വീണ്ടും ‘ഒന്നിച്ച്’ ഗംഭീറും ധോണിയും; ഋഷഭ് പന്തിന്റെ സഹോദരിയുടെ വിവാഹം ആഘോഷമാക്കി താരങ്ങൾ– വിഡിയോ

Mail This Article
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റിലെ മിന്നും താരങ്ങളുടെ സംഗമ വേദിയായി സൂപ്പർതാരം ഋഷഭ് പന്തിന്റെ സഹോദരിയുടെ വിവാഹച്ചടങ്ങ്. ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി, ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകൻ ഗൗതം ഗംഭീർ, മുൻ താരം സുരേഷ് റെയ്ന, പൃഥ്വി ഷാ, നിതീഷ് റാണ തുടങ്ങിയവരെല്ലാം എത്തിയതോടെ വിവാഹച്ചടങ്ങിന് ലഭിച്ചത് ഇരട്ടി താരപ്പകിട്ട്. ഋഷഭ് പന്തിന്റെ സഹോദരി സാക്ഷി പന്തിനെ, ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായി അങ്കിത് ചൗധരിയാണ് മിന്നു കെട്ടിയത്.
മസൂറിയിലെ ആഡംബര ഹോട്ടലിലായിരുന്നു സൂപ്പർതാരങ്ങൾ പങ്കെടുത്ത വിവാഹച്ചടങ്ങ്. പാട്ടും നൃത്തവുമെല്ലാമായി പന്തിന്റെ സഹോദരിയുടെ വിവാഹം ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാരങ്ങൾ ആഘോഷിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്.
വിവാഹച്ചടങ്ങിനു കൊഴുപ്പേകാൻ സംഘടിപ്പിച്ച സംഗീത നിശയിൽ സാക്ഷാൽ ധോണിയും റെയ്നയും ഋഷഭ് പന്തും ഉൾപ്പെടെയുള്ളവർ നൃത്തച്ചുവടുകളുമായി രംഗം കൊഴുപ്പിച്ചു. ഒട്ടേറെപ്പേരാണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഋഷഭ് പന്ത് ഉൾപ്പെടെയുള്ളവർ ഗായകർക്കൊപ്പം ഗാനങ്ങൾ ആലപിക്കുന്ന ദൃശ്യങ്ങളും വൈറലാണ്.