കന്യാകുമാരിയിലേക്ക് റോഡ് യാത്ര പോകാം; വഴികൾ പലതുണ്ട്!

Mail This Article
ഏതൊരു സഞ്ചാരിയും കാണാൻ കൊതിക്കുന്ന കാഴ്ചകളിൽ ഒന്നാണ് കന്യാകുമാരിയിലെ സൂര്യോദയവും സൂര്യാസ്തമയവും. ഇപ്പോൾ പുതുതായി വിവേകാനന്ദ പാറയിലേക്കുള്ള ഗ്ലാസ് പാലവും ഉണ്ട്. കന്യാകുമാരി മാത്രമല്ല അവിടേക്കുള്ള യാത്രയും അടിപൊളിയാണ്. മനോഹരമായ നിരവധി കാഴ്ചകൾ കണ്ടു വേണം കന്യാകുമാരിയിലേക്ക് എത്താൻ. ലാൻഡ്സ്കേപ്പുകളും കടൽത്തീരങ്ങളും ചരിത്രം ഉറങ്ങുന്ന നഗരങ്ങളും കണ്ടൊരു മനോഹര യാത്ര. കേരളത്തിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ ആയിക്കൊള്ളട്ടെ വളരെ മനോഹരമായ കാഴ്ചകളാണ് കന്യാകുമാരിയിലേക്കുള്ള യാത്രയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്.

തിരുവനന്തപുരം ടു കന്യാകുമാരി
തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേക്കുള്ള ദൂരം 90 കിലോമീറ്ററാണ്. രണ്ടു മണിക്കൂർ കൊണ്ട് എൻഎച്ച് 66 വഴി തിരുവനന്തപുരത്തു നിന്ന് കന്യാകുമാരിയിലേക്ക് എത്താം. തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേക്കുള്ള റോഡ് യാത്രയ്ക്കിടയിൽ നിരവധി കടൽത്തീര ഗ്രാമങ്ങളും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും കാണാം. ബൈപ്പാസ് റോഡ് വഴി യാത്ര തുടങ്ങി എൻ എച്ചിലേക്ക് കയറുകയാണെങ്കിൽ കോവളവും പൂവാറും ഒക്കെ കണ്ട് യാത്ര പോകാം. ഈ പാതയിൽ വലിയ ഗതാഗതകുരുക്കുകൾ ഒന്നും ഇല്ലാത്തതിനാൽ തന്നെ യാത്ര പൊതുവേ എളുപ്പമാണ്. കേരളത്തിന്റെ അതിർത്തി കടന്ന് തമിഴ്നാട്ടിലേക്കു കയറിയാൽ പദ്മനാഭപുരം കൊട്ടാരം കാണാം. ഉദയഗിരി കോട്ട, തൃപ്പരപ്പ് വെള്ളച്ചാട്ടം, വട്ടകോട്ടൈ കോട്ട, ഇതു കൂടാതെ നിരവധി ബീച്ചുകൾ എന്നിവയും കാണാം.

കൊച്ചി ടു കന്യാകുമാരി
കൊച്ചിയിൽ നിന്ന് കന്യാകുമാരി യാത്ര ആരംഭിക്കുന്നവർക്ക് എൻ എച്ച് 66 ആണ് ഏറ്റവും മികച്ച റൂട്ട്. 300 കിലോമീറ്ററോളം ദൂരമുണ്ട്. ഏഴു മുതൽ എട്ടു മണിക്കൂർ സമയം കൊണ്ട് കൊച്ചിയിൽ നിന്ന് കന്യാകുമാരിയിലേക്ക് എത്തിച്ചേരാം. ആലപ്പുഴ വഴി പോയാൽ കായലുകളും കടൽത്തീരങ്ങളും കണ്ട് കൊല്ലത്തിന്റെ സൗന്ദര്യവും ആസ്വദിച്ച് വർക്കല ബീച്ചും കണ്ട് യാത്ര മുന്നോട്ട് പോകാം.

മധുരൈ ടു കന്യാകുമാരി
കേരളത്തിൽ നിന്നു മാത്രമല്ല തമിഴ്നാട്ടിലെ വിവിധയിടങ്ങളിൽ നിന്നും കന്യാകുമാരിയിലേക്ക് എത്താൻ മനോഹരമായ പാതകളുണ്ട്. 245 കിലോമീറ്ററാണ് മധുരയിൽ നിന്ന് കന്യാകുമാരിയിലേക്ക് ഉള്ള ദൂരം. എൻ എച്ച് 44 വഴി യാത്ര ചെയ്താൽ അഞ്ചു മുതൽ ആറു മണിക്കൂർ വരെ യാത്ര ചെയ്താൽ മധുരയിൽ നിന്ന് കന്യാകുമാരിയിലേക്ക് എത്താം. ക്ഷേത്രങ്ങൾക്കും വെള്ളച്ചാട്ടങ്ങൾക്കും പ്രസിദ്ധമായ തിരുനെൽവേലി വഴിയാണ് യാത്ര. മീനാക്ഷി ക്ഷേത്രം, കുർടാലം വെള്ളച്ചാട്ടം, ശുചിന്ദ്രം ക്ഷേത്രം എന്നീ പ്രസിദ്ധമായ സ്ഥലങ്ങൾ കണ്ട് യാത്ര തുടരാം.
ചെന്നൈ ടു കന്യാകുമാരി
ചെന്നൈയിൽ നിന്ന് കന്യാകുമാരിയിലേക്ക് 700 കിലോമീറ്ററാണ് ദൂരം. എൻ എച്ച് 32, എൻ എച്ച് 44 എന്നീ റോഡുകളിലൂടെ വേണം യാത്ര മുന്നോട്ട് പോകാൻ. ഏകദേശം 12 മുതൽ 14 മണിക്കൂർ വരെ യാത്രയ്ക്കായി എടുക്കും. യുനെസ്കോ പൈതൃകകേന്ദ്രമായ മഹാബലിപുരം, രാമേശ്വരം എന്നീ സ്ഥലങ്ങൾ എല്ലാം സന്ദർശിച്ച് കന്യാകുമാരിയിലേക്ക് എത്തിച്ചേരാം.

ചുരുക്കത്തിൽ കന്യാകുമാരിയിലേക്കുള്ള ഓരോ യാത്രകളും അത്രമേൽ മനോഹരമാണ്. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനേക്കാൾ യാത്രകൾ ആസ്വദിക്കുന്നത് ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ ഒരു ബാഗുമെടുത്ത് ഇറങ്ങിക്കോളൂ, ശുഭയാത്ര...