ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഫാഷൻ ഡിസൈനർ; ഒമ്പതാം പിറന്നാളിന് ഗിന്നസ് റെക്കോഡ് സ്വന്തമാക്കി മാക്സ്

Mail This Article
നാലാം വയസ്സിൽ ഫാഷന്റെ ലോകത്തേക്ക് തനിയെ നടന്നു കയറുക. സഹോദരിക്ക് വേണ്ടി വസ്ത്രം ഡിസൈൻ ചെയ്തു നൽകുക. ഒരു കാർഡ് ബോർഡ് മാനേക്വിൻ ഉപയോഗിച്ചാണ് സഹോദരിക്കായി ആദ്യമായി വസ്ത്രം ഡിസൈൻ ചെയ്തത്. ഇത്രയൊക്കെ ചെയ്ത മാക്സ് അലക്സാണ്ടറിന് ഒപ്പം അവന്റെ മാതാപിതാക്കൾ ഒരേ മനസ്സോടെ നിന്നു. മാക്സിനു വേണ്ടി മാനേക്വിനുകൾ വാങ്ങി നൽകി. പതിയെ സ്റ്റിച്ച് ചെയ്യാൻ മാക്സ് പഠിച്ചു. എല്ലാ ദിവസവും അവൻ സ്റ്റിച്ച് ചെയ്തു. ആരും ഒരിക്കൽ പോലും എങ്ങനെയാണ് സ്റ്റിച്ച് ചെയ്യേണ്ടതെന്ന് അവനെ പഠിപ്പിച്ചില്ല. നാലു വർഷത്തിനു ശേഷം ലോകം അവന്റെ പേര് അറിഞ്ഞു. ഏറ്റവും പ്രായം കുറഞ്ഞ ഫാഷൻ ഡിസൈനറായി ഗിന്നസ് വേൾഡ് റെക്കോർഡിൽ അവൻ ഇടം പിടിച്ചു.
നമ്മൾ പലപ്പോഴും പറയാറുണ്ട്, പ്രായം എന്ന് പറയുന്നത് വെറും ഒരു നമ്പർ മാത്രമാണ്. ഈ ഫ്രബ്രുവരിയിൽ ഒമ്പതു വയസ് പൂർത്തിയായ മാക്സിന്റെ കാര്യത്തിൽ അത് വളരെ ശരിയാണ്. കാരണം, എട്ടാം വയസ്സിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഫാഷൻ ഡിസൈനർ എന്ന ഗിന്നസ് റെക്കോഡ് അവൻ സ്വന്തമാക്കി. ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ അമ്മ ഷെറി മാഡിസണിനൊപ്പം പങ്കെടുക്കവേ നാലു വയസുമുതൽ താൻ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാറുണ്ടെന്ന് അവൻ വ്യക്തമാക്കി.
ഈ കുഞ്ഞുപ്രായത്തിനിടയിൽ ഇതുവരെ നൂറിലധികം കസ്റ്റം കോച്ചർ ഗൗണുകൾ തുന്നുകയും റൺവേ ഷോകൾ നടത്തുകയും ചെയ്തിട്ടുണ്ട്. ഷാരോൺ സ്റ്റോൺ, ഡെബ്ര മെസ്സിംഗ് എന്നീ സെലിബ്രിറ്റികൾ മാക്സ് ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ ധരിച്ചിട്ടുണ്ട്. ന്യൂയോർക്ക് ഫാഷൻ വീക്കിൽ പങ്കെടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച മാക്സ് ലോക റെക്കോർഡ് തന്റെ ഏറ്റവും അഭിമാനകരമായ നേട്ടമാണെന്ന് വ്യക്തമാക്കി. അത് സംഭവിക്കുമ്പോൾ തനിക്ക് പത്തു വയസാകുമെന്നാണ് കരുതിയതെന്നും കഴിഞ്ഞ ജന്മത്തിൽ ഒരു പ്രശസ്ത ഫാഷൻ ഹൗസിന്റെ സ്ഥാപകനായിരുന്നു താനെന്ന് വിശ്വസിക്കുന്നതായും മാക്സ് വെളിപ്പെടുത്തി.
ഇൻസ്റ്റഗ്രാമിൽ 3.7 മില്യൺ ഫോളോവേഴ്സ് ആണ് ഈ ചെറുപ്രായത്തിൽ മാക്സിന് ഉള്ളത്. അതേസമയം, പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് താൻ ആശയങ്ങൾ രൂപപ്പെടുത്തുന്നതെന്ന് മാക്സ് വ്യക്തമാക്കി. മാക്സിന്റെ ഒമ്പതാം പിറന്നാൾ ദിനത്തിൽ അവന് ആശംസ അറിയിച്ചു കൊണ്ട് അമ്മ കുറിച്ച വരികൾ സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലാണ്. 'നാല് വയസുള്ളപ്പോൾ അവൻ ഒരു കളിപ്പാട്ടം ആവശ്യപ്പെട്ടില്ല. ഒരു മാനെക്വിൻ ആണ് മാക്സ് ആവശ്യപ്പെട്ടത്. അവനെ ആരും ഡിസൈൻ ചെയ്യാൻ പഠിപ്പിച്ചില്ല - അത് അവന് അറിയാമായിരുന്നു. നാലര വർഷത്തിനുള്ളിൽ നൂറുകണക്കിന് വസ്ത്രങ്ങൾ അവൻ സൃഷ്ടിച്ചു, യുണൈറ്റഡ് നേഷൻസിൽ സംസാരിച്ചു, ഫാഷനിൽ കൂടുതൽ സുസ്ഥിരമായ ഒരു ഭാവിക്ക് വേണ്ടി ശബ്ദമുയർത്തി. അത് ഒരിക്കലും ശ്രദ്ധാകേന്ദ്രമാകുന്നതിന് വേണ്ടി ആയിരുന്നില്ല. മാക്സിനെ സംബന്ധിച്ച് ആളുകളെ കൂടുതൽ മനോഹരമാക്കി മാറ്റുന്നതിനെക്കുറിച്ച് ആയിരുന്നു ഇതെല്ലാം. സർഗാത്മകതയ്ക്ക് പ്രായമില്ലെന്ന് തെളിയിക്കുന്നതിനെക്കുറിച്ചും ഫാഷൻ വ്യത്യസ്തമാകുമെന്ന് ലോകത്തിന് കാണിച്ചു കൊടുക്കുന്നതിനെക്കുറിച്ചുമായിരുന്നു അതെല്ലാം. മാക്സിന് ഒമ്പത് വയസാകുന്നു. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ റൺവേ ഫാഷൻ ഡിസൈനർക്ക് പിറന്നാൾ ആശംസകൾ. സർഗാത്മകതയിൽ ഏർപ്പെടുകയും പ്രചോദനം നൽകുകയും ചെയ്യുക' - പ്രിയപ്പെട്ട മകന് പിറന്നാൾ ആശംകൾ നേർന്ന് അമ്മ കുറിച്ചു.