അന്വേഷണം
തൊഴും പ്രാണിവംശത്തിൽപ്പെടുന്ന ഒരു ഷഡ്പദം പോലെയാണ് വിഡിയോയിലെ പ്രാണിയെ കാണാൻ. 'Lotus Mantis- A rare insect disguised as a Lotus flower living high in the mountains' എന്നാണ് പ്രചരിക്കുന്ന ചില വിഡിയോകളിൽ എഴുതിയിട്ടുള്ളത്. കീവേർഡുകള്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ, ഈ പേരില്‍ ഒരു പ്രാണിയില്ല എന്നാണ് കണ്ടെത്തിയത്. കാഴ്ചയിൽ പൂവിന് സമാനമായി തോന്നുന്ന ഫ്ലവർ മാന്റിസുകളുണ്ട്. എന്നാൽ, വിഡിയോയിലുള്ള പ്രാണിയുമായി ഇവയ്ക്ക് സാമ്യമില്ല. സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ വിഡിയോയിൽ കാണുന്ന കൈയ്യിന് ആറ് വിരലുകളുണ്ടെന്നത് ശ്രദ്ധയിൽപ്പെട്ടു. ഇവ പ്രചരിക്കുന്നത് യഥാർഥ ദൃശ്യങ്ങളല്ല എന്നതിന് സൂചനകൾ നൽകി.
തുടർന്ന്, വിഡിയോയിൽ നിന്നുള്ള കീഫ്രെയിമുകളുപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് സെർച്ചിൽ, പ്രചരിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തിട്ടുള്ള ഒലെഗ് പാർസ് (oleg.pars) എന്നൊരു ഇന്റസ്റ്റഗ്രാം ഹാൻഡിൽ കണ്ടെത്തി. 2025 മാർച്ച് 7നാണ് പ്രസ്തുത വിഡിയോ ഇതിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. ചില വൈറൽ പോസ്റ്റുകളിൽ ഇതേ ഹാൻഡിലിന് കടപ്പാട് രേഖപ്പെടുത്തിയിട്ടുള്ളതും ശ്രദ്ധയിൽപ്പെട്ടു. ഓലെഗ് പാർസിന്റെ പോസ്റ്റിന്റെ അടിക്കുറിപ്പിൽ വിഡിയോകള്‍ നിർമ്മിക്കാനും ഡിസൈനിങ്ങിനും ഉപയോഗികുന്ന 'Flux, Kling, Eleven Labs, After Effects' എന്നീ എഐ ടൂളുകളുടെ പേരുകളും, 'vfx, midjourney, illustration' തുടങ്ങിയ ഹാഷ്ടാഗുകളും നൽകിയിട്ടുണ്ട്. മിക്സഡ് മീഡിയ ആർട്ടിസ്റ്റും കേട്ടുകേൾവി മാത്രമുള്ള അല്ലെങ്കിൽ നിലനിൽക്കുന്നതാണെന്ന് സ്ഥിരീകരിച്ചിട്ടില്ലാത്ത ജന്തുക്കളെ കുറിച്ച് പഠനം നടത്തുന്ന ക്രിപ്റ്റോസുവോളജിസ്റ്റുമാണ് ഒലെഗ്. പരിശോധിച്ചപ്പോൾ, ഇത്തരത്തിൽ വേറെയും എഐ വിഡിയോകൾ ഈ ഹാൻഡിലിൽ പോസ്റ്റ് ചെയ്തിട്ടുള്ളതായി കണ്ടെത്തി.
ഇതിൽ നിന്നും പ്രചരിക്കുന്നത് എഐ നിർമിത വിഡിയോയാണെന്ന് സ്ഥിരീകരിച്ചു.
∙ വാസ്തവം
ലോട്ടസ് മാന്റിസിന്റേതെന്ന അവകാശവാദത്തോടെ പ്രചരിക്കുന്നത് എഐ നിർമിത വിഡിയോയാണ്. ലോട്ടസ് മാന്റിസ് എന്നൊരു പ്രാണി നിലവിലില്ല.