ടിക്കറ്റ് ശ്രദ്ധിച്ചില്ല, വിമാനത്താവളത്തിൽ പേടിച്ച് അങ്ങോട്ടുമിങ്ങോട്ടും ഓടിയത് മൂന്ന് മണിക്കൂർ; എല്ലാവർക്കും ഇതൊരു 'പാഠം'

Mail This Article
വിമാനയാത്രയ്ക്ക് തയാറെടുക്കുന്ന തിരക്കിൽ അറിഞ്ഞും അറിയാതെയും അബദ്ധങ്ങൾ സംഭവിക്കുക പതിവാണ്. പ്രത്യേകിച്ചും രണ്ട് വിമാനങ്ങള്‍ മാറികയറിയുള്ള ട്രാൻസിറ്റ് യാത്രയിൽ. ഒരേ എയർലൈനിൽ തന്നെയാണ് ട്രാൻസിറ്റ് എങ്കിൽ പേടിക്കാനില്ല. പക്ഷേ രണ്ട് എയർലൈനുകളിലാണെങ്കിൽ അൽപം ടെൻഷനും ഓട്ടവും സ്വാഭാവികം. യുകെയിലുള്ള മകനെ സന്ദർശിച്ച് തിരികെ നാട്ടിലേക്കുള്ള യാത്രക്കിടെ അബുദാബി വിമാനത്താവളത്തിനുള്ളിൽ 'ചുറ്റിതിരിയേണ്ടി' വന്നതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് പെരിന്തൽമണ്ണക്കാരി സൈനബ.ടി.പി.
മാഞ്ചസ്റ്ററിൽ നിന്ന് അബുദാബി വഴി കോഴിക്കോട്ടേയ്ക്കുള്ള യാത്രയാണ് എന്നെ ചുറ്റിച്ചത്. മകന്റെ അടുത്ത് നിന്ന് തിരിച്ചു വരികയായിരുന്നു. കണക്ഷൻ വിമാനമാണ്. 2 വിമാനം മാറി കയറണം. സാധാരണ കണക്ഷൻ വിമാനത്തിൽ കയറുമ്പോൾ ചെക്ക് ഇൻ കൗണ്ടറിൽ നിന്ന് അടുത്ത വിമാനത്തിന്റെ ബോർഡിങ് പാസ്സ് തരാറുണ്ട്. ഇപ്രാവശ്യം മാഞ്ചസ്റ്റർ എയർപോർട്ടിൽ നിന്ന് അത് നൽകിയില്ല. ഇത്തിഹാദ് എയർലെൻസ് ആയിരുന്നു.
അബുദാബി ഇറങ്ങി. ബോർഡിങ് പാസ്സ് ഉള്ളവർക്കും ഇല്ലാത്തവർക്കും വെവ്വേറെ വഴിയാണ്. അത് ശ്രദ്ധിക്കാതെ പാസ്സ് ഉള്ള വഴിയിലൂടെ പോയി. കുറച്ചു കഴിഞ്ഞപ്പോൾ മനസിലായി തെറ്റിയെന്ന്. പിന്നെ തിരിച്ചു പോകാൻ കഴിയില്ലല്ലോ. ഇനി ബോർഡിങ് പാസ്സ് എടുക്കണം.അബുദാബിയിൽ കുറേ സമയം ഉണ്ട്. ലോഞ്ചിൽ നിന്ന് ഫുഡ് കഴിക്കണമെന്ന് മോൻ പറഞ്ഞിരുന്നു. അതിനുള്ള കാർഡും തന്നിരുന്നു. പാസ്സ് എടുത്തിട്ടാവാം എന്ന് വിചാരിച്ചു.
ഇടത്തേക്ക് പോയി. അവിടെ ഉള്ള ആൾ ചോദിച്ചു ഏതാ എയർലൻസ് എന്ന്. ഇത്തിഹാദ് എന്ന് ഞാൻ പറഞ്ഞു. എങ്കിൽ ഇവിടെ നിന്ന് ഇറങ്ങി വലത്ത് കാണുന്ന കൗണ്ടറിൽ പോകാൻ പറഞ്ഞു. അവിടെ എത്തി. ഇത്തിഹാദ് കൗണ്ടറിൽ പോയി. അവിടെ ചെന്നപ്പോൾ പറഞ്ഞു. ഇവിടെ അല്ല പുറത്ത് ഇറങ്ങി..ലെഫ്റ്റിൽ കാണുന്നതിൽ പോകാൻ. അങ്ങനെ കയ്യിലെ പെട്ടി, ബാഗ്, മൊബൈൽ എല്ലാം ചെക്ക് ചെയ്തു പുറത്തു ഇറങ്ങി.
അടുത്തതിൽ കയറി. അവിടെ ചെന്നപ്പോൾ അവർ പറഞ്ഞു. ഇവിടെ അല്ല. ലെഫ്റ്റിൽ കാണുന്നതിലാണെന്ന്. കയ്യിലുളളതെല്ലാം വീണ്ടും ചെക്ക് ചെയ്ത് പുറത്തിറങ്ങി..അപ്പോഴേക്കും 2 മണിക്കൂർ കഴിഞ്ഞു. എനിക്ക് വിശക്കാൻ തുടങ്ങി... കൂടെ ഷുഗർ ഡൗൺ ആകാനും തുടങ്ങി. ബാഗിലുണ്ടായിരുന്ന ചോക്ലേറ്റ് വേഗം കഴിച്ചു. ഇടത്തേക്കും വലത്തേക്കും കുറേ നടന്നു. കയറിയിറങ്ങാൻ എസ്‌കലേറ്റർ ഉള്ളത് കൊണ്ട് സമാധാനം. ചോദിക്കുന്നവരോടെല്ലാം ഞാൻ ഇത്തിഹാദ് എന്നാണ് പറയുന്നത്. മൂന്നാമത്തെ പ്രാവശ്യം ആദ്യം കണ്ട ആളെ കണ്ടു. മലയാളി ആയിരുന്നു. അയാൾ ടിക്കറ്റ് ഒന്നുകൂടി നോക്കി. സൗദി എയർലൻസ് ആണെന്ന് പറഞ്ഞു. ടിക്കറ്റ് ശരിക്ക് നോക്കണ്ടേ എന്നൊരു കളിയാക്കലും.
മോൻ പലവട്ടം പറഞ്ഞിരുന്നു സൗദി എയർലൻസ് ആണ് അബുദാബിയിൽ നിന്ന് എന്ന്. ഞാൻ അത് ശ്രദ്ധിച്ചിരുന്നില്ല. അങ്ങനെ സൗദി എയർലൻസിന്റെ കൗണ്ടറിൽ എത്തിയപ്പോൾ എന്റെ ബോർഡിങ് പാസ്സ് അവിടെ ഇരുന്ന് എന്നെ നോക്കി ചിരിക്കുന്നു. മൂന്നാമത്തെ പ്രാവശ്യവും പെട്ടി, ബാഗ് എല്ലാം ചെക്ക് ചെയ്ത് പുറത്തിറങ്ങി. ലോഞ്ച് അടുത്ത് തന്നെ. അവിടെ ചെന്നപ്പോൾ ഒരുപാട് പേർ ക്യുവിൽ നിൽക്കുന്നു. അപ്പോഴേക്കും ഞാൻ വിറച്ചു തുടങ്ങി. ഷുഗർ താഴ്ന്നു. ഹാർട്ട് ബീറ്റ് കൂടി. കയ്യിലുള്ള ചോക്ലേറ്റ് വീണ്ടും കഴിച്ചു. വെള്ളവും കുടിച്ചു.
എനിക്ക് പോകാനുള്ള ഗേറ്റ് ഓപ്പൺ ആയിരുന്നു. ചെറിയ ഒരു അശ്രദ്ധ മൂന്ന് മണിക്കൂർ ചുറ്റിച്ചു. എപ്പോഴും ടിക്കറ്റ് കൃത്യമായി നോക്കണം എന്നതാണ് അനുഭവം എനിക്ക് നൽകിയ ഗുണപാഠം...
(നിങ്ങൾക്കും ഉണ്ടാകില്ലേ വിമാനയാത്രകളിലെ ഇത്തരം അനുഭവങ്ങൾ. യാത്രാനുഭവങ്ങൾ നിങ്ങൾക്കും ഗ്ലോബൽ മനോരമയിൽ പങ്കുവയ്ക്കാം. നിങ്ങളുടെ പേര്, ഫോട്ടോ, സ്വദേശം എന്നിവ ഉൾപ്പെടെയുള്ള അനുഭവകുറിപ്പ് globalmalayali@mm.co.in എന്ന ഇ-മെയിൽ വിലാസത്തിൽ ഇപ്പോൾ തന്നെ അയച്ചോളൂ. ഇ–മെയിൽ അയയ്ക്കുമ്പോൾ സബ്ജക്ടിൽ AIR TRAVEL EXPERIENCE എന്ന് വയ്ക്കാൻ മറക്കേണ്ട).