ADVERTISEMENT

ലണ്ടൻ/തൃശൂർ∙ സ്‌കോട്‌ലൻഡിൽ മലയാളി വിദ്യാർഥിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കണമെന്ന് കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു. സ്റ്റിർലിങ് യൂണിവേഴ്‌സിറ്റിയിലെ എംഎസ് സ്‌പോർട്‌സ് മാനേജ്‌മെന്റ് വിദ്യാർഥിയായിരുന്ന എബൽ തറയിൽ (24) ആണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ബുധനാഴ്ച രാത്രി 9.30ന് സ്കോട്ട് റെയിൽവേ അധികൃതരാണ് റെയിൽവേ ട്രാക്കിൽ നിന്നും മൃതദേഹം കണ്ടെത്തിയ വിവരം ബ്രിട്ടിഷ് ട്രാൻസ്‌പോർട്ട് പൊലീസിനും സ്‌കോട്ടിഷ് ആംബുലൻസ് സർവീസിനും കൈമാറിയത്.

യൂണിവേഴ്സിറ്റിക്ക് സമീപമുള്ള സ്റ്റിർലിങിനും അലോവയ്ക്കും ഇടയിലുള്ള റെയിൽവേ ട്രാക്കിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇപ്പോൾ ലാർബർട്ട് ഫോർത്ത് വാലി റോയൽ എൻഎച്ച്എസ് ഹോസ്പിറ്റൽ മോർച്ചറിയിൽ ആണ് സൂക്ഷിച്ചിട്ടുള്ളത്.

എബലിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരുകയാണ്. ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ എബൽ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് കുടുംബാംഗങ്ങളും സഹപാഠികളും പറഞ്ഞു. മരണത്തിന് പിന്നിലുള്ള ദുരൂഹത കണ്ടെത്തണമെന്ന്‌ കുടുംബാംഗങ്ങൾ അവശ്യപ്പെട്ടു. 

എബൽ തറയിൽ.
എബൽ തറയിൽ.

തൃശൂർ അയ്യന്തോൾ എസ്എൻ പാർക്ക് തറയിൽ ഹൗസിൽ പരേതനായ വിമുക്തഭടൻ ടി. യു. ശശീന്ദ്രൻ, തൃശൂർ മെഡിക്കൽ കോളജിലെ റിട്ട. ഹെഡ് നഴ്സ് എം. എസ്. പദ്മിനി എന്നിവരാണ് എബലിന്റെ മാതാപിതാക്കൾ. കോഴിക്കോട് സ്വകാര്യ സ്ഥാപനത്തിൽ മാർക്കറ്റിങ് ഹെഡായി ജോലി ചെയ്യുന്ന അബിറാം തറയിൽ ആണ് ഏക സഹോദരൻ. ഡോ. കാർത്തിക പ്രദീപ്‌ ആണ് സഹോദര ഭാര്യ.

മൃതദേഹം കണ്ടെത്തിയ ദിവസം യുകെ സമയം ഉച്ചയ്ക്ക് ശേഷം 3.30 ന് എബൽ തന്നെ വാട്സ്ആപ്പ് വഴി വിഡിയോ കോൾ ചെയ്തിരുന്നുവെന്നും കുടുംബാംഗങ്ങൾ എല്ലാവരുമായി സംസാരിച്ചിരുന്നുവെന്നും സഹോദരൻ അബിറാം തറയിൽ മനോരമ ഓൺലൈനിനോട് പറഞ്ഞു. പതിവ് പോലെ ഏറെ നേരം നീണ്ടു നിന്ന സംസാരത്തിൽ ഒരു തരത്തിലും ആത്മഹത്യ ചെയ്യേണ്ട സാഹചര്യം സംബന്ധിച്ച സംസാരങ്ങൾ ഒന്നും തന്നെ ഉണ്ടായില്ലെന്നും അബിറാം കൂട്ടിച്ചചേർത്തു. എന്നാൽ സംഭവത്തിന്‌ ഒരാഴ്ച മുൻപ് യൂണിവേഴ്സിറ്റിയിൽ സഹപാഠിയായിരുന്ന ഡൽഹി സ്വദേശിയായ പെൺകുട്ടി വീട്ടിൽ അതിക്രമിച്ചു കയറി ജനലും മറ്റും തകർത്ത സംഭവം ഉണ്ടായതായി അറിഞ്ഞിരുന്നു. ഇതു സംബന്ധിച്ചുള്ള സാഹചര്യങ്ങൾ  കൊലപാതകം ഉൾപ്പടെയുള്ള കാര്യങ്ങളിലേക്ക് നയിച്ചോ എന്നുള്ളതാണ് തങ്ങളുടെ സംശയമെന്നും കുടുംബാംഗങ്ങൾ പറയുന്നു. അതിനാൽ കാര്യക്ഷമമായ അന്വേഷണം ഉണ്ടാകണം എന്നാണ് കുടുംബാംഗങ്ങളുടെ ആവശ്യം.

തൃശൂർ സെന്റ് അലോഷ്യസ് കോളജിലെ ബിബിഎ പഠനത്തിന് ശേഷമാണ് സ്കോട്‌ലൻഡിലെ സ്റ്റിർലിങ് യൂണിവേഴ്‌സിറ്റിയിൽ വിദ്യാർഥി വീസയിൽ എബൽ എത്തുന്നത്. പഠനത്തിന് ശേഷം പോസ്റ്റ് സ്റ്റഡി വർക്ക്‌ വീസയിൽ ആയിരുന്ന എബൽ അത്‌ലറ്റിക് കോച്ചായും സെയിൽസ് അഡ്വൈസറായും ജോലി ചെയ്തു വരികയായിരുന്നു.

മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും മരണത്തിന് പിന്നിലെ ദുരൂഹത നീക്കുന്നതിനും യുകെയിലെ ഇന്ത്യൻ എംബസി അധികൃതരുടെ ഇടപെടീൽ ഉണ്ടാകണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെടുന്നു. ഇതിനായി സഹായം അഭ്യർത്ഥിച്ച് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി എന്നിവർക്ക് എബലിന്റെ അമ്മ നിവേദനം നൽകിയിട്ടുണ്ട്. ഇന്ന് രാവിലെ തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോയ്ക്കും നേരിട്ട് നിവേദനം നൽകി. സ്കോട്‌ലൻഡ് കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ എഡിൻബർഗിനും നിവേദനം കൈമാറിയിട്ടുണ്ട്. 

2024 ഡിസംബറിൽ കാണാതായ മലയാളി വിദ്യാർഥിനി സാന്ദ്ര സജുവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയപ്പോൾ 29 ദിവസങ്ങൾക്ക് ശേഷമാണ് നാട്ടിലേക്ക് വിട്ടുകിട്ടിയത്. അത്രത്തോളം തന്നെ താമസം എബലിന്റെ കാര്യത്തിലും ഉണ്ടാകും എന്നാണ് ലഭ്യമാകുന്ന വിവരം. എബലിന്റെ മരണത്തിലെ ദുരൂഹതയെ പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്കോട്‌ലൻഡിലെ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മ  മിഥുൻ കെ. മോഹനന്റെയും സുനിൽ പായിപ്പാടിന്റെയും നേതൃത്വത്തിൽ സ്കോട്ടിഷ് പാർലമെന്റ് അംഗം ക്രിസ് കേനിന് നിവേദനം സമർപ്പിച്ചു. എബലിന്റെ ബന്ധുക്കൾ ആരും തന്നെ യുകെയിൽ ഇല്ലാത്തതിനാൽ തുടർനടപടികൾ ക്രോഡീകരിക്കുവാൻ സ്കോട്‌ലൻഡിലെ പൊതുപ്രവർത്തകനായ സുനിൽ പായിപ്പാടിനെയാണ് കുടുംബാംഗങ്ങൾ നെക്സ്റ്റ് ഓഫ് കിൻ ആയി ചുമതലപ്പെടുത്തിയിട്ടുള്ളത്. എബലിന് വേണ്ടി കൈരളി യുകെയുടെ സെക്രട്ടറി കുര്യൻ ജേക്കബ്, വിവിധ മലയാളി അസോസിയേഷൻ ഭാരവാഹികൾ എന്നിവ കോൺസുലേറ്റ്
ഓഫീസുമായി ബന്ധപ്പെടുന്നുണ്ട്.

English Summary:

Abel Tharayil a Malayali student whose body found on railway tracks in Scotland. Family demands investigation into mystery.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com