ഇന്ത്യയിലുണ്ട് ഈ ആകാശഹോട്ടൽ, സന്ദർശകർ കയറുന്നതിന് മുമ്പ് ശ്രദ്ധിക്കണം; പാക്കേജ് ഇങ്ങനെ!

Mail This Article
മനോഹരമായ കടൽത്തീരങ്ങൾക്കും പുരാതനമായ ജഗന്നാഥക്ഷേത്രത്തിനും പേരുകേട്ടതാണ് ഒഡിഷയിലെ പുരി നഗരം. അസ്തമയം മാത്രം കാണാന്‍ കഴിയുന്ന ബീച്ചുകളില്‍ നിന്നും വ്യത്യസ്തമായി, ഉദയവും അസ്തമയവും കാണാന്‍ പറ്റും എന്നൊരു പ്രത്യേകത പുരിക്കുണ്ട്. വർഷംതോറും ആഘോഷിക്കുന്ന രഥയാത്രയും ഒട്ടേറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഇപ്പോഴിതാ പുതിയൊരു വിസ്മയക്കാഴ്ച കൂടി ഒരുങ്ങിയിരിക്കുകയാണ് പുരിയില്‍. ഭക്ഷണപ്രേമികള്‍ക്ക്, ഇപ്പോള്‍ പുരിയുടെ പുണ്യപുരാതന നഗരത്തിന് മുകളില്‍, ആകാശത്തിരുന്ന് ഭക്ഷണം കഴിക്കാം.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും വിദേശത്തുമെല്ലാം ആകാശ ഡൈനിങ് ഒരുക്കുന്ന ഫ്ലൈ ഡൈനിങ് കമ്പനി തന്നെയാണ് ഈ അവസരവും ഒരുക്കുന്നത്. 100 അടി ഉയരത്തിൽ 'സ്കൈ ഡൈനിങ്' റെസ്റ്റോറന്‍റ് പുരിയിൽ അരങ്ങേറ്റം കുറിച്ചു.
ഒരു ക്രെയിനിൽ ഉയർത്തിപ്പിടിച്ചിരിക്കുന്ന പ്ലാറ്റ്‌ഫോമിലിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3 മണി മുതൽ രാത്രി 12 മണി വരെ തുറന്നിരിക്കും. ഓരോ ഡൈനിങ് സെഷനും ഒരു മണിക്കൂർ നീണ്ടുനിൽക്കും. ചുറ്റുമുള്ള ഭൂപ്രകൃതിയുടെ അതിമനോഹരമായ കാഴ്ചകൾ കണ്ടുകൊണ്ട്, വൈവിധ്യമാർന്ന രുചികരമായ ഭക്ഷണവിഭവങ്ങളും ആസ്വദിക്കാം. പുരിയിലെ ഹോട്ടൽ റിവേരയിലെ ലൈറ്റ്ഹൗസിനടുത്താണ് ഇത് ഉള്ളത്.
മെനു ഇങ്ങനെ
ഒരു സമയത്ത് 20 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാം. ഇന്ത്യൻ, ചൈനീസ്, കോണ്ടിനെന്റൽ, ധാബ ശൈലിയിലുള്ള വിഭവങ്ങൾ ഉൾപ്പെടുന്ന വിശാലമായ മെനുവുണ്ട്. രണ്ടു രീതിയിലുള്ള നിരക്കുകളാണ് ഇവിടെ ഉള്ളത്. 1500 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഭക്ഷണം കിട്ടുന്ന പാക്കേജും, 1,100 രൂപയ്ക്ക് പരിമിതമായ ഭക്ഷണം കിട്ടുന്ന പാക്കേജുമാണ് ഉള്ളത്.
ആളുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി കര്‍ശനമായ നിയമങ്ങളും ചട്ടങ്ങളും പരിശോധനകളും കമ്പനി നടപ്പാക്കി വരുന്നു. ഗർഭിണികൾ, 5 വയസ്സിന് താഴെയുള്ള കുട്ടികൾ , വളർത്തുമൃഗങ്ങൾ എന്നിവ അനുവദനീയമല്ല. അതേപോലെ ആളുകളുടെ പരമാവധി ഭാരം 100 കിലോഗ്രാമില്‍ കൂടാനും പാടില്ല. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഉപഭോക്താക്കൾ അവരുടെ ആരോഗ്യസ്ഥിതി സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിടണം. സീറ്റ് ബെൽറ്റുകൾ നിർബന്ധമാണ്. പ്രതികൂല കാലാവസ്ഥയോ മറ്റോ ഉണ്ടായാൽ സ്കൈ ഡൈനിങ് സെഷനുകൾ റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യുമെന്ന് കമ്പനിയുടെ വെബ്സൈറ്റില്‍ പറയുന്നു.