ADVERTISEMENT

രാജ്യാന്തര ഘടകങ്ങൾക്കൊപ്പം ഇന്ത്യയുടെ മികച്ച പണപ്പെരുപ്പക്കണക്കുകളും വ്യാവസായികോല്പാദനക്കണക്കുകളും ഇന്ത്യൻ വിപണിയുടെ തുടക്കം മികച്ചതാക്കി. എന്നാൽ ആഴ്‌ചവസാനത്തിലെ എഫ്&ഓ ക്ളോസിങ് ദിനത്തിൽ  ലാഭമെടുക്കലിൽ വീണ് നഷ്ടത്തിലാണ് വിപണി വ്യാപാരം അവസാനിപ്പിച്ചത്. നാളെ ഹോളി ആഘോഷവേളയിൽ ഇന്ത്യൻ വിപണി അവധിയിലാണ്. 

ഇന്ന് 22558 പോയിന്റ് വരെ മാത്രം മുന്നേറിയ നിഫ്റ്റി 22377 പോയിന്റിൽ പിന്തുണ നേടിയ ശേഷം 22397 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 200 പോയിന്റ് നഷ്ടത്തിൽ 73828 പോയിന്റിലും ക്ളോസ് ചെയ്തു. 

മോർഗൻ സ്റ്റാൻലിയുടെ മോശം സൂചനകളുടെ സ്വാധീനത്തിൽ നിന്നും രക്ഷപ്പെടാനാകാതെ ഇന്ത്യൻ ഐടി സെക്ടർ ഇന്ന് വീണ്ടും നഷ്ടം കുറിച്ചതും, എച്ച്ഡിഎഫ്സി ബാങ്കിന്റെയും റിലയൻസിന്റെയും അര ശതമാനം വീഴ്ചകളും വിപണിക്ക് മുന്നേറ്റം നിഷേധിച്ചു. റിയൽറ്റി സെക്ടർ 1.83% വീണപ്പോൾ ഓട്ടോ സെക്ടർ 1.1%വും മെറ്റൽ സെക്ടർ 0.83%വും നഷ്ടം കുറിച്ചു.   

വ്യവസായികോല്പാദന വളർച്ച 

stock

ഇന്ത്യയുടെ വ്യവസായികോല്പാദന വളർച്ച സൂചിക ജനുവരിയിൽ അനുമാനകണക്കുകൾ കടന്ന് 5% വളർച്ച കുറിച്ചത് വിപണിക്ക് ആശ്വാസമാണ്. ഇന്ത്യൻ ആഭ്യന്തര ഉല്പാദന വളർച്ച ശോഷണവും വ്യാവസായിക വളർച്ച ശോഷണവും വിദേശ ഫണ്ടുകളുടെ വിറ്റൊഴിയലിനെ സ്വാധീനിച്ചുവെന്നത് ജനുവരിയിലെ ഐഐപി വളർച്ചയുടെ പ്രാധാന്യം വർധിപ്പിക്കുന്നു. 

മാനുഫാക്ച്ചറിങ് ഔട്ട്പുട്ടിലെ മുന്നേറ്റവും ഇന്ത്യൻ മാനുഫാക്ച്ചറിങ് ഓഹരികളുടെ സ്വീകാര്യത വർധിപ്പിച്ചേക്കാം. വിദേശഫണ്ടുകൾ ഈ കണക്കുകൾ സൂക്ഷ്മമായി നിരീക്ഷിക്കും. 

പണപ്പെരുപ്പം ക്രമപ്പെടുന്നു 

ഇന്ത്യയുടേയും അമേരിക്കയുടെയും പണപ്പെരുപ്പക്കണക്കുകൾ കൂടുതൽ ക്രമപ്പെടുന്നത് ഇരു രാജ്യങ്ങളിലെയും പലിശ നിരക്കുകളിലും കുറവ് വരുത്തും. ഭക്ഷ്യവിലയിൽ പ്രതീക്ഷിച്ചതിലും കൂടുതൽ ഇടിവ് വന്നതാണ് ഇന്ത്യൻ റീറ്റെയ്ൽ പണപ്പെരുപ്പം കുറയാനിടയാക്കിയത്. അമേരിക്കൻ പണപ്പെരുപ്പം കുറയുന്നത് ഫെഡ് തീരുമാനങ്ങളെയും, അതിലൂടെ ഡോളർ വിലയെയും സ്വാധീനിക്കുമെന്നതും ഇന്ത്യൻ വിപണിക്ക് പ്രതീക്ഷയാണ്. 

അമേരിക്കയുടെ താരിഫ് യുദ്ധം ഏപ്രിൽ മാസത്തോടെ ക്രമപ്പെടുമെന്നും ശേഷം കേന്ദ്രബാങ്കുകളുടെ നിരക്ക് കുറക്കലുകൾ തുടരുമെന്നും വിപണി പ്രതീക്ഷിക്കുന്നു. 

ഫെഡ് യോഗം അടുത്ത ആഴ്ചയിൽ 

മാർച്ച് 18, 19 തീയതികളിൽ നടക്കുന്ന അമേരിക്കൻ ഫെഡ് റിസർവ് യോഗത്തിൽ ഫെഡ് നയങ്ങളെയും നിരക്കുകളെയും കുറിച്ചുള്ള സൂചനകൾ സ്വാധീനിക്കുമെന്നതിനാൽ വിപണി പ്രതീക്ഷയിലാണ്. ട്രംപിന്റെ താരിഫ് യുദ്ധം പണപ്പെരുപ്പം വർധിപ്പിക്കുമെന്നാണ് ഫെഡ് ചെയർമാന്റെ വാദം. അതിന് മാറ്റം വരുന്നത് വിപണിക്കും അനുകൂലമാണ്. നിലവിൽ അമേരിക്കൻ ഫെഡ് നിരക്ക് 4.50% ആണ്.  

ഡോളർ 

dollar-2

അമേരിക്കൻ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കുറഞ്ഞ സാഹചര്യത്തിൽ അമേരിക്കൻ ഫെഡ് റിസർവ് അടിസ്ഥാന പലിശ നിരക്ക് കുറക്കാനുള്ള സാധ്യത ഡോളറിനു ക്ഷീണമാണ്. അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപ 87.066/- നിരക്കിലാണ് തുടരുന്നത്. 

സ്വർണം 

ഡോളർ വീഴ്ചയും വ്യാപാരയുദ്ധവും സ്വർണത്തിന് മുന്നേറ്റം നൽകി. രാജ്യാന്തര സ്വർണവില 2955 ഡോളറിലാണ് തുടരുന്നത്. 

എഫ്&ഓ യോഗ്യത 

ഇന്ത്യൻ വിപണിയിൽ ഫ്യൂച്ചേഴ്‌സിലും ഓപ്‌ഷൻസിലും വ്യാപാരം നടത്തുന്നതിന് റീറ്റെയ്ൽ നിക്ഷേപകർക്കും നിശ്ചിത യോഗ്യത മാനദണ്ഡങ്ങൾ സെബി വിഭാവനം ചെയ്യുന്നത് പുതു നിക്ഷേപകർക്ക് രക്ഷയാണ്. കൂടുതൽ വൈദഗ്ധ്യ നിബന്ധനകൾ മൂലധന നിബന്ധനകളിലെപ്പോലെ തന്നെ വിപണിയുടെ ലിക്വിഡിറ്റിയെ ബാധിക്കും. 

ഭാരത് ഇലക്ട്രോണിക്സ്

വ്യോമസേനക്കായുള്ള റഡാറുകൾക്ക് വേണ്ടി 2463 കോടി രൂപയുടെ കരാർ ലഭ്യമായത് ഭാരത് ഇലക്ട്രോണിക്സിന് അനുകൂലമാണ്. ഓഹരി ഇന്നും നേട്ടമുണ്ടാക്കി. നടപ്പ് സാമ്പത്തിക വർഷത്തിൽ 25000 കോടി രൂപയുടെ കോൺട്രാക്ടുകൾ ലക്ഷ്യവും വയ്ക്കുന്ന കമ്പനി ഇത് വരെ 17000 കോടി രൂപയുടെ ഓർഡറുകൾ സ്വന്തമാക്കിക്കഴിഞ്ഞു. 

സാമ്പത്തിക വർഷാവസാന മാസമായതിനാൽ ഡിഫൻസ് ഓഹരികൾ മാർച്ചിൽ കൂടുതൽ കരാറുകൾ പ്രതീക്ഷിക്കുന്നതും, കൂടുതൽ ബില്ലിങ് നടക്കുന്നതും ഡിഫൻസ് ഓഹരികൾക്ക് അനുകൂലമാണ്. 

ബിഇഎംഎൽ & സീമെൻസ് 

ഇന്ത്യൻ റയിൽവേ, മെട്രോ മേഖലകളിൽ കൂടുതൽ അവസരങ്ങൾ തേടുന്നതിന്റെ ഭാഗമായി പൊതുമേഖല കമ്പനിയായ ബിഇഎംഎലും സീമെൻസും തമ്മിൽ കൈകോർക്കാൻ തീരുമാനിച്ചത് ഇരു ഓഹരികൾക്കും അനുകൂലമാണ്. 

ബിഇഎംഎൽ ഇന്ന് 2.45% മുന്നേറി 2551 രൂപയിലാണ് ക്ളോസ് ചെയ്തത്. 

സീമെൻസ് മുന്നേറിയെങ്കിലും നേട്ടം അര ശതമാനത്തിൽ താഴെയൊതുക്കി 4929 രൂപയില്‍ ക്ളോസ് ചെയ്തു.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Indian market closes in the red due to profit-booking on F&O expiry; positive inflation and industrial production figures offered initial support. Learn about key market movers and trends.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com