യുകെ മലയാളികൾക്ക് സന്തോഷ വാർത്ത: ബ്രിട്ടനിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് ശൃംഖലയിൽ അഞ്ച് ശതമാനം ശമ്പള വർധന; പക്ഷേ ചെറിയൊരു 'ട്വിസ്റ്റ് '

Mail This Article
ലണ്ടൻ ∙ ബ്രിട്ടനിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് ശൃംഖലയായ ടെസ്കോയിൽ 5.2 ശതമാനം ശമ്പള വർധന. മാസങ്ങളായി തൊഴിലാളി യൂണിയനുമായി തുടരുന്ന ചർച്ചകൾക്കൊടുവിലാണ് 5.2 ശതമാനം ശമ്പള വർധനയ്ക്ക് ധാരണയായത്. മാർച്ച് 30 മുതൽ പുതിയ ശമ്പള നിരക്ക് പ്രാബല്യത്തിലാകും. 12.45 പൗണ്ടാകും മണിക്കൂറിന് മാർച്ച് 30 മുതലുള്ള ശമ്പളം. ഇത് ഓഗസ്റ്റിൽ അൽപം കൂടി വർധിപ്പിച്ച് 12.64 പൗണ്ടായി ഉയർത്തും. അഞ്ചു ശതമാനം ശമ്പള വർധന വരുത്തുമ്പോളും ജീവനക്കാർക്ക് ലഭിക്കുന്നത് ദേശിയ മിനിമം വേജസായ 12.21 പൗണ്ടിനേക്കാൾ കേവലം 44 പെൻസ് അധികം മാത്രമാണ്.
ഇതോടൊപ്പം നിലവിൽ ഞായറാഴ്ചകളിൽ ജോലി ചെയ്തിരുന്നവർക്ക് ലഭ്യമായിരുന്ന പത്തു ശതമാനം സൺഡേ പേ ബോണസ് റദ്ദാക്കുകയും ചെയ്യും. പുതുതായി റിക്രൂട്ട് ചെയ്യുന്ന ജോലിക്കാർക്ക് ഈ ആനുകൂല്യം നേരത്തെ തന്നെ നിഷേധിച്ചിരുന്നു. ഇതിനു പുറമേയാണ് പുതിയ പേയ്മെന്റ് ഡീലിന്റെ ഭാഗമായി നിലവിലുള്ള ജീവനക്കാരുടെയും സൺഡേ പേ ബോണസ് നിർത്തലാക്കുന്നത്. നൂറു കണക്കിന് മലയാളികൾ ഉൾപ്പെടെ 330,000 പേരാണ് ടെസ്കോയിൽ രാജ്യത്താകെ ജോലി ചെയ്യുന്നത്.
ശമ്പള വർധന പ്രാബല്യത്തിലാകുന്നതോടെ ലണ്ടൻ നഗരത്തിൽ ജോലി ചെയ്യുന്നവർക്ക് ലണ്ടൻ അലവൻസ് ഉൾപ്പെടെ മണിക്കൂറിന് 13.85 പൗണ്ടായി ശമ്പളം വർധിക്കും. ശമ്പള വർധനയ്ക്കായി 180 മില്യൻ പൗണ്ടാണ് കമ്പനി നീക്കിവയ്ക്കുന്നതെന്ന് യുകെ ചീഫ് എക്സിക്യൂട്ടീവ് വ്യക്തമാക്കി.
നേരത്തെ മറ്റൊരു സൂപ്പർ മാർക്കറ്റ് ശൃംഖലയായ സെയിൻസ്ബറീസും അഞ്ചു ശതമാനം ശമ്പള വർധന പ്രഖ്യാപിച്ചിരുന്നു. ജർമൻ സൂപ്പർ മാർക്കറ്റ് ചെയിനായ ലിഡിലിൽ ഫെബ്രുവരി മാസത്തിൽ തന്നെ ശമ്പളം 12.75 പൗണ്ടായി വർധിപ്പിച്ചിരുന്നു. ഇതിനെത്തുടർന്നാണ് മറ്റു സൂപ്പർ മാർക്കറ്റുകളും ശമ്പള വർധനയ്ക്ക് നിർബന്ധിതരായത്. ഇതോടൊപ്പം നാഷനൽ മിനിമം വേജസ് വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനം കൂടി വന്നതോടെ ട്രേഡ് യൂണിയനുകളുടെ ആവശ്യം കമ്പനികൾക്ക് അംഗീകരിക്കാതെ തരമില്ലാതായി.