കെ.വി. തോമസിന്റേത് ‘ബബ്ബബ്ബ’ എന്ന് സെബാസ്റ്റ്യൻ പോൾ

Mail This Article
കൊച്ചി ∙ വന്നു കയറുന്നവനെ പട്ടു വസ്ത്രം ധരിപ്പിച്ചും സ്വർണ മോതിരമണിയിച്ചും സ്വീകരിക്കുന്നതു നല്ല കാര്യമല്ലെന്നും വന്നു കയറുന്നവർക്കു സ്വീകാര്യതയുണ്ടാവുകയും നിൽക്കുന്നവർക്കും ഇറങ്ങിപ്പോകാത്തവർക്കും ഇരിപ്പിടം കിട്ടാതെ വരികയും ചെയ്യുന്നതു ശരിയല്ലെന്നും സിപിഎം സഹയാത്രികനും മുൻ എംപിയും എംഎൽഎയുമായ ഡോ. സെബാസ്റ്റ്യൻ പോൾ. ഡൽഹിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ. വി. തോമസിനെ വിമർശിച്ച് ഓൺലൈൻ മാധ്യമത്തിലെഴുതിയ കുറിപ്പിലാണു ആക്ഷേപം.
കേരളത്തിനു കിട്ടാനുള്ള കാശ് കണക്കുപറഞ്ഞു വാങ്ങാൻ ധനമന്ത്രി നിർമല സീതാരാമനെ കാണാൻ പോയ കെമിസ്ട്രി മാഷ് കെ. വി. തോമസ് ‘ബബ്ബബ്ബ’യായി പുറത്തുവന്നു എന്നു തുടങ്ങുന്നു വിമർശനം.അടുത്ത വീട്ടിൽ നിന്നു പുറത്താക്കപ്പെട്ടവർ ആദ്യം കാണുന്ന വീട്ടിൽ അഭയം തേടുമ്പോൾ വീടു വിട്ടുപോയ പുത്രന്റെ തിരിച്ചുവരവായി അതിനെ കാണാനാവില്ല.ആശാ പ്രവർത്തകരുടെ പ്രശ്നം തീർക്കാത്ത സർക്കാർ പ്രത്യേക പ്രതിനിധിക്കു വാരിക്കോരി കൊടുക്കുന്നതിന്റെ ഉദ്ദേശ്യമെന്താണ്. നിയന്ത്രണമില്ലാതെ ഖജനാവിൽ നിന്നു പണം കൊടുക്കുന്നു. ന്യായമായ കാര്യങ്ങളിൽ പോലും എതിർപ്പു പറയുന്ന ധന വകുപ്പ് ഇക്കാര്യത്തിൽ നിശബ്ദമായത് എന്തുകൊണ്ടാണ്?
എറണാകുളത്ത് 5 തവണ സിപിഎമ്മിനെ തോൽപിച്ചു നാണം കെടുത്തിയ ആളാണു തോമസ്. ഇൗ സീറ്റ് 3 തവണ സിപിഎമ്മിന് അഭിമാനത്തോടെ നേടിക്കൊടുത്ത ആളാണു താൻ. പാർട്ടിക്കു വേണ്ടി എഴുതുന്നു, പ്രസംഗിക്കുന്നു. പാർട്ടിക്ക് ലെവി കൊടുത്തയാളായിട്ടും തന്റെ ക്ഷേമത്തിൽ ഒരു താൽപര്യവും കാണിക്കാത്ത പാർട്ടി, എതിർപാളയത്തിൽ നിന്നു വന്ന തോമസ് എന്ന സാധുവിനോടു കാണിക്കുന്ന ഭൂതദയ അനിതര സാധാരണമാണെന്നും സെബാസ്റ്റ്യൻ പോൾ കുറ്റപ്പെടുത്തി.