ചെമ്മീനും ഞണ്ടിനും കിളിമീനും ‘എംഎസ്‌സി’ സർട്ടിഫിക്കറ്റ്; ഇനി കുതിക്കാം കൂടുതൽ വിപണികളിലേക്ക്

Mail This Article
തിരുവനന്തപുരം ∙ ആഴക്കടൽ ചെമ്മീൻ, തീര ചെമ്മീൻ, കണവ, കിളിമീൻ, ഞണ്ട് (ബ്ലൂ സ്വിമ്മിങ് ക്രാബ്), സ്റ്റാർ ഫിഷ് (നീരാളി) ഉൾപ്പെടെ രാജ്യത്തെ 12 സുപ്രധാന മത്സ്യയിനങ്ങൾക്ക് ആഗോളതലത്തിലെ മറൈൻ സ്റ്റുവാർഡ്ഷിപ് കൗൺസിലിന്റെ (എംഎസ്‌സി) സർട്ടിഫിക്കേഷൻ വൈകാതെ ലഭിക്കും.

രാജ്യാന്തരതലത്തിൽ ഏറെ സ്വീകാര്യതയുള്ള എംഎസ്‌സി സർട്ടിഫിക്കേഷൻ ലഭിക്കുന്നതോടെ ഇന്ത്യൻ മത്സ്യത്തിന് വിപണി സാധ്യത വർധിക്കുകയും കൂടുതൽ വില ലഭിക്കുകയും ചെയ്യും. മത്സ്യത്തൊഴിലാളികൾ മുതൽ കയറ്റുമതി രംഗത്തുള്ളവർക്കു വരെ സർട്ടിഫിക്കേഷൻ ഗുണം ചെയ്യും. ‘അഷ്ടമുടി കക്ക’യാണ് ഇന്ത്യയിൽനിന്ന് എംഎസ്‌സി സർട്ടിഫിക്കേഷൻ നേടിയ ഏക ഉൽപന്നം. 2014–ലാണ് അഷ്ടമുടി കക്കയ്ക്ക് ഈ അംഗീകാരം ലഭിച്ചത്.

മത്സ്യയിനങ്ങളുടെ സുസ്ഥിര സമ്പത്ത്, കുറഞ്ഞ പാരിസ്ഥിതിക ആഘാതം, ഫലപ്രദമായ ശാസ്ത്രീയ പരിപാലന സംവിധാനങ്ങൾ എന്നിവയാണ് ആഗോള സർട്ടിഫിക്കേഷൻ നേടുന്നതിനുള്ള മാനദണ്ഡങ്ങളിൽ ചിലത്. 12 ഇനങ്ങൾക്കായി സർട്ടിഫിക്കേഷനുള്ള പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഫിഷറീസ് സെക്രട്ടറി ബി.ബി.അബ്ദുൽ നാസർ ‘മനോരമ’യോടു പറഞ്ഞു.

മത്സ്യലഭ്യതയിലെ കുറവും കാലാവസ്ഥ വ്യതിയാനവും മൂലം പ്രതിസന്ധിയിലായ മത്സ്യമേഖലയെ രക്ഷിക്കാൻ സുസ്ഥിര രീതികളിലേക്കു മാറണമെന്നാണ് ആവശ്യം. മീനുകൾക്ക് ഇക്കോ ലേബലിങ്ങും ആഗോള സുസ്ഥിരത സർട്ടിഫിക്കേഷനും ഏർപ്പെടുത്തുന്നത് മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിന് വഴിയൊരുക്കുമെന്ന് സമുദ്രശാസ്ത്രജ്ഞനായ ഡോ.സുനിൽ മുഹമ്മദ് ചൂണ്ടിക്കാട്ടി. സുസ്ഥിര രീതികളിലേക്കു മാറിയില്ലെങ്കിൽ മത്സ്യമേഖല കൂടുതൽ പ്രതിസന്ധിയിലാവും. ചെമ്മീൻ, കൂന്തൽ എന്നിവയുടെ ലഭ്യതയിൽ ഇപ്പോൾതന്നെ ഗണ്യമായ കുറവുണ്ട്.