പൊന്നല്ല, പൊൻമാൻ! റെക്കോർഡ് പഴങ്കഥയാക്കി സ്വർണവില സർവകാല ഉയരത്തിൽ; രാജ്യാന്തര വിലയും ‘കത്തുന്നു’

Mail This Article
ഇതെന്തൊരു പോക്കാണു പൊന്നേ! ഇങ്ങനെ പോയാൽ എങ്ങനെ സ്വർണം വാങ്ങും? ചോദ്യങ്ങൾ എങ്ങനെ ഉയരാതിരിക്കും! ആഭരണപ്രേമികളെയും വിവാഹം ഉൾപ്പെടെയുള്ള വിശേഷങ്ങൾക്കായി സ്വർണാഭരണം വാങ്ങാൻ ശ്രമിക്കുന്നവരെയും വ്യാപാരികളെയും ഒരുപോലെ ആശങ്കപ്പെടുത്തി സ്വർണവില റെക്കോർഡ് തകർത്ത് കത്തിക്കയറുകയാണ്.
ഇന്നലെ ഔൺസിന് 3,038 ഡോളർ എന്ന റെക്കോർഡിലെത്തിയ രാജ്യാന്തര സ്വർണവില, ഇന്നു മുന്നേറിയെത്തിയത് 3,055.61 ഡോളർ എന്ന സർവകാല റെക്കോർഡിലേക്ക്. ഫലമോ, കേരളത്തിലും വില പുത്തനുയരം തൊട്ടു.
പവനേ ഇതെങ്ങോട്ട്...
കേരളത്തിൽ ഇന്നു ഗ്രാമിന് 20 രൂപ ഉയർന്ന് വില 8,310 രൂപയായി. വില 8,300 രൂപ കടന്നത് ചരിത്രത്തിലാദ്യം. 160 രൂപ വർധിച്ച് 66,480 രൂപയാണ് പവന്. പവനും ഗ്രാമും ഇന്നലെക്കുറിച്ച റെക്കോർഡ് ഇന്നു പഴങ്കഥയാക്കി (Read details). 18 കാരറ്റ് സ്വർണത്തിന് ഇന്നു ചില ജ്വല്ലറികളിൽ 15 രൂപ വർധിച്ച് 6,855 രൂപയെന്ന റെക്കോർഡിലെത്തിയപ്പോൾ മറ്റു ചില കടകളിൽ 15 രൂപ തന്നെ ഉയർന്ന് 6,825 രൂപയാണ് വില.

വെള്ളിക്കും ചില ആഭരണശാലകളിൽ ഗ്രാമിന് ഒരു രൂപ വർധിച്ച് 112 രൂപയായി. മറ്റു കടകളിൽ 112 രൂപയിൽ മാറാതെ നിൽക്കുന്നു. സ്വർണവില കുതിച്ചതോടെ വിവാഹ സമ്മാനങ്ങളിലും മറ്റും വെള്ളിയാഭരണങ്ങളാണ് ഇപ്പോൾ താരം. സ്വർണം പൂശിയ വെള്ളിയാഭരണങ്ങൾക്കും കച്ചവടം കൂടി (Read details).
കുതിപ്പിന് കളമൊരുക്കി അമേരിക്ക
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് നിലനിർത്താൻ തീരുമാനിച്ചതും അതേസമയം, ഈ വർഷം രണ്ടുതവണ പലിശനിരക്ക് കുറച്ചേക്കാമെന്ന് വ്യക്തമാക്കിയതും സ്വർണത്തിനു നേട്ടമായി. പലിശനിരക്ക് കുറയുമ്പോൾ ആനുപാതികമായി ബാങ്ക് നിക്ഷേപങ്ങളുടെ പലിശനിരക്കും താഴും.

യുഎസ് ഗവൺമെന്റിന്റെ കടപ്പത്രങ്ങളിൽ നിന്ന് നിക്ഷേപകർക്ക് കിട്ടുന്ന ആദായനിരക്കും (ട്രഷറി ബോണ്ട് യീൽഡ്) കുറയും. ഡോളറും ദുർബലമാകും. ഫലത്തിൽ, ഈ നിക്ഷേപങ്ങൾ അനാകർഷകമാകും. നിക്ഷേപകർ ഇവയെ കൈവിട്ട് ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണനിക്ഷേപ പദ്ധതികളിലേക്ക് പണം മാറ്റും. ഇതു വില കൂടാനും ഇടയാക്കും.
സുരക്ഷിതപ്പൊന്ന്
ഇസ്രയേൽ-ഹമാസ്, റഷ്യ-യുക്രെയ്ൻ പോര് സമീപഭാവിയിലെങ്ങും ശമിക്കില്ലെന്ന വിലയിരുത്തൽ, യുഎസ് തുടക്കമിട്ട ആഗോള വ്യാപാരയുദ്ധം സൃഷ്ടിക്കുന്ന ആശങ്ക എന്നിവയും സ്വർണത്തിന് ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ നൽകുകയും വില കുതിക്കുകയുമാണ്.

പലിശ നിലനിർത്തിയ യുഎസ് ഫെഡിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡെക്സ് 103.34 വരെ ഇടിഞ്ഞു. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഇത് 108ന് മുകളിൽ ആയിരുന്നു. ആഴ്ചകൾക്ക് മുമ്പ് 4.5 ശതമാനമായിരുന്ന 10-വർഷ ട്രഷറി യീൽഡ് ഇപ്പോഴുള്ളത് 4.3 ശതമാനത്തിൽ.

യുഎസ് സമ്പദ്‍വ്യവസ്ഥ വെല്ലുവിളികൾ നേരിടുകയാണെന്നും ജിഡിപി വളർച്ചനിരക്ക് കുറയുമെന്നുമുള്ള യുഎസ് ഫെഡ് പണനയ സമിതിയുടെ (FOMC) വിലയിരുത്തലും സ്വർണ നിക്ഷേപങ്ങളിലേക്ക് നിക്ഷേപമൊഴുകാനും വില ഇനിയും കുതിക്കാനും കാരണമായേക്കും. ട്രംപിന്റെ താരിഫ് നയങ്ങളാണ് കൂടുതൽ തിരിച്ചടിയാകുന്നത്. ഡോളർ ദുർബലമായതിനാൽ ഇന്ത്യൻ രൂപ ഇന്ന് നേരിയ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. അല്ലായിരുന്നെങ്കിൽ ഇന്നു ആഭ്യന്തര സ്വർണവില കൂടുതൽ ഉയരുമായിരുന്നു.
പണിക്കൂലിയും ചേർന്നാൽ...
സ്വർണാഭരണത്തിന് 3 ശതമാനമാണ് ജിഎസ്ടി. 45 രൂപയും അതിന്റെ 18% ജിഎസ്ടിയും ചേരുന്ന 53.10 രൂപ ഹോൾമാർക്ക് ചാർജ്. പുറമേ പണിക്കൂലിയും നൽകണം. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ രൂപകൽപനയ്ക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

പൊതുവേ വ്യാപാരികൾ ഈടാക്കുന്നത് 5-10 ശതമാനമാണ്. ബ്രാൻഡഡ് ജ്വല്ലറികൾക്ക് ഇതു 30 ശതമാനം വരെയൊക്കെയാകാം. 5% പണിക്കൂലി കണക്കാക്കിയാൽ തന്നെ ഇന്നൊരു പവൻ ആഭരണത്തിന് കേരളത്തിൽ കൊടുക്കേണ്ടത് 71,953 രൂപ. ഒരു ഗ്രാം സ്വർണാഭരണത്തിന് 8,994 രൂപയും. അതായത്, രണ്ടു പവന്റെ മാല വാങ്ങാൻ പോലും ഒന്നരലക്ഷം രൂപയ്ക്കടുത്തു കൈയിൽ കരുതണം.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business