കൗതുകം ലേശം കൂടുതലാ...: സുനിതയെയും സംഘത്തെയും വരവേൽക്കാൻ ഡോൾഫിനുകൾ എത്തിയതിന് പിന്നിൽ

Mail This Article
ഒൻപതു മാസക്കാലം ബഹിരാകാശത്ത് കുടുങ്ങിപ്പോയ സുനിതാ വില്യംസിനെയും ബുച്ച് വിൽമോറിനെയും വഹിച്ചുകൊണ്ടുള്ള സ്പെയ്സ് എക്സിന്റെ ഡ്രാഗൺ ക്രൂ 9 പേടകം അറ്റ്ലാന്റിക് സമുദ്രത്തിൽ പതിച്ച നിമിഷങ്ങൾ ഏറെ ആകാംഷയോടെയാണ് ലോകം കണ്ടിരുന്നത്. അറ്റ്ലാന്റിക് സമുദ്രത്തിലെ ഗൾഫ് ഓഫ് അമേരിക്കയിൽ വന്നിറങ്ങിയ ബഹിരാകാശ യാത്രികരെ ആദ്യം സ്വാഗതം ചെയ്തത് മനുഷ്യരല്ല മറിച്ച് ഒരുപറ്റം ഡോൾഫിനുകളാണ്. റിക്കവറി പ്രവർത്തനങ്ങൾക്കിടെ ക്യാപ്സൂളിന് ചുറ്റും ഡോൾഫിനുകൾ നീന്തി തുടിക്കുന്ന കാഴ്ച ഏറെ കൗതുകമുണർത്തുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഡോൾഫിനുകൾ ഡ്രാഗൺ ക്യാപ്സ്യൂളിന് സമീപത്തേക്ക് എത്തിയതിന് പിന്നിൽ ഒരു കാരണമുണ്ട്. അവയുടെ പ്രത്യേക സ്വഭാവ സവിശേഷതയാണത്. ജീവികളിൽ ഏറ്റവും ബുദ്ധിയുള്ള കൂട്ടത്തിൽപ്പെടുന്നവരാണ് ഡോൾഫിനുകൾ. ഇവയുടെ സ്വഭാവവും പെരുമാറ്റ രീതികളും ജന്തു ശാസ്ത്ര ലോകത്തെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ചുറ്റുമുള്ളതിനെയൊക്കെ ഏറെ കൗതുകത്തോടെ നോക്കിക്കാണുന്നവയാണ് ഡോൾഫിനുകൾ. പുതിയതായി എന്തെങ്കിലും ഒരു വസ്തു കണ്ണിൽപ്പെട്ടാൽ അത് എന്താണെന്ന് കണ്ടുപിടിക്കാനുള്ള ജിജ്ഞാസ അവയുടെ പൊതുസ്വഭാവമാണ്. ഡ്രാഗൺ ക്രൂ9 പേടകം സമുദ്രത്തിൽ പതിച്ച നിമിഷം തന്നെ അത് കാണാൻ ഡോൾഫിൻ കൂട്ടം എത്തിയതിന് പിന്നിലെ കാരണവും മറ്റൊന്നല്ല.
ബോട്ടുകൾക്ക് തൊട്ടടുത്തു കൂടി ഡോൾഫിനുകൾ നീന്തുന്നതും കടലിൽ ഇറങ്ങുന്ന നീന്തൽക്കാർക്ക് സമീപത്തേക്ക് എത്തുന്നതും പുതിയ കാര്യങ്ങൾ കണ്ടറിയാനുള്ള കൗതുകം കൊണ്ടാണ്. എന്നാൽ ഈ കൗതുകം കൊണ്ട് തീരുന്നതല്ല ഡോൾഫിനുകളുടെ വ്യതിരിക്തമായ സ്വഭാവ രീതി. മറ്റുള്ളവയോട് ഏറെ സൗഹൃദപരമായി പെരുമാറാനും കൂട്ടമായി സമയം പങ്കിടാനും ആഗ്രഹിക്കുന്നവയാണ് അവ. പരസ്പരം ആശയവിനിമയം നടത്താനുള്ള മാർഗങ്ങൾ പോലും ഡോൾഫിനുകൾ കണ്ടെത്തിയിട്ടുണ്ട്. പലതരം ശബ്ദങ്ങൾ, വിസിലുകൾ, ശരീരചലനങ്ങൾ എന്നിവ ഉപയോഗിച്ചാണ് ഇവ ആശയവിനിമയം നടത്തുന്നത്.
കണ്ണാടിയിൽ സ്വന്തം പ്രതിബിംബം നോക്കി തിരിച്ചറിയാനാവും എന്നത് ഡോൾഫിനുകളുടെ ബുദ്ധിശക്തിയെയും സൂചിപ്പിക്കുന്നു. ഇതിനുപുറമേ കടലിന്റെ അടിത്തട്ടിൽ നിന്നും ഭക്ഷണം തേടുന്ന സമയത്ത് മുഖഭാഗത്ത് മുറിവേൽക്കാതിരിക്കാൻ പ്രത്യേക വിദ്യകൾ അവ അവലംബിക്കാരും ഉണ്ട്. പൊതുവേ മറ്റു കടൽ ജീവികൾ മനുഷ്യരെ കണ്ടാൽ ഭയന്ന് അകലുമെങ്കിൽ ഡോൾഫിനുകൾ അൽപം കൂടി സൗഹൃദപരമായി പെരുമാറും. മറ്റ് ഏതെങ്കിലും ഇനത്തിൽപ്പെട്ട ജീവജാലങ്ങൾ അപകടത്തിൽ പെട്ടാൽ ആവശ്യമെങ്കിൽ സഹായിക്കാൻ പോലും ഡോൾഫിനുകൾ തയ്യാറാണ്.
കടലിൽ പതിച്ച ഡ്രാഗൺ ക്യാപ്സ്യൂളിന് സമീപം ഏറെനേരം വട്ടംചുറ്റി നീന്തിയ ശേഷമാണ് ഡോൾഫിനുകൾ മടങ്ങിയത്. ഒരുതരത്തിലും അവ റിക്കവറി പ്രവർത്തനങ്ങൾക്ക് വെല്ലുവിളി ഉയർത്തിയില്ലെന്നും നാസ വ്യക്തമാക്കുന്നു. വിവിധ ഇനങ്ങളിൽപ്പെട്ട ഡോൾഫിനുകൾ ധാരാളമുള്ള മേഖലയാണ് അറ്റ്ലാന്റിക് സമുദ്രത്തിലെ ഗൾഫ് ഓഫ് അമേരിക്ക. ഇവിടെ ഏറ്റവും അധികം കാണാനാവുന്നത് കോമൺ ബോട്ടിൽ നോസ് ഡോൾഫിനുകളെയാണ്. തീരത്തോട് അടുത്ത മേഖലകളിലും ഉൾക്കടലുകളിലും അഴിമുഖങ്ങളിലുമെല്ലാം ഇവയെ കാണാനാകും. വ്യത്യസ്ത സമുദ്ര പരിസ്ഥിതികളിൽ ജീവിക്കാൻ കഴിവുള്ളവയാണ് ഡോൾഫിനുകൾ എന്ന് ഇത് വ്യക്തമാക്കുന്നു. ബോട്ടിൽ നോസ് ഡോൾഫിനുകൾക്ക് പുറമേ അറ്റ്ലാന്റിക് സ്പോട്ടഡ് ഡോൾഫിൻ, സ്പിന്നർ ഡോൾഫിൻ, ഫ്രാസേർസ് ഡോൾഫിൻ, റഫ് ടൂത്ത്ഡ് ഡോൾഫിൻ തുടങ്ങിയ ഇനങ്ങളും ഈ മേഖലയിലുണ്ട്.

അതേസമയം ഈ പ്രദേശത്തെ പാരിസ്ഥിതിക മാറ്റങ്ങൾ മൂലം ഡോൾഫിനുകൾ ഭീഷണി നേരിടുന്നുണ്ടെന്നും പരിസ്ഥിതിവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സമുദ്ര മലിനീകരണവും ഇവയെ വലിയതോതിൽ ബാധിക്കുന്നുണ്ട്. ഫ്ലോറിഡ തീരത്തെ വിഷലിപ്തമായ ചില പായൽ ഇനങ്ങൾ ഡോൾഫിനുകളുടെ ജീവന് തന്നെ ഹാനികരമാണെന്നും കണ്ടെത്തിയിട്ടുണ്ട്.