പ്രാർഥനകൾ പാപമോചനത്തിന്

Mail This Article
റമസാൻ മാസത്തിലെ പാപമോചനത്തിന്റെ പത്ത് ദിവസങ്ങളിലൂടെയാണ് വിശ്വാസികൾ കടന്നു പോകുന്നത്.ഈ പരിശുദ്ധ മാസത്തിൽ, വിശ്വാസികൾ ഉപവാസം, പ്രാർഥന, ദാനധർമം എന്നിവയിലൂടെ അല്ലാഹുവിനോട് അടുക്കുകയും പാപങ്ങളിൽ നിന്ന് മോചനം തേടുകയും ചെയ്യുന്നു. ഹദീസുകൾ അനുസരിച്ച്, റമസാനിൽ പാപങ്ങൾ പൊറുക്കപ്പെടുകയും ശുദ്ധമായ ഹൃദയത്തോടെ അല്ലാഹുവിനോട് അപേക്ഷിച്ചാൽ കാരുണ്യം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുകയും ചെയ്യുന്നു.
റമസാൻ മാസത്തിൽ അല്ലാഹു പിശാചിനെ ബന്ധിക്കുമെന്നും എന്നിട്ടും എന്താണ് ഇവിടെ ഈ പുണ്യമാസത്തിൽ അക്രമവും കളവും ലഹരിയും കൊലപാതകങ്ങളും വ്യാപിക്കുന്നതെന്നും നാം ചിന്തിക്കേണ്ടിയിരിക്കുന്നു.റമസാനിൽ ദേഹച്ഛകളാകുന്ന പിശാചിനെ ബന്ധിയാക്കാൻ ഓരോരുത്തർക്കും കഴിയുന്നില്ലെന്ന യാഥാർഥ്യമാണ് ഇവിടെ മനസ്സിലാക്കേണ്ടത്.
അല്ലാഹുവിനോട് പാപമോചനം തേടുന്നതിന് മുമ്പ് നാം ചെയ്ത പാപത്തെ പറ്റി അറിയണം, ആ പാപം ഇനിചെയ്യില്ലെന്ന നിശ്ചയദാർഢ്യവും ഉറപ്പും വേണം. അല്ലാഹു ആദം നബി (അ)നെ സൃഷ്ടിച്ച ശേഷം മലക്കുകളോട് സാഷ്ടാംഗം ചെയ്യാൻ കൽപിച്ചു. എന്നാൽ അഹങ്കാരിയായ ഇബ്‌ലീസ് എതിർത്തുനിന്നു. അല്ലാഹു ഇതോടെ ഇബ്‌ലീസിനെ പുറത്താക്കി. അതു പോലെ വിലക്കപ്പെട്ട കനി ഭക്ഷിച്ച് സ്വർഗത്തിൽ നിന്ന് പുറത്താക്കപ്പെട്ട ആദം നബി (അ)ന്റെ ചരിത്രമാണ് നമുക്കുള്ള മറ്റൊരു പാഠം.
സ്വർഗത്തിൽ നിന്ന് പുറത്തായ ആദം നബി (അ) 300 വർഷത്തോളം അല്ലാഹുവിനോട് പാപമോചനിത്തിനായി പ്രാർഥിച്ചു. ഒടുവിൽ പ്രവാചകൻ മുഹമ്മദ് മുസ്തഫ (സ)യെ മുൻനിറുത്തി ആവശ്യപ്പെട്ടപ്പോഴാണ് അല്ലാഹു പൊറുത്തുകൊടുക്കുന്നത്. നമ്മുടെ പാപങ്ങൾക്ക് പരിഹാരം ലഭിക്കാൻ പ്രവാചകൻ മുഹമ്മദ് മുസ്തഫ (സ)യെ മുൻ നിറുത്തിയുള്ള പാപമോചന പ്രാർഥന ഗുണം ചെയ്യുമെന്നാണ് ഇതിൽ നിന്നു ലഭിക്കുന്ന പാഠം. അതാണ് സ്വാലാത്ത്. തിരു സ്വലാത്തിലൂടെയാണ് നാം പാപമോചനത്തിലേക്ക് എത്തേണ്ടത്.
ഈ പുണ്യമാസത്തിൽ സ്വലാത്തുകൾ അധികരിപ്പിക്കുക. ചെയ്തുപോയ പാപങ്ങളിൽ മനസ്സറിഞ്ഞ് കരയുക. കണ്ണുനീർ നമ്മുടെ പാപങ്ങൾ കഴുകിക്കളയും. ചെറിയവരോട് കരുണകാണിക്കുക, വലിയവരെ ബഹുമാനിക്കുക, ജീവനുള്ളതും അല്ലാത്തതുമായ എല്ലാ വസ്തുക്കളെയും അവയുടെ അവകാശങ്ങളെ വകവച്ചുകൊടുക്കുക. അല്ലാഹു അനുഗ്രഹിക്കാതിരിക്കില്ല.