കുതിച്ചുയർന്ന് പ്രവാസിപ്പണമൊഴുക്ക്; മുന്നേറി കേരളം, ഇഞ്ചോടിഞ്ച് മഹാരാഷ്ട്ര, ഗൾഫിനെ മറികടന്ന് അമേരിക്ക

Mail This Article
ന്യൂഡൽഹി∙ പ്രവാസി ഇന്ത്യക്കാർ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന്റെ വിഹിതത്തിൽ കേരളം വീണ്ടും രണ്ടാമത്. കഴിഞ്ഞ സാമ്പത്തികവർഷം (2023–24) രാജ്യത്തേക്ക് വന്ന പ്രവാസിപ്പണത്തിന്റെ 19.7 ശതമാനവും കേരളത്തിലാണ്. പണംവരവ് സർവേയുടെ വിശദാംശങ്ങൾ റിസർവ് ബാങ്കാണ് പുറത്തുവിട്ടത്. 4 വർഷത്തിനിടെ കേരളത്തിന്റെ വിഹിതം 10.2 ശതമാനമായിരുന്നതാണ് 19.7 ശതമാനമായി വർധിച്ചത്.
അതേസമയം, 2 തവണയായി ഒന്നാമതുള്ള മഹാരാഷ്ട്രയുടെ വിഹിതം 35.2 ശതമാനത്തിൽ നിന്ന് 20.5 ശതമാനമായി കുറഞ്ഞു. ഫലത്തിൽ കേരളവും ഒന്നാമതുള്ള മഹാരാഷ്ട്രയും തമ്മിൽ 0.8 ശതമാനത്തിന്റെ വ്യത്യാസമേയുള്ളൂ. മൂന്നാം സ്ഥാനത്ത് തമിഴ്നാടാണ് (10.4%).

വിദേശപഠനത്തിനായി കേരളത്തിൽ നിന്ന് വിദേശത്തേക്കു പോകുന്നവരുടെ എണ്ണം 2023ൽ കാര്യമായി വർധിച്ചുവെന്നു പറയുന്ന കേരള മൈഗ്രേഷൻ സർവേയും ആർബിഐ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗൾഫ് ഇതര രാജ്യങ്ങളിലേക്ക് കൂടുതൽ വിദ്യാർഥികൾ പോകുന്നുവെന്നു തെളിയിക്കുന്നതാണ് കണക്കുകളെന്നും ലേഖനത്തിൽ പറയുന്നു.
2016–17ൽ ഏറ്റവും കൂടുതൽ പ്രവാസിപ്പണത്തിന്റെ വിഹിതം (19%) ലഭിച്ചിരുന്ന കേരളത്തെ 2020-21ലെ കണക്കിലാണ് മഹാരാഷ്ട്ര മറികടന്നത്. 2016–17ലെ വിഹിതത്തിന്റെ അതേ തോതിലേക്കാണ് കേരളം ഇത്തവണ മടങ്ങിയെത്തിയിരിക്കുന്നത്.

ഗൾഫ് പണത്തിൽ വൻ ഇടിവ്
∙ ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് പണ്ട് കൂടുതൽ പണമെത്തിയിരുന്നതെങ്കിൽ ഇപ്പോൾ യുഎസ്, യുകെ പോലെയുള്ള രാജ്യങ്ങളിൽ നിന്ന് കൂടുതലുമെത്തുന്നതെന്ന് സർവേ തെളിയിക്കുന്നു. 2023–24ൽ ഇന്ത്യയിലെത്തിയ മൊത്തം പ്രവാസിപ്പണത്തിന്റെ പകുതിയും യുഎസ്, ബ്രിട്ടൻ, സിംഗപ്പൂർ, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്നായിരുന്നു.

∙ ഏറ്റവും കൂടുതൽ വിഹിതം കഴിഞ്ഞ 2 തവണയായി എത്തുന്നത് യുഎസിൽ (27.7%) നിന്നാണ്. യുഎഇ (19.2%), ബ്രിട്ടൻ (10.8%) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
∙ 2016–17ൽ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ പ്രവാസി പണം നൽകിയിരുന്നത് യുഎഇ ആയിരുന്നു (26.9%). ഇത് ഇക്കുറി 19.2 ശതമാനമായി കുറഞ്ഞു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business