ഒഴുക്കോടെ മലയാളം സംസാരിച്ച് ജർമൻ വിനോദസഞ്ചാരി; അമ്പരന്ന് ടാക്സി ഡ്രൈവർ, വിഡിയോ വൈറൽ

Mail This Article
വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ ഭാഷാപരമായ തടസ്സങ്ങൾ നേരിടേണ്ടി വരുന്നത് സാധാരണമാണ്. എന്നാൽ ചിലപ്പോൾ ഭാഷ അപ്രതീക്ഷിതവും ഹൃദ്യവുമായ ബന്ധങ്ങൾ സൃഷ്ടിക്കാറുണ്ട്. കേരളത്തിൽ ജർമൻ വിനോദസഞ്ചാരി ക്ലാര പ്രാദേശിക ടാക്സി ഡ്രൈവറുമായി അനായാസേന മലയാളത്തിൽ സംസാരിക്കുന്ന വൈറൽ വിഡിയോ ഇതിന് ഉത്തമ ഉദാഹരണമാണ്.
ക്ലാര ടാക്സിയിൽ കയറി മലയാളത്തിൽ അഭിവാദ്യം ചെയ്യുന്നതും അത് ഡ്രൈവറെ അദ്ഭുതപ്പെടുന്നതും വിഡിയോയിൽ കാണാം. മലയാളം സംസാരിക്കുന്ന ഒരു വിദേശിയെ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് ഡ്രൈവർ മറുപടി നൽകി. തുടർന്ന് ഇരുവരും മലയാളത്തിൽ സൗഹൃദപരമായ സംഭാഷണം നടത്തി.
മലയാളം പഠിക്കുകയാണെന്ന് ഇൻസ്റ്റഗ്രാമിൽ ക്ലാര പരാമർശിക്കുന്നുണ്ട്. ഈ വിഡിയോ പിന്നീട് തന്റെ അക്കൗണ്ടിൽ പങ്കുവെച്ചു. "ഊബർ ഡ്രൈവർമാരോട് മലയാളത്തിൽ സംസാരിക്കുമ്പോൾ എനിക്ക് എപ്പോഴും കൗതുകകരമായ പ്രതികരണമാണ് ലഭിക്കാറുള്ളത്. അതുകൊണ്ട് ഒരിക്കൽ അത് പകർത്താമെന്ന് കരുതി" – ക്ലാര ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
വിഡിയോ വൈറലായതോടെ നിരവധിപേരാണ് ക്ലാരയുടെ മലയാളം ഭാഷാ പ്രാവീണ്യത്തെ പ്രശംസിച്ചത്. ചിലർ തങ്ങളേക്കാൾ നന്നായി ക്ലാര മലയാളം സംസാരിക്കുന്നുവെന്ന് തമാശയായി പറയുന്നു.