ADVERTISEMENT

ചെറുപ്പക്കാര്‍ക്കിടയില്‍ ഫെറാറിയുടെ ജനപ്രീതി വര്‍ധിക്കുന്നുവെന്ന് ഫെറാറി സിഇഒ. ആഡംബര വാഹനമായ ഫെരാരിയുടെ മോഡലുകള്‍ ആദ്യമായി വാങ്ങുന്നതില്‍ 40 ശതമാനം പേര്‍ക്കും 40 വയസില്‍ താഴെയാണ് പ്രായമെന്നാണ് ഫെറാറി സിഇഒ ബെനഡെറ്റോ വിഗ്നയുടെ വെളിപ്പെടുത്തല്‍. 18 മാസങ്ങള്‍ക്ക് മുമ്പ് ആദ്യമായി ഫെറാറി വാങ്ങുന്നതില്‍ 30 ശതമാനമായിരുന്നു 40 വയസില്‍ താഴെ പ്രായമുള്ളവര്‍. 

'മറ്റു ബ്രാന്‍ഡുകള്‍ക്ക് ഇത് എത്രത്തോളം പ്രധാനമാണെന്ന് ഞങ്ങള്‍ക്കറിയില്ല. എന്നാല്‍ ഇത് ഞങ്ങള്‍ക്ക് വളരെ പ്രധാനമാണ്. പ്രധാനമായും നന്ദി പറയാനുള്ളത് ഞങ്ങളുടെ ടീമിനോടു തന്നെയാണ്' സിംഗപൂരില്‍ വെച്ച് സിഎന്‍ബിസിയോട് ഫെറാറി സിഇഒ പറഞ്ഞു. ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളായ ഫെറാറി എക്കാലത്തും ഗുണമേന്മയിലും ആവശ്യത്തിനു മാത്രം ഉത്പാദിപ്പിക്കുന്നതിലുമെല്ലാം ശ്രദ്ധ പുലര്‍ത്തിയിരുന്നവരാണ്. കഴിഞ്ഞ വര്‍ഷമാണ് ഫെറാറിയുടെ നാലില്‍ മൂന്നു ഭാഗം വില്‍പനയും നടക്കുന്നത് ഫെരാരി ഉടമകള്‍ക്കു തന്നെയാണെന്ന കണക്കും പുറത്തുവന്നത്. 

നിര്‍മാണ മികവിനൊപ്പം അപൂര്‍വതയും നിലനിര്‍ത്താന്‍ ഫെറാറി എക്കാലത്തും ശ്രമിച്ചിട്ടുണ്ട്. ഫെറാറി സ്ഥാപകന്‍ എന്‍സൊ ഫെറാറി തന്നെ ഒരിക്കല്‍ പറഞ്ഞത് 'വിപണിക്ക് ആവശ്യമുള്ളതിനേക്കാള്‍ ഒരു കാര്‍ കുറവു മാത്രമേ ഞങ്ങള്‍ നല്‍കൂ' എന്നായിരുന്നു. 'ഞങ്ങളോടു തന്നെയാണ് മത്സരം' എന്ന ഫെറാറിയുടെ പ്രസിദ്ധമായ ടാഗ്‌ലൈനിലുണ്ട് അവരുടെ ആത്മവിശ്വാസത്തിന്റെ പ്രതിഫലനം. ഓട്ടമോട്ടീവ് എന്‍ജിനീയറിങിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയാണ് ഫെറാറി ഓരോ വാഹനവും പുറത്തിറക്കുന്നത്. 

ഫെറാറി വാഹനങ്ങള്‍ക്കായി രണ്ടു വര്‍ഷത്തിലേറെ ബുക്കു ചെയ്ത് കാത്തിരിക്കണം. ഇത് ഫെറാറി ലഭിക്കുന്നത് നല്ലൊരു അനുഭവമാക്കി മാറ്റാന്‍ ഉപഭോക്താക്കള്‍ക്ക് ഉപകാരപ്പെടുന്നുവെന്നാണ് ഫെറാറി സിഇഒയുടെ അവകാശവാദം. ഒരിക്കല്‍ ഫെരാരി വാങ്ങാനെത്തിയ 78കാരന്‍ എനിക്ക് രണ്ട് വര്‍ഷം കാത്തിരിക്കാനാവില്ലെന്നാണ് പറഞ്ഞത്. ഇത് ജീവിച്ചിരിക്കാനുള്ള പ്രചോദനമാവട്ടെയെന്നാണ് അന്ന് അദ്ദേഹത്തോട് പറഞ്ഞതെന്ന് വിഗ്ന പറയുന്നു. 

ഫെറാറിയുടെ ആദ്യ സമ്പൂര്‍ണ വൈദ്യുത കാര്‍ ഒക്ടോബര്‍ ഒമ്പതിന് പുറത്തിറങ്ങാനിരിക്കയാണ്. ഇറ്റലിയിലാണ് ഫെരാരിയുടെ ആദ്യ ഇവി നിര്‍മിക്കുക. ഈ വര്‍ഷം ഫെറാറി ആറ് ഇവി മോഡലുകള്‍ പുറത്തിറക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. 'ഈയൊരു തീരുമാനം ഞങ്ങള്‍ക്ക് ഏറെ അഭിമാനിക്കാവുന്നതാണെന്നാണ് കരുതപ്പെടുന്നത്. ഇനി മുതല്‍ മൂന്നു തരത്തിലുള്ള കാറുകള്‍ ഞങ്ങള്‍ നിര്‍മിക്കും. പരമ്പരാഗത കംബല്‍ഷന്‍ വാഹനങ്ങള്‍ക്കും ഹൈബ്രിഡുകള്‍ക്കും ഒപ്പം വൈദ്യുത കാറുകളും ഫെറാറി നിര്‍മിക്കും' വിഗ്ന പറയുന്നു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com