സ്‌പെഷലിസ്റ്റ് ഡോക്ടർമാരെ കാണാൻ അതിവേഗ അപ്പോയ്ൻമെന്റ്; ഓപ്ഷനുകളുമായി ഖത്തർ എച്ച്എംസി

Mail This Article
ദോഹ ∙ ഹമദ് മെഡിക്കൽ കോർപറേഷന് (എച്ച്എംസി) കീഴിലുള്ള ആശുപത്രികളിൽ സ്‌പെഷലിസ്റ്റ് ഡോക്ടർമാരുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള അനുമതി എടുക്കാനും റീഷെഡ്യൂൾ ചെയ്യാനും റദ്ദാക്കാനും രോഗികൾക്ക് സൗകര്യപ്രദമായി ഒന്നിലധികം ഓപ്ഷനുകൾ . നേരത്തെ എടുത്ത അനുമതി പ്രകാരം കൃത്യസമയത്ത് എത്തിച്ചേരാൻ പറ്റാത്തവർക്ക് മറ്റൊരു തീയതിയിലേക്ക് മാറ്റുകയോ റദ്ദാക്കുകയോ ചെയ്യാം. രണ്ട് സൗകര്യങ്ങളാണ് ഇതിനുള്ളത്.
എടുത്ത തീയതി റീഷെഡ്യൂൾ ചെയ്യണമെങ്കിൽ അത് നേരത്തെ അറിയിച്ചാൽ രോഗിയുടെ സൗകര്യാർഥം ഉചിതമായ ദിവസവും സമയവും ഉറപ്പാക്കാൻ കഴിയുമെന്ന് ഹമദ് ഹെൽത്ത് കെയർ ക്വാളിറ്റി ഇൻസ്റ്റിറ്റ്യൂട്ടിലെ പേഷ്യന്റ് എക്സ്പീരിയൻസ് ചീഫും ഡയറക്ടറുമായ നാസർ അൽ നെയ്മി ഓർമിപ്പിച്ചു. നേരത്തെ അറിയിക്കുന്നതിലൂടെ മറ്റൊരാൾക്ക് കൂടിക്കാഴ്ചക്കുള്ള അവസരം ലഭിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
∙എന്തൊക്കെ ഓപ്ഷനുകൾ?
എച്ച്എംസിയുടെ രോഗികൾക്ക് വേണ്ടിയുള്ള കോൺടാക്ട് സെന്ററായ നെസ്മാക് (16060) മുഖേനയാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി തേടുന്നത്. ലഭിച്ച തീയതിയിൽ മാറ്റംവരുത്താനോ റദ്ദാക്കാനോ ആഗ്രഹമുണ്ടെങ്കിൽ, അനുമതി ലഭിച്ച സമയത്തിന് കുറഞ്ഞത് 24 മണിക്കൂർ മുൻപെങ്കിലും 16060ൽ വിളിച്ച് മാറ്റംവരുത്താം.
കൂടിക്കാഴ്ചയുടെ തീയതിയും സമയവും സംബന്ധിച്ച് ദിവസങ്ങൾക്ക് മുൻപേ നെസ്മാക് അധികൃതർ രോഗിയെ ഫോണിൽ വിളിച്ച് ഓർമിപ്പിക്കും. തീയതി മാറ്റാനോ റദ്ദാക്കാനോ ആഗ്രഹമുണ്ടെങ്കിൽ, ഈ വിളിയിൽ അധികൃതരെ അറിയിക്കാവുന്നതാണ്. നെസ്മാക് പേഷ്യന്റ് കോൺടാക്ട് സെന്റർ ആഴ്ചയിൽ 7 ദിവസവും 24 മണിക്കൂറും ലഭ്യമാണ്. വിവിധ ഭാഷകളിൽ സേവനം ലഭിക്കും.