ജഡ്ജിയുടെ വീട്ടിൽനിന്നു പണം കണ്ടെത്തിയെന്ന് പറഞ്ഞിട്ടില്ലെന്ന് ഫയർഫോഴ്സ് മേധാവി; അന്വേഷിക്കാൻ മൂന്നംഗ സമിതി

Mail This Article
ന്യൂഡൽഹി ∙ ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ വീട്ടിൽനിന്നു പണം കണ്ടെത്തിയ സംഭവത്തിൽ സുപ്രീം കോടതി ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചു. മലയാളിയും കർണാടക ഹൈക്കോടതി ജഡ്ജിയുമായ അനു ശിവരാമനും ഉൾപ്പെട്ടതാണ് മൂന്നംഗ സമിതി. അന്വേഷണത്തിന്റെ ഭാഗമായി ജഡ്ജി യശ്വന്ത് വർമയെ ജോലിയിൽനിന്നു മാറ്റിനിർത്തും. നേരത്തെ ജസ്റ്റിസ് യശ്വന്ത് വർമയ്‌ക്കെതിരെ കടുത്ത നടപടി വേണമെന്ന് ചില ജഡ്ജിമാർ ആവശ്യപ്പെട്ടു.
ഇതിനിടയിൽ, ജഡ്ജി യശ്വന്ത് വർമയുടെ വീട്ടിൽനിന്നു പണം കണ്ടെത്തിയിട്ടില്ലെന്നും തന്റെ പേരിൽ കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്തകൾ തെറ്റാണെന്നുമുള്ള പ്രസ്താവനയുമായി ഡൽഹി ഫയർഫോഴ്സ് മേധാവി അതുൽ ഗാർഗ് രംഗത്തുവന്നു. ‘‘15 മിനിറ്റിൽ തീയണച്ചു. വീട്ടുപകരണങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിലെ സ്റ്റേഷനറി സാധനങ്ങൾക്കാണ് തീപിടിച്ചതെന്നും തീകെടുത്തുന്നതിനിടെ പണം കണ്ടെത്തിയില്ല.’’ – അതുൽ ഗാർഗ് ഇങ്ങനെ പറഞ്ഞെന്ന തരത്തിലായിരുന്നു ദേശീയ ഏജൻസികൾ ഉൾപ്പെടെ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം തെറ്റായ വാർത്ത നൽകിയ മാധ്യമ സ്ഥാപനങ്ങൾക്ക് തന്റെ പരാമർശം സംബന്ധിച്ച വ്യക്തമായ കുറിപ്പ് നൽകിയിട്ടുണ്ടെന്ന് അതുൽ ഗാർഗ് പറഞ്ഞു.
യശ്വന്ത് വർമയുടെ വീട്ടിൽ തീപിടിത്തം ഉണ്ടായപ്പോൾ തീ അണയ്ക്കാൻ വന്ന അഗ്നിരക്ഷാസേനയാണ് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയത്. തീപിടിത്തം ഉണ്ടായ സമയത്തു യശ്വന്ത് വർമ വീട്ടിലുണ്ടായിരുന്നില്ല. കുടുംബാംഗങ്ങൾ അറിയിച്ചതിനെ തുടർന്നാണ് അഗ്നിരക്ഷാസേന വീട്ടിലെത്തി തീ അണച്ചത്. ഇതിനിടയിലാണ് ഒരു മുറിയിൽനിന്ന് കെട്ടുകണക്കിനു പണം കണ്ടെത്തിയത്. പരിശോധനയിൽ ഇവ കണക്കിൽപ്പെടാത്തതാണെന്നു സ്ഥിരീകരിക്കുകയായിരുന്നു.