യാ...മാൽ! ഗോളടിച്ചും ഗോളടിപ്പിച്ചും തിളങ്ങി ലമീൻ യമാൽ

Mail This Article
ലയണൽ മെസ്സി പോയതിനു ശേഷം മോഹഭംഗത്തിലായിരുന്ന ബാർസിലോന ആരാധകർ ഇതാ വീണ്ടും സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നു! ലമീൻ യമാലിന്റെ നേതൃത്വത്തിൽ പുതുനിര ഉജ്വല പ്രകടനം കാഴ്ച വച്ച മത്സരത്തിലാണ് ബാർസ ബെൻഫിക്കയെ 3–1നു തോൽപിച്ചത്. 11–ാം മിനിറ്റിൽ മെസ്സിയെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ബെൻഫിക്ക ഡിഫൻഡർമാരെ ഡ്രിബിൾ ചെയ്തു കയറിയ പതിനേഴുകാരൻ യമാൽ നേർത്തൊരു വിടവിലൂടെ പന്തു നൽകിയത് റാഫിഞ്ഞയ്ക്ക്. ബ്രസീലിയൻ താരത്തിന്റെ ക്ലോസ് റേഞ്ച് ഫിനിഷിൽ ബാർസ 1–0നു മുന്നിൽ. 27–ാം മിനിറ്റിൽ ബോക്സിനു തൊട്ടുപുറത്തു നിന്ന് ഗോൾവലയിലേക്കു ചാഞ്ഞിറങ്ങിയ ഷോട്ടിലൂടെ യമാൽ വീണ്ടും തന്റെ പ്രതിഭ തെളിയിച്ചു. 42–ാം മിനിറ്റിൽ അലഹാന്ദ്രോ ബാൾഡെയുടെ അസിസ്റ്റിൽ നിന്ന് റാഫിഞ്ഞ തന്റെ 2–ാം ഗോൾ നേടി. എന്നാൽ ഗോളടിച്ച റാഫിഞ്ഞയോ യമാലോ അല്ല പ്ലെയർ ഓഫ് ദ് മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത്. ബാർസയുടെ പ്രതിരോധത്തിലും മധ്യത്തിലും മിന്നിക്കളിച്ച പെദ്രിയാണ്. 13–ാം മിനിറ്റിൽ കോർണറിൽ നിന്നുള്ള ഹെഡറിലൂടെ ക്യാപ്റ്റൻ നിക്കോളാസ് ഓട്ടമെൻഡിയാണ് ബെൻഫിക്കയുടെ ആശ്വാസഗോൾ നേടിയത്. ഇരുപാദങ്ങളിലുമായി 4–1നാണ് ബാർസയുടെ ജയം.