അഫ്ഗാൻ ക്രിക്കറ്റ് താരം ഹസ്രത്തുല്ല സസായിയുടെ മകൾ അന്തരിച്ചു; വാർത്ത പങ്കുവച്ച് സഹതാരം കരിം ജനത്ത്

Mail This Article
ന്യൂഡൽഹി∙ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരം ഹസ്രത്തുല്ല സസായിയുടെ മകൾ അന്തരിച്ചു. താരത്തിന്റെ ആത്മസുഹൃത്തും അഫ്ഗാൻ ടീമിൽ സഹതാരവുമായ കരിം ജനത്താണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. മരണ കാരണം അദ്ദേഹം പങ്കുവച്ചിട്ടില്ല. അഫ്ഗാനായി 16 ഏകദിനങ്ങളും 45 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള ഇരുപത്താറുകാരനായ സസായി, ഇക്കഴിഞ്ഞ ചാംപ്യൻസ് ട്രോഫിയിൽ കളിച്ച അഫ്ഗാൻ ടീമിൽ അംഗമായിരുന്നില്ല.
‘‘എന്റെ സഹോദരതുല്യനായ പ്രിയസുഹൃത്ത് ഹസ്രത്തുല്ല സസായിയുടെ മകൾ മരിച്ച വാർത്ത അതീവ വേദനയോടെ പങ്കുവയ്ക്കുന്നു. ജീവിതത്തിലെ ഈ അതീവ ദുഷ്കകരമായ നിമിഷത്തിൽ സസായിയും കുടുംബവും അനുഭവിക്കുന്ന വേദനയുടെ ആഴം എന്റെ ഹൃദയത്തെയും വേദനിപ്പിക്കുന്നു. കുഞ്ഞിനെ നഷ്ടമായ ആ കുടുംബത്തെ പ്രാർഥനകളിൽ ഓർക്കുമല്ലോ. ഹസ്രത്തുല്ല സസായിയുടെയും കുടുംബത്തിന്റെയും വേദന ഞാനും പങ്കുവയ്ക്കുന്നു’ – കരിം ജനത്ത് കുറിച്ചു.
2016ൽ യുഎഇയ്‌ക്കെതിരായ ഏകദിനത്തിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ ഹസ്രത്തുല്ല സസായി, രാജ്യാന്തര ട്വന്റി20യിലെ ഉയർന്ന വ്യക്തിഗത സ്കോറുകളിൽ രണ്ടാമനാണ്. ഡെറാഡൂണിലെ രാജീവ് ഗാന്ധി രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അയർലൻഡിനെതിരെ 62 പന്തിൽ 11 വീതം സിക്സും ഫോറും സഹിതം 162 റൺസെടുത്ത പ്രകടനമാണ് സസായിയെ രണ്ടാം സ്ഥാനത്തു നിർത്തുന്നത്.
2024 ഡിസംബറിൽ സിംബാബ‌്‌വെയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിൽ കളിച്ച ശേഷം ഹസ്രത്തുല്ല സസായി അഫ്ഗാൻ ജഴ്സി അണിഞ്ഞിട്ടില്ല. 16 ഏകദിനങ്ങളിൽനിന്ന് 361 റൺസും 45 ട്വന്റി20 മത്സരങ്ങളിൽനിന്ന് 1160 റൺസുമായി സസായിയുടെ സമ്പാദ്യം.