ക്ഷേത്രത്തിൽ ഗാനമേളയ്ക്കിടെ വിപ്ലവ ഗാനങ്ങളും സിപിഎം കൊടികളും ഇൻക്വിലാബും: വിവാദം

Mail This Article
കടയ്ക്കൽ (കൊല്ലം)∙ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായുള്ള ഗാനമേളയ്ക്കിടെ വിപ്ലവ ഗാനങ്ങൾ ആലപിക്കുകയും പിന്നിലെ സ്ക്രീനിൽ സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും കൊടികളുടെ ദൃശ്യം കാട്ടുകയും ചെയ്തതിനെതിരെ വിവാദം. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള കടയ്ക്കൽ ദേവീക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിന്റെ ഭാഗമായി ഗായകൻ അലോഷി അവതരിപ്പിച്ച ഗാനമേളയ്ക്കിടെയാണു സംഭവം. കോൺഗ്രസും ബിജെപി – ഹൈന്ദവ സംഘടനകളും ഇതിനെതിരെ രംഗത്തെത്തി.കഴിഞ്ഞ 10 നാണു ക്ഷേത്രത്തിൽ സിപിഎമ്മിനോട് ആഭിമുഖ്യമുള്ള വ്യാപാരി വ്യവസായി സമിതി മടത്തറ യൂണിറ്റ്, കടയ്ക്കൽ ഏരിയ കമ്മിറ്റി എന്നിവ ചേർന്നു ഗാനമേള നടത്തിയത്.

‘ പുഷ്പനെ അറിയാമോ...’, ‘നൂറു പൂക്കളെ...’ തുടങ്ങിയ പാട്ടുകൾ അലോഷി ആലപിച്ചു. ഈ സമയം സ്റ്റേജിലെ എൽഇഡി സ്ക്രീനിൽ സിപിഎം, ഡിവൈഎഫ്ഐ കൊടികളും ചിഹ്നങ്ങളും തെളിഞ്ഞു. ഇതോടെ സദസ്സിൽ നിന്ന് ഇൻക്വിലാബ് സിന്ദാബാദ് വിളികളും മുഴങ്ങി. പ്രദേശത്തെ സിപിഎം നേതാക്കൾ ഉൾപ്പെടെ സദസ്സിന്റെ മുൻനിരയിൽ ഇരുന്നു താളം പിടിക്കുന്നതു സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങൾക്കു വിരുദ്ധമായാണു ഗാനമേള എന്നാരോപിച്ചാണ് കോൺഗ്രസും ബിജെപിയും ഉൾപ്പെടെ രംഗത്തെത്തിയത്.
തിരുവാതിര ഉത്സവ നടത്തിപ്പിനു രൂപീകരിച്ച കമ്മിറ്റിയിലും ക്ഷേത്രോപദേശക സമിതിയിലും സിപിഎം പ്രാദേശിക നേതാക്കൾക്കാണു മുൻതൂക്കം. ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രത്തിലെ ഉത്സവ പരിപാടി സിപിഎമ്മിന്റെ പ്രചാരണ വേദിയാക്കാൻ ശ്രമിച്ചെന്നാരോപിച്ചു കോടതിയെ സമീപിക്കാനാണു കോൺഗ്രസ് തീരുമാനം. അമ്പലത്തിൽ ഉത്സവം നടക്കുമ്പോൾ എന്തിനാണ് ഇൻക്വിലാബ് സിന്ദാബാദ് വിളിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചോദിച്ചു. സിപിഎമ്മുകാർ ഇപ്പോൾ അമ്പലത്തിൽ പോയി ‘ പുഷ്പനെ അറിയാമോ’ എന്ന പാട്ടു പാടുകയാണെന്നും അദ്ദേഹം ആരോപിച്ചു. വിവാദത്തിൽ പ്രതികരിക്കാനില്ലെന്ന് അലോഷി അറിയിച്ചു.
വിപ്ലവ ഗാനം പാടിയതിൽ തെറ്റില്ലെന്ന് ബ്രാഞ്ച് സെക്രട്ടറി
ഉത്സവ പരിപാടികൾ നടത്തുന്നതുൾപ്പെടെയുള്ള ചുമതല അതതു വർഷം തിരഞ്ഞെടുക്കപ്പെടുന്ന ഉത്സവ കമ്മിറ്റിക്കും ക്ഷേത്രോപദേശക സമിതിക്കും ആണെന്നും ക്ഷേത്രാചാരത്തിൽ മാത്രമാണു ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് അധികാരമെന്നും ബോർഡ് പുനലൂർ അസി.കമ്മിഷണർ ജെ. ഉണ്ണിക്കൃഷ്ണൻ നായർ പറഞ്ഞു. വിപ്ലവ ഗാനം പാടിയതിൽ തെറ്റില്ലെന്നും സ്ക്രീനിൽ രാഷ്ട്രീയ പാർട്ടിയുടെ കൊടിയും ചിഹ്നവും ഉയർത്തിയതിനെ ന്യായീകരിക്കുന്നില്ലെന്നും ക്ഷേത്രോപദേശ സമിതി പ്രസിഡന്റും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ എസ്. വികാസ് പറഞ്ഞു. കൊല്ലത്തു നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 8 നു കൊല്ലം നഗരത്തിൽ അലോഷിയുടെ ഗാനമേള പാർട്ടി സംഘടിപ്പിച്ചിരുന്നു.
‘ആചാരാനുഷ്ഠാനങ്ങൾ തകർക്കാൻ ശ്രമം’
ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങൾ തകർക്കുന്നതിനാണു സിപിഎം ശ്രമിച്ചതെന്നു കോൺഗ്രസ് ചടയമംഗലം ബ്ലോക്ക് പ്രസിഡന്റ് പി.ആർ.സന്തോഷ്, മണ്ഡലം പ്രസിഡന്റുമാരായ അനിൽ ആരാമം, അജിദാസ് എന്നിവർ ആരോപിച്ചു. പ്രത്യേക വിശ്വാസവും ആചാരവും കൊണ്ടു മറ്റു ക്ഷേത്രങ്ങളിൽ നിന്നു വ്യത്യസ്തമാണു കടയ്ക്കൽ ക്ഷേത്രം. ഉത്സവ കമ്മിറ്റിയിലും ക്ഷേത്രോപദേശക സമിതിയിലും ഭൂരിപക്ഷവും സിപിഎം പ്രാദേശിക നേതാക്കളാണ്. ലോക്കൽ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ളവർ കൂട്ടത്തിലുണ്ട്. തിരുവിതാംകൂർ ദേവസ്വം കമ്മിഷണർക്കും കടയ്ക്കൽ പൊലീസിനും പരാതി നൽകിയതായും അവർ പറഞ്ഞു.
‘നിസാരമായി കാണേണ്ടതല്ല’
ഉത്സവത്തിനിടെ ക്ഷേത്രാങ്കണത്തിൽ രക്തസാക്ഷികൾക്ക് വേണ്ടി ഗാനാലാപനം നടത്തിച്ച സിപിഎം - ഡിവൈഎഫ്ഐക്കാർ നൽകുന്ന സൂചന നിസാരമായി കാണേണ്ടതല്ലെന്ന് ബിജെപി ഈസ്റ്റ് ജില്ല അധ്യക്ഷ രാജി പ്രസാദ്. ക്ഷേത്രഭൂമികൾ കയ്യേറാനുള്ള ആസൂത്രിത ശ്രമത്തിന്റെ പരിശീലനമാണ് കടയ്ക്കലിൽ നടന്നത്. ഇത് ജാഗ്രതയോടെ ഹൈന്ദവ സംഘടനകളും ബിജെപിയും നോക്കി കാണുന്നു.
നവകേരള സദസ്സിന് വേദി: വിവാദം അന്നും
2 വർഷം മുൻപു നവകേരള സദസ്സിനായി ക്ഷേത്ര മൈതാനം വേദിയാക്കാനുള്ള നീക്കവും വിവാദമായിരുന്നു. കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചതോടെ വേദി അന്ന് മറ്റൊരിടത്തേക്കു മാറ്റേണ്ടി വന്നു. ആചാരങ്ങളുമായി ബന്ധപ്പെട്ടല്ലാതെ മറ്റു പരിപാടികൾക്കു ക്ഷേത്ര വളപ്പ് ഉപയോഗിക്കരുതെന്നായിരുന്നു ഹൈക്കോടതി വിധി.