കാത്തുകാത്തിരുന്ന് നടത്തിയ ചാംപ്യൻസ് ട്രോഫിയിൽ ടീമിന് സമ്പൂർണ തോൽവി; പാക്ക് ബോർഡിന് 869 കോടി രൂപയുടെ ബാധ്യത, വൻ പ്രതിസന്ധി

Mail This Article
ഇസ്‍ലാമാബാദ്∙ മൂന്നു പതിറ്റാണ്ടോളം നീണ്ടുനിന്ന കാത്തിരിപ്പിനു ശേഷം ആതിഥ്യം വഹിക്കാൻ അവസരം ലഭിച്ച ഐസിസി ടൂർണമെന്റ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് (പിസിബി) സമ്മാനിച്ചത് കോടിക്കണക്കിനു രൂപയുടെ ബാധ്യതയെന്ന് റിപ്പോർട്ട്. ഏതാണ്ട് 869 കോടിയോളം രൂപയുടെ നഷ്ടമാണ് ചാംപ്യൻസ് ട്രോഫി നടത്തിപ്പിലൂടെ പിസിബി നേരിട്ടതെന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ട്. കനത്ത സാമ്പത്തിക നഷ്ടത്തിന്റെ പശ്ചാത്തലത്തിൽ പിടിച്ചുനിൽക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കളിക്കാരുടെ മാച്ച് ഫീ 90 ശതമാനം വരെ കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് പിസിബി കടന്നേക്കുമെന്നാണ് വിവരം.
കാത്തുകാത്തിരുന്ന് ആതിഥ്യം വഹിക്കാൻ അവസരം ലഭിച്ച ഐസിസി ടൂർണമെന്റ് പിസിബിക്ക് വരുത്തിവച്ച വൻ സാമ്പത്തിക ബാധ്യതയെക്കുറിച്ച് ‘ടെലഗ്രാഫ് ഇന്ത്യ’യാണ് റിപ്പോർട്ട് ചെയ്തത്. ഈ റിപ്പോർട്ട് പ്രകാരം, ചാംപ്യൻസ് ട്രോഫിക്കായി റാവൽപിണ്ടി, ലഹോർ, കറാച്ചി എന്നിവിടങ്ങളിലെ വേദികൾ നവീകരിക്കാൻ പിസിബി 58 മില്യൻ യുഎസ് ഡോളറാണ് ചെലവഴിച്ചത്. നിശ്ചയിച്ച ബജറ്റിലും 50 ശതമാനം വർധനയോടെയാണ് സ്റ്റേഡിയം നവീകരണം പൂർത്തിയായത്. ടൂർണമെന്റിന്റെ സംഘാടനത്തിനായി പാക്കിസ്ഥാൻ ബോരർഡ് 40 മില്യൻ യുഎസ് ഡോളർ കൂടി ചെലവഴിച്ചതായി റിപ്പോർട്ട് പറയുന്നു.
എന്നാൽ ടൂർണമെന്റിൽനിന്ന് പാക്കിസ്ഥാന് ലഭിച്ച വരുമാനം തീരെ തുച്ഛമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ആതിഥേയർക്കുള്ള ഫീയായി 6 മില്യൻ യുഎസ് ഡോളറാണ് പിസിബിക്ക് ലഭിച്ചത്. പാക്കിസ്ഥാൻ ടീമിന് നാട്ടിൽ കളിക്കാനായത് ഒരേയൊരു മത്സരം മാത്രമാണെന്നിരിക്കെ, ടിക്കറ്റ് വിൽപനയിലൂടെയുള്ള വരുമാനവും സ്പോൺസർഷിപ്പിൽ നിന്നുള്ള വരുമാനവും കുത്തനെ ഇടിഞ്ഞു. ഫലത്തിൽ 85 മില്യൻ യുഎസ് ഡോളറിന്റെ ബാധ്യതയാണ് ചാംപ്യൻസ് ട്രോഫി പാക്കിസ്ഥാന് സമ്മാനിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ചാംപ്യൻസ് ട്രോഫിയിൽ ടീമിന്റെ പ്രകടനം ദയനീയമായിപ്പോയതിന്റെ അലയൊലികൾ അടങ്ങും മുൻപാണ്, ടൂർണമെന്റ് വരുത്തുവച്ച ഭീമമായ സാമ്പത്തിക നഷ്ടത്തിന്റെ കണക്കുകൂടി പുറത്തുവരുന്നത്. ഇന്ത്യയും ന്യൂസീലൻഡും ബംഗ്ലദേശും ഉൾപ്പെട്ട ഗ്രൂപ്പിലായിരുന്ന പാക്കിസ്ഥാന്, ഒറ്റ മത്സരം പോലും ജയിക്കാനായിരുന്നില്ല. ന്യൂസീലൻഡിനെതിരായ ഉദ്ഘാടന മത്സരത്തിലും ബദ്ധവൈരികളായ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിലും ദയനീയ തോൽവി വഴങ്ങിയപ്പോൾ, ആശ്വാസജയം പ്രതീക്ഷിച്ച ബംഗ്ലദേശിനെതിരായ മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടി വന്നതും തിരിച്ചടിയായി.
ഫലത്തിൽ മൂന്നു പതിറ്റാണ്ടിനു ശേഷം ആതിഥ്യം വഹിച്ച ടൂർണമെന്റിൽ, പാക്കിസ്ഥാൻ ടീമിന് സ്വന്തം ഗ്രൗണ്ടിൽ കളിക്കാനായത് ഒരേയൊരു മത്സരം മാത്രമാണ്. അതും ന്യൂസീലൻഡിനെതിരായ ഉദ്ഘാടന മത്സരം മാത്രം. ടൂർണമെന്റിനായി പാക്കിസ്ഥാനിലേക്ക് പോകാൻ ഇന്ത്യൻ ടീം വിസമ്മതിച്ചതിനാൽ ഇന്ത്യയ്‌ക്കെതിരായ മത്സരം നിഷ്പക്ഷ വേദിയെന്ന നിലയിൽ ദുബായിലാണ് നടത്തിയത്. മൂന്നാം മത്സരം ഉപേക്ഷിക്കുക കൂടി ചെയ്തതോടെ ആതിഥ്യം വഹിച്ച ടൂർണമെന്റിൽ സ്വന്തം ടീമിന് ഒറ്റ മത്സരം മാത്രമേ കളിക്കാനായുള്ളൂ എന്നത് സാമ്പത്തിക ബാധ്യതയ്ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
വരുന്ന ദേശീയ ട്വന്റി20 ചാംപ്യൻഷിപ്പിലാണ് കളിക്കാരുടെ മാച്ച് ഫീ 90 ശതമാനം വരെ വെട്ടിക്കുറയ്ക്കാൻ പിസിബി നീക്കം നടത്തുന്നത്. റിസർവ താരങ്ങൾക്കും 87.5 ശതമാനം വരെ വരുമാനത്തിൽ കുറവുണ്ടാകും. അതേസമയം, ചാംപ്യൻസ് ട്രോഫി നടത്തിപ്പിലൂടെ ബോർഡിനുണ്ടായ കനത്ത സാമ്പത്തിക നഷ്ടത്തിന്റെ ഭാരം കളിക്കാരുടെ ചുമലിൽ വയ്ക്കാൻ നീക്കം നടക്കുന്നുവെന്ന വാർത്ത പിസിബി അധ്യക്ഷൻ മൊഹ്സിൻ നഖ്‌വി തള്ളിക്കളഞ്ഞു.
അതേസമയം, ചെലവുചുരുക്കലിന്റെ ഭാഗമായി യാത്ര, താമസം തുടങ്ങി എല്ലാ കാര്യങ്ങളിലും ആഡംബരം കുറയ്ക്കാൻ നിർദ്ദേശിച്ചതായി റിപ്പോർട്ടുണ്ട്. ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ഉൾപ്പെടെയുള്ള താമസം ഒഴിവാക്കാനും ബജറ്റ് ഹോട്ടലുകളിലേക്ക് മാറ്റാനുമാണ് നീക്കം.