‘മോർച്ചറിക്ക് മുൻപിൽ ഒറ്റയ്ക്ക് ഇതുപോലെ ഒരിക്കലും ഇരിക്കേണ്ടി വന്നിട്ടില്ല’; ഇറ്റാലിയൻ മാർബിളും ഒരു അപൂർവ സൗഹൃദവും

Mail This Article
മോർച്ചറിക്ക് മുൻപിൽ ഒറ്റയ്ക്ക് ഇതുപോലെ ഒരിക്കലും ഇരിക്കേണ്ടി വന്നിട്ടില്ല. പത്ത് മിനിറ്റ് വെയിറ്റ് ചെയ്യൂ എന്ന് പറഞ്ഞ് പോയ അറ്റൻഡറുടെ ഒരു വിവരവുമില്ല. ഏപ്രിൽ 15-ാം തീയതി ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ദിവസമാണ്. എന്റെ ഓർമയിൽ ഇതുപോലൊരു മഴ പെയ്തിട്ടില്ല. 75 വർഷമായി ഇതുപോലൊരു മഴയും വെള്ളക്കെട്ടും ഉണ്ടായിട്ടില്ലെന്ന് വാർത്തകളിൽ കണ്ടു.
അൽ ഖാസ്മി ആശുപത്രിയുടെ ഇടനാഴികളും ഇന്ന് ദുഃഖത്തിലാണ്ടപോലെ മൂകമാണ്. അവൻ എന്റെ മാത്രം സുഹൃത്തായതുകൊണ്ട് ഞാനാരെയും കൂടെ കൊണ്ടുവന്നില്ല. അവന്റെ രാജ്യക്കാരാരും അന്വേഷിച്ച് വന്നിട്ടുമില്ല. 30 വർഷത്തെ പട്ടാള ജീവിതത്തിനിടയിൽ ഇതുപോലൊരു സൗഹൃദം എമിറാത്തിയോടുപോലും ഉണ്ടായിട്ടില്ല.
എമിറേറ്റ്സ് മാർബിൾസ് എന്ന സ്ഥാപനം എനിക്ക് നൽകിയ കൂട്ടുകാരനാണ് ഇറ്റലിക്കാരനായ ജിൻലുഗി. സ്ഥാപനത്തിലെ ഹിറ്റാച്ചി ലേസർ മെഷീൻ പണിമുടക്കിയിട്ട് രണ്ട് ദിവസമായി. രണ്ട് ദിവസം ടെക്നീഷ്യൻ ചിലരെയൊക്കെ കൊണ്ടുവന്ന് റിപ്പയർ ചെയ്യാൻ ശ്രമിച്ചതാണ്. അതിനുശേഷമാണ് എന്നെ വിവരമറിയിച്ചത്.
ഗൂഗിൾ തപ്പിയാണ് ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 6ൽ ഗ്രേവ് യാർഡിന് പിറകുവശത്തായി ഒരു കടയുടെ അഡ്രസ്സ് കിട്ടിയത്. വൈകുന്നേരം കടയുമന്വേഷിച്ച് ഞാൻ തന്നെ ഇറങ്ങി. കട തപ്പിയെടുക്കാൻ കുറച്ച് ബുദ്ധിമുട്ടി. കടക്കാരനെ പരിചയപ്പെട്ടപ്പോൾ അതൊരു ഇറ്റലിക്കാരനാണെന്ന് മനസ്സിലായി. ഇന്ത്യക്കാർ, പാക്കിസ്ഥാനികൾ, ബംഗ്ലാദേശികൾ ഇവരെയൊക്കെയാണ് സാധാരണ ഇത് പോലുള്ള ജോലികളിൽ കാണാറുള്ളത്.
ഇൻഡസ്ട്രിയൽ ഏരിയയിലെ ഇടുങ്ങിയ റോഡിനിരുവശവും പഴയതും പുതിയതുമായ സാധനങ്ങൾ വിലക്കുറവിൽ ലഭിക്കുന്നതിനാൽ തൊഴിലാളികളുടെ തിരക്കേറെയുണ്ട്. പാർക്കിങ് കിട്ടാനാണ് ഏറെ പ്രയാസം. “വരുന്ന വഴി കട കണ്ടുപിടിക്കാൻ കുറച്ച് കറങ്ങേണ്ടി വന്നു. അടുത്തൊന്നും ആരെയും കണ്ടില്ല”. “വഴിയിലുള്ളവരൊക്കെ മണ്ണിനടിയിലാ, ശവപ്പറമ്പല്ലേ. വിളിച്ചിരുന്നെങ്കിൽ ലൊക്കേഷൻ അയച്ചുതരുമായിരുന്നല്ലോ” അവൻ ചിരിച്ചുകൊണ്ടാണ് പറഞ്ഞത്.
“എന്റെ നാട്ടിൽ ഒരിടം കണ്ടെത്തുന്നത് അത്ര വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് തോന്നി”. പണിതിരക്കിലും അവൻ വാചാലനായി. ഇംഗ്ലീഷിന് പുറമെ അത്യാവശ്യം അറബിക്കും അവൻ സംസാരിക്കുന്നുണ്ട്. ഞാൻ എന്റെ പ്രശ്നം അവതരിപ്പിച്ചു. മെഷീനിൽ നിന്ന് ലേസർ രശ്മികൾ നേർരേഖയിൽ പോകുന്നില്ല. അതുകൊണ്ടുതന്നെ മാർബിൾ കട്ട് ചെയ്യുമ്പോൾ കൃത്യതയില്ല. “ഇന്നേതായാലും വരാൻ പറ്റില്ല. തീർത്ത് കൊടുക്കാനുള്ള ജോലികൾ പെൻഡിങ്ങാണ്. നാളെ രാവിലെ ഒൻപതുമണിക്കെത്താം”. ഫോൺ നമ്പറും ലൊക്കേഷൻ വിവരവും നൽകി ഞാൻ മടങ്ങി.
അന്നും ഒരു മഴയുള്ള ദിവസമായിരുന്നു. കൃത്യസമയത്ത് ജിൻലുഗി കമ്പനിയുടെ മുന്നിലെത്തി. ചാറ്റൽ മഴ നനഞ്ഞുകൊണ്ട് ഓഫിസിലേക്ക് കയറി വന്നത് ഇന്നും ഓർമയിൽ നിറഞ്ഞുനിൽക്കുന്നു. ഈ മണലാരണ്യത്തിൽ ആവശ്യമുള്ളപ്പോൾ മഴ പെയ്യിക്കാനുള്ള സാങ്കേതികവിദ്യയും സാമ്പത്തിക കഴിവും ഭരണാധികാരികളുടെ മികവിന്റെ നേട്ടമാണ്. വിമാനം വഴി മേഘങ്ങൾക്കുള്ളിലൂടെ സിൽവർ അയഡൈഡ് വിതറി ക്ലൗഡ് സീഡിങ് സാങ്കേതികവിദ്യ വഴി മഴ പെയ്യിച്ച് തുടങ്ങിയിട്ട് കുറച്ച് വർഷങ്ങളായി. മരുഭൂമിയിലെ തടാകങ്ങളും, പച്ചപ്പും, പൂക്കളും പുതുതലമുറയുടെ ഭാഗ്യമാണ്.
കഴിഞ്ഞവർഷം ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നേതൃത്വത്തിൽ പതിനായിരം ഹെക്ടറിൽ നിന്നും ടൺകണക്കിന് ഗോതമ്പാണ് മരുഭൂമിയിൽ വിളയിച്ചെടുത്തത്. ടെക്നീഷ്യൻ അവനെയും കൊണ്ട് മാർബിൾ കട്ടിങ് ഏരിയയിലേക്ക് പോയി. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രശ്നപരിഹാരമുണ്ടാക്കി എന്ന് മാത്രമല്ല അതിന്റെ സാങ്കേതികവിവരം തൊഴിലാളികൾക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തു. കൃത്യമായി ജോലി ചെയ്തതിനാലാകും നല്ലൊരു തുക കൂലിയായി വാങ്ങിച്ചെടുത്തത്. പോകാൻ നേരം അവൻ ഓഫീസിൽ വന്ന് എന്നെ കണ്ടു. “വർഷങ്ങളായി ബിസിനസ്സ് നടത്തുകയാണെന്ന് വെയർഹൗസിലെ സ്റ്റോക്ക് കണ്ടപ്പോൾ തോന്നി. മാർബിൾ എങ്ങനെയാണ് എത്തിക്കുന്നത്?”
“നമ്മളൊന്നും അറിയേണ്ട, നമുക്ക് വേണ്ട സാധനങ്ങൾ ഏജന്റ് എത്തിച്ചു തരും. അത്യാവശ്യം പ്രോഫിറ്റും ലഭിക്കുന്നുണ്ട്. ഇറ്റലി, ചൈന, ഇന്ത്യ എന്നിവിടങ്ങളിലെ പ്രോഡക്റ്റാണ് കൂടുതൽ സെയിലാകുന്നത്.” “ഞാൻ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. ഏജന്റുമാർ താങ്കളെ ഇത്രയും വർഷം ചൂഷണം ചെയ്യുകയാണ്. ഇറ്റലിയിൽ ലഭിക്കുന്ന മാർബിൾ മൂന്നും നാലും ഇരട്ടി വിലയിലാണ് ഇവിടെ എത്തിക്കുന്നത്. എന്റെ അച്ഛനും അമ്മയും മാർബിൾ ക്വാറിയിൽ തൊഴിലാളികളായിരുന്നു. കുട്ടിക്കാലം തൊട്ട് അവിടെ തന്നെയായിരുന്നു ഞാനും. അങ്ങനെയാണ് മെഷീനുകളെക്കുറിച്ച് പഠിക്കുന്നത്. അടുത്ത മാസം ഞാൻ അവധിക്ക് പോവുകയാണ്. താൽപര്യമുണ്ടെങ്കിൽ താങ്കൾ കൂടെ വരൂ. ഇനി മേൻമയുള്ള മാർബിൾ നേരിട്ട് കണ്ട് അവിടുന്ന് ഇറക്കുമതി ചെയ്യാനുള്ള കാര്യങ്ങളിൽ എനിക്ക് സഹായിക്കാൻ കഴിയും’.
ഇത്രയും വർഷമായി എന്റെ ചിന്തയിൽ വരാത്ത ബിസിനസ് തന്ത്രം. അവൻ യാത്ര പറഞ്ഞ് പിരിഞ്ഞു. അന്ന് രാത്രി ഉറങ്ങാനേ കഴിഞ്ഞില്ല. ചിന്ത മുഴുവൻ ഇറ്റലിയിൽ നിന്ന് മാർബിൾ ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ചായിരുന്നു. പട്ടാളത്തിൽ നിന്നും റിട്ടയർ ആയതിനുശേഷമാണ് ബിസിനസ്സിൽ കൂടുതൽ ശ്രദ്ധ ഊന്നിയത്. എല്ലാ വർഷവും ചൂട് തുടങ്ങിയാൽ കുടുംബത്തോടൊപ്പം യൂറോപ്പിലേക്ക് ഒരു യാത്ര പതിവുള്ളതാണ്. ഇത്തവണ ജിൻലുഗിയുടെ കൂടെ ആയാൽ നല്ലതാകും എന്ന് തീരുമാനിച്ചു. പിന്നീടുള്ള ഇടവേളകളിൽ അവന്റെ കടയിലേക്ക് പോവുകയും സായാഹ്നം ചെലവഴിക്കുകയും പതിവായി. അങ്ങനെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നമ്മൾ തമ്മിൽ സൗഹൃദം ഉറപ്പിക്കുകയും ചെയ്തു.
കുട്ടികൾ മൗറീഷ്യസിലേക്ക് പോകണമെന്ന് വാശിപിടിച്ചു. ഞാൻ അവരോട് പറഞ്ഞു ലോകപ്രശസ്ത ചിത്രകാരൻ ലിയോനാർഡോ ഡാവിഞ്ചിയുടെ റോമിലേക്കാണ് പോകുന്നതെന്ന്. ലോകത്തിലെ ഏറ്റവും മികച്ച മാർബിൾ ശിൽപങ്ങൾ കാണാം എന്നൊക്കെ പറഞ്ഞു. പക്ഷേ കുട്ടികൾ സമ്മതിച്ചില്ല. അതുകൊണ്ട് ഒരാഴ്ചത്തെ ഇറ്റലി ബിസിനസ് യാത്രയ്ക്ക് ഞാൻ തയ്യാറായി. റോമിലെ ഫ്യൂമിസിനോ നഗരത്തിലെ ലിയോനാർഡോ ഡാവിഞ്ചി രാജ്യാന്തര വിമാനത്താവളത്തിൽ പറന്നിറങ്ങുമ്പോൾ മനസ്സിൽ തൊണ്ണൂറുകളിലെ ഇറ്റാലിയൻ ഫുട്ബോൾ താരങ്ങളായിരുന്നു. സ്കിലാച്ചി, റോബർട്ടോ ബാജിയോ, പൗലോ റോസ്സി തുടങ്ങി ഇറ്റാലിയൻ പട നിരന്നു. ഫുട്ബോൾ ഭ്രാന്ത് കയറിയ കൗമാരത്തിലേക്ക് ഒരു നിമിഷം ഞാൻ തിരികെപ്പോയി.
ടാക്സിയിൽ സാൻ മറിനോയിലേക്കുള്ള യാത്രയിൽ ഇറ്റലിയെക്കുറിച്ച് ജിൻലുഗി വാതോരാതെ പറഞ്ഞു. "ജിൻ എങ്ങനെയാണ് നമ്മുടെ യാത്രയുടെ പ്ലാൻ?". "സാർ, അപുവാൻ ആൽപ്സ് പർവ്വതമാണ് ലോകത്തിലെ ഏറ്റവും വലിയ മാർബിൾ കലവറ. വെള്ള, പച്ച, കറുപ്പ്, പിങ്ക് നിറങ്ങളിൽ മാർബിൾ ഉണ്ടെങ്കിലും വെണ്ണക്കല്ല് പോലുള്ള ഇറ്റാലിയൻ മാർബിളാണ് ലോകത്തിൽ എല്ലായിടത്തും പ്രിയപ്പെട്ടത്. കാരാറ മാർബിൾ മലനിരകളിലെ ക്വാറികളിൽ നിന്നുമാണ് ഏറ്റവും അധികം മാർബിൾ ഉൽപാദിപ്പിക്കുന്നത്. നാളെ രാവിലെയാണ് നമ്മൾക്ക് അവിടേക്കുള്ള യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്”.
“നമ്മൾ ഹോട്ടൽ ബുക്ക് ചെയ്തിരിക്കുന്നത് സാൻ മറിനോയിലാണ്. രാവിലെ ബൊളോഞ്ഞയിലേക്ക് പുറപ്പെടും. അവിടെ വാഹനം ഉണ്ടാകും. അവിടെ അടുത്ത് മൊഡേന എന്ന ചെറുപട്ടണത്തിലാണ് എന്റെ വീട്. അച്ഛനും അമ്മയും സഹോദരിയുമാണ് വീട്ടിൽ ഉള്ളത്. അവരെ കണ്ടതിനുശേഷം ക്വാറി കാണാൻ പോകാം”. “ഓക്കെ, നിന്റെ തീരുമാനം പോലെ നമുക്ക് ചെയ്യാം. കാര്യങ്ങൾ ശരിയായതിനു ശേഷം റോം ഒന്ന് ചുറ്റിക്കാണാം, അല്ലേ?”.
ജിൻലുഗിയുടെ പ്ലാൻ എനിക്കിഷ്ടപ്പെട്ടു. അവന്റെ വീട്ടുകാരെ കാണാനുള്ള ആഗ്രഹം എനിക്കുമുണ്ടായിരുന്നു. അറേബ്യൻ അത്തറും, ഈന്തപ്പഴവും സമ്മാനമായി കരുതിയതും അതുകൊണ്ട് തന്നെയാണ്. യാത്രാക്ഷീണം കൊണ്ട് രണ്ടുപേരും സുഖമായി ഉറങ്ങി. പ്രഭാതഭക്ഷണം കഴിച്ച് ഞങ്ങൾ പുറപ്പെട്ടു. മഞ്ഞുകണങ്ങളാൽ മൂടിയിരുന്നു നഗരം. വഴിയരികിലൂടെ തണുപ്പ് കുപ്പായമിട്ട് ജോലിക്ക് പോകുന്നവരെ കാണാം. മഞ്ഞ് പെയ്യുന്നത് കൊണ്ട് പലരും കുട എടുത്തിട്ടുണ്ട്. “സാർ, നമ്മൾ ബൊളോഞ്ഞയിൽ എത്താറായി, അവിടെ ഹെക്ലബ് കാത്തിരിപ്പുണ്ടാകും”. സുഹൃത്ത് കാറുമായി എത്തിയിരുന്നു. ടാക്സി ഒഴിവാക്കി ജിൻലുഗിയുടെ വാഹനത്തിലായിരുന്നു പിന്നീടുള്ള യാത്ര. സുഹൃത്ത് ഇറ്റാലിയൻ ഭാഷ മാത്രം സംസാരിക്കുന്നത് കൊണ്ട് കൂടുതലൊന്നും പറയാനില്ലായിരുന്നു.
“സാർ, മൊഡേനയിലെത്തി. ഈ ചെറുപട്ടണത്തിലാണ് എന്റെ വീട്”. കൂടുതലും അപുവാൻ ആൽപ്സ് പർവ്വതങ്ങളിലെ ക്വാറികളിൽ ജോലി ചെയ്യുന്നവരാണ്”. ഒരേ രൂപത്തിലുള്ള വീടുകൾ. ചുടുകട്ട കൊണ്ട് നിർമ്മിച്ചെടുത്ത ഭിത്തികൾ. ഒരേ നിറത്തിലുള്ള ചായം പൂശിയിരിക്കുന്നു. മഞ്ഞ് പെയ്യുന്നത് കൊണ്ടാകാം മേൽക്കൂരകൾ ചെരിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. വീടിന് മുന്നിലെത്തിയപ്പോൾ ജിൻലുഗി സന്തോഷത്തോടെ എന്നെ വീട്ടിലേക്ക് ക്ഷണിച്ചു. എനിക്ക് ഒട്ടും പരിചിതമല്ലാത്ത ചുറ്റുപാടായിരുന്നു. ആരും വീടിന് പുറത്തേക്ക് വന്നില്ല. എന്നെ വീട്ടിനകത്തേക്ക് കൊണ്ടുപോയി. “അകത്തേക്ക് വരൂ, ഇവിടെ സ്വീകരിക്കാൻ ആരും വരില്ല. അച്ഛനും അമ്മയും രോഗികളാണ്”. വീൽചെയറിൽ ഇരിക്കുന്ന അച്ഛനെ പരിചയപ്പെടുത്തി.
“അച്ഛനെന്താണ് അസുഖം?”. “കാരാറ ക്വാറിയിലാണ് അച്ഛൻ ജോലി ചെയ്തിരുന്നത്. മാർബിൾ ഷീറ്റ് കാലിൽ വീണ് രണ്ട് കാലുകളും നഷ്ടപ്പെട്ടു. അക്കാലത്ത് മെഷീനുകൾക്ക് പകരം മനുഷ്യരാണ് മാർബിൾ കടത്തിയിരുന്നത്. അച്ഛന് പിന്നാലെ അമ്മയും അപകടത്തിൽപ്പെട്ട് കിടപ്പിലായി. ആ കാലഘട്ടത്തിൽ ക്വാറിക്കടുത്തുതന്നെയായിരുന്നു താമസം. അപകടത്തിന് പിന്നാലെ ക്വാറിയിൽ നിന്നുയരുന്ന പൊടി കാരണം അമ്മയ്ക്ക് ആസ്മ രോഗവും പിടിപെട്ടു. ഞങ്ങളുടെ കുട്ടിക്കാലം ഏറെ കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു”.
ഇതുവരെ അവന്റെ വീട്ടുകാരെക്കുറിച്ച് ചോദിച്ചിരുന്നില്ല. “നിന്റെ അനുജത്തി എവിടെ? അവളെ കണ്ടില്ലല്ലോ”. “അവൾ ഡേ കെയറിൽ ഹെൽപ്പറായി ജോലിക്ക് പോയിരിക്കും. കാരാറ കണ്ട് തിരിച്ചുവരുമ്പോൾ അവളെ കാണാം. അപ്പോഴേക്കും അവൾ തിരിച്ചെത്തും”. “എങ്കിൽ നമുക്ക് പുറപ്പെട്ടാലോ?”. “സാർ, നമുക്ക് ഭക്ഷണം കഴിച്ചിട്ട് പോകാം. ആദ്യമായി വീട്ടിൽ വന്നിട്ട് ഒന്നും കഴിക്കാതെ…..”. “അതല്ലേ നീ പറഞ്ഞത് വൈകി നമ്മൾ ഇവിടേക്ക് വരുമെന്ന്. ഏതായാലും ലഗേജ് വണ്ടിയിൽനിന്നെടുത്തോ. നിന്റെ ഒരു ഉറപ്പിന്”. സുഹൃത്ത് യാത്ര പറഞ്ഞ് പോയി. ജിൻലുഗി വീട്ടുകാരോട് യാത്ര പറഞ്ഞ് എന്നെയും കൂട്ടി പുറപ്പെട്ടു. “ജിൻ, എവിടെയാ പഠിച്ചതൊക്കെ?”.
“വേണ്ട വിദ്യാഭ്യാസം നേടാൻ കഴിയാത്തതുകൊണ്ടാണ് സാർ മെഷീൻ ഓപ്പറേറ്റർ ഹെൽപ്പറായി ചെറുപ്പത്തിൽ ജോലിക്ക് പോയിത്തുടങ്ങിയത്. തുച്ഛമായ ശമ്പളം ഒന്നിനും ഉതകുന്നതായിരുന്നില്ല. സർട്ടിഫിക്കറ്റുകൾ ഇല്ലാത്തത് കൊണ്ട് കമ്പനികളിലൊന്നും ജോലി ലഭിക്കാതായപ്പോഴാണ് സുഹൃത്തിന്റെ സഹായത്തോടെ ഷാർജയിൽ എത്തിയത്. സഹോദരി അടുത്ത വീടുകളിൽ വീട്ടുജോലിക്ക് പോയിട്ടാണ് വീട്ടിലെ കാര്യങ്ങൾ നടന്ന് പോയിരുന്നത്”.
ജിൻലുഗിയുടെ കുടുംബത്തെ ഓർത്ത് മനസ്സ് പിടഞ്ഞു. അവനും അനുജത്തിയും വിവാഹത്തെക്കുറിച്ച് ചിന്തിക്കാത്തതും രക്ഷിതാക്കളുടെ ബുദ്ധിമുട്ടുകൾ കൊണ്ടാകും എന്ന് ഞാൻ മനസ്സിലാക്കി. വൃദ്ധസദനത്തിൽ കൊണ്ടുവിടാതെ രക്ഷിതാക്കളെ സംരക്ഷിക്കുന്ന അവരെ ഓർത്ത് അഭിമാനം തോന്നി. “ഇനി എത്ര ദൂരം യാത്രയുണ്ട്?”.
“സാർ, ആ കാണുന്നതാണ് അപുവാൻ ആൽപ്സ് മലനിര. അവിടെയാണ് നമുക്ക് ആദ്യം എത്തേണ്ട കാരാറ മാർബിൾ ക്വാറി, അത് കണ്ട് തൊട്ടടുത്ത ക്വാറികൾ സന്ദർശിക്കാം”. “ഈ താഴ്വരത്തായിരുന്നു എന്റെ കുട്ടിക്കാലം. താമസിച്ച കുടിൽ നിന്നിടമാണ് ഈ പ്രദേശം. അവിടെയൊക്കെ വലിയ കെട്ടിടങ്ങൾ വന്നു”. ഞങ്ങൾ കാരാറ മാർബിൾസ് കമ്പനിയുടെ പടിവാതിക്കൽ എത്തി. അത് മറ്റൊരു ലോകമായിരുന്നു. അവിടെ ഒട്ടുമിക്ക ആൾക്കാരും ജിൻലുഗിക്ക് പരിചിതരായിരുന്നു. “സാർ, നമുക്ക് ആദ്യം ഓഫിസിൽ ചെന്ന് മാനേജരെ കാണാം. അദ്ദേഹത്തിന്റെ സമ്മതത്തോടെ നമുക്ക് ക്വാറി കാണാനുള്ള സൗകര്യം ലഭിക്കുകയാണെങ്കിൽ മറ്റ് പല കാര്യങ്ങളും എളുപ്പമാകും”.
മാനേജർ ഫെഡറിക്ക് സൗമ്യനായ മുതിർന്ന വ്യക്തിയാണ്. ജിൻ എന്നെ പരിചയപ്പെടുത്തുന്നതോടൊപ്പം ആഗമനോദ്ദേശ്യം കൂടി വ്യക്തമാക്കി. “ജിൻലുഗി നമ്മുടെ കുട്ടിയാണ്. അവൻ താങ്കളെ ഇവിടെ കൊണ്ടുവരുമ്പോൾ താങ്കൾ നമ്മുടെ വിലപ്പെട്ട ഒരു അതിഥിയാണ്. ആദ്യം ഞങ്ങളുടെ പ്രോഡക്റ്റുകൾ മനസ്സിലാക്കൂ. മറ്റു കാര്യങ്ങൾ മാർക്കറ്റിങ് ഡിപ്പാർട്ടുമെന്റുമായി കോഓർഡിനേറ്റ് ചെയ്യാനുള്ള കാര്യങ്ങൾ ഞാൻ ഏർപ്പാട് ചെയ്യാം”. അദ്ദേഹത്തിന്റെ ചായ സൽക്കാരം കഴിഞ്ഞ് ഞങ്ങൾ ഇറങ്ങുമ്പോഴേക്കും ക്വാറിയിലേക്ക് പോകാനുള്ള വാഹനം ഒരുക്കിയിരുന്നു. ഹെൽമെറ്റും മാസ്കും ഉണ്ടായിരുന്നെങ്കിലും മാർബിൾ കട്ട് ചെയ്യുന്നിടം പൊടികൊണ്ട് നിറഞ്ഞിരുന്നു. ഭീമാകാരങ്ങളായ ക്രെയിനുകളും, മെഷീനുകളും എന്നെ അദ്ഭുതപ്പെടുത്തി.
“സാർ, ഈ ഭാഗത്തുനിന്നുമാണ് മാർബിൾ വെട്ടിയെടുക്കുന്നത്. പാളികളായാണ് മാർബിൾ ശിലകൾ കണ്ടുവരുന്നത്. ഈ പർവ്വതത്തിലെ പല ഭാഗങ്ങളിലെ ശിലകൾക്കും നിറവ്യത്യാസമുണ്ട്. ഇവിടെ വെളുത്ത ശിലാപാളികളാണ്. ഇവിടെ നിന്നും മുറിച്ചുമാറ്റുന്ന മാർബിൾ ബ്ലോക്കുകൾ ലെയ്ത്തിൽ എത്തിച്ച് ആവശ്യമായ അളവിൽ മുറിച്ച് പോളിഷ് ചെയ്താണ് നമ്മൾ കാണുന്ന രൂപത്തിൽ ആക്കുന്നത്”. ജിൻ ഓരോ ഇടവും വിശദമായി കാണിച്ചുതന്നു. മണിക്കൂറുകൾ പോയതറിയാതെ നമ്മളവിടെ കാഴ്ചകൾ കണ്ടു.
“നമുക്കിവിടെ ഭക്ഷണം ഏർപ്പാട് ചെയ്തിട്ടുണ്ട്. അത് കഴിഞ്ഞ് മാർക്കറ്റിംഗ് മാനേജരെയും, സെയിൽസ് മാനേജരെയും ഇന്ന് തന്നെ കാണാം”. “അങ്ങനെയാകട്ടെ, അവരും നിനക്ക് പരിചിതരായിരിക്കുമല്ലോ”. ജിൻലുഗിയുടെ മുഖത്ത് സന്തോഷം നിറഞ്ഞു. പ്രതീക്ഷിച്ചതിലും ഭംഗിയായി മീറ്റിംഗുകൾ കഴിഞ്ഞു. മാർബിൾ ഗുണനിലവാരത്തിനനുസരിച്ച് എക്സ്പോർട്ട് ചെയ്യാനുള്ള കാര്യങ്ങളൊക്കെ കമ്പനി വളരെ എളുപ്പം ശരിയാക്കാമെന്നേറ്റു. അതിനാവശ്യമായ എഗ്രിമെന്റുകൾ ജിൻലുഗിയുടെ നേതൃത്വത്തിൽ തന്നെ നടന്നു.
“ജിൻ, ഇനി നമ്മൾ എങ്ങോട്ടാണ്?”. “ഇന്ന് ഒരുപാട് യാത്ര ചെയ്തതല്ലേ. വീട്ടിലേക്ക് മടങ്ങാം. നാളെ രാവിലെ മറ്റ് ചില ക്വാറികൾ കൂടി കാണാം. ലൂയിയ മടങ്ങിവന്ന് കാണും. അവളെ കാണാൻ അൽപം ധൃതിയുണ്ടെനിക്ക്”. “തീർച്ചയായും. എനിക്കും അവളെ കാണാൻ ആഗ്രഹമുണ്ട്”. വൈകുന്നേരമാകുമ്പോഴേക്കും സൂര്യവെളിച്ചം മങ്ങിത്തുടങ്ങിയിരുന്നു. വൈപ്പർ തട്ടി മഞ്ഞുകണങ്ങൾ കാറിന്റെ ഇരുവശത്തേക്കും ചിതറി. ലൂയിയ നമ്മളെയും കാത്ത് വീട്ടുമുറ്റത്ത് നിൽപ്പുണ്ടായിരുന്നു. നീലക്കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങി. “എത്ര നേരമായി ഞാൻ കാത്തുനിൽക്കുന്നു, എന്താ ഇത്ര വൈകിയത്?”. “ലൂയി, ആദ്യം ഇദ്ദേഹത്തെ പരിചയപ്പെടൂ. ഷാർജയിൽ നിന്നും വന്നതാണ്. ഒരാഴ്ച കൂടെ ഉണ്ടാകും”. അവൾ സ്നേഹത്തോടെ എന്നെ സ്വീകരിച്ചു. ഇറ്റാലിയൻ ഭാഷയിൽ സംസാരിച്ചതൊന്നും മനസ്സിലായില്ലെങ്കിലും അവൾ പകർന്നുതന്ന സ്നേഹം എനിക്ക് ഉൾക്കൊള്ളാനായി.
“നീയും ഇവിടെ ഒരാഴ്ചയേ ഉണ്ടാകൂ?”. “ഞാൻ ഒരു മാസമുണ്ട്”. റോമിലെ വെണ്ണക്കൽ ശിൽപങ്ങൾക്കൊപ്പം അപുവാൻ ആൽപ്സ് പർവ്വതനിരകളിലെ മാർബിൾ ക്വാറികളും വെണ്ണപോലെ മൃദുവായ വെണ്ണക്കല്ലുകളും നേരിട്ട് കാണാനുള്ള അവസരം ലഭിച്ചത് ഒരു വലിയ അനുഭവമായി.
“ജിൻ, എനിക്ക് ഇവിടെനിന്നും പോകാറായെങ്കിലും എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ ഒരുപാട് നല്ല അനുഭവങ്ങളുണ്ടായി”. “ആദ്യമായിട്ടായിരിക്കും എന്റെ ഗ്രാമത്തിലേക്ക് ഒരു അറബ് പൗരൻ എത്തിച്ചേർന്നത്. അനിയത്തിക്കും ഏറെ സന്തോഷമായി”. തിരികെ എമിറേറ്റിലെത്തി. ജിനും കുടുംബവും എന്നിൽ വലിയൊരു സൗഹൃദം തീർത്തിരുന്നു. മൗറീഷ്യസിലേക്കുള്ള യാത്രക്കൊരുങ്ങി കുട്ടികൾ. കുടുംബവും ഒത്തുള്ള ഓരോ യാത്രയും നമ്മൾ തമ്മിലുള്ള ഇഴയടുപ്പം വർധിപ്പിച്ചു.
റഫീക്ക് അറിയിച്ചപ്പോഴാണ് പോർട്ടിൽ ആദ്യ കൺസൈൻമെന്റ് എത്തിയത് അറിയുന്നത്. പിന്നീടുള്ള കമ്പനിയുടെ വളർച്ച അസൂയാവഹമായിരുന്നു. എമിറേറ്റിലെ മാളുകളും, പള്ളികളും, വില്ലകളും ഇറ്റാലിയൻ മാർബിൾ കൊണ്ട് എങ്ങനെ മോടി പിടിപ്പിക്കാമെന്ന് നമ്മൾ കാട്ടിക്കൊടുത്തു. വരുന്ന ഓരോ ലോഡിനും കൃത്യമായൊരു തുക ജീനിന്റെ അക്കൗണ്ടിലേക്കും പോയിക്കൊണ്ടിരുന്നു. അവധി ദിവസങ്ങളിൽ അവൻ വീട്ടിലെ അതിഥിയായി. “സാർ, പുതിയ വീടിന്റെ പണി ഏതാണ്ട് പൂർത്തിയായി. ലൂയിയയ്ക്ക് ഇനി വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങണം. അവൾക്കൊരു ബോയ്ഫ്രണ്ടുണ്ട്. അവർ തമ്മിലാകുമ്പോൾ കൂടുതൽ എളുപ്പമാകും”.
“അപ്പോൾ നിനക്കോ?”. അവൻ ചിരിച്ചു. “ലൂയി നോക്കാമെന്ന് പറഞ്ഞിട്ടുണ്ട്, ശരിയായെങ്കിൽ അടുത്ത് തന്നെ പോകും”. വർഷങ്ങൾ കടന്നുപോയെങ്കിലും ജിൻലുഗി തന്റെ സ്ഥാപനം ഇൻഡസ്ട്രിയൽ ഏരിയ ആറിൽ നിന്ന് മാറ്റിയിട്ടില്ല. “എന്റെ ജീവിതത്തിന് താങ്ങായി നിന്നത് ഈ കടയാണ്. ഇപ്പോഴുള്ള സാമ്പത്തിക വളർച്ചയ്ക്ക് കാരണം താങ്കളുടെ സ്നേഹമാണ്. എന്നാലും എനിക്ക് ഈ കട ഒഴിവാക്കാനാവില്ല”.
“നമ്മൾ ആദ്യം കാണുന്നത് ഇവിടെ വെച്ചാണ്. അതുകൊണ്ട് തന്നെ ഈ കട എനിക്കും ഏറെ പ്രിയപ്പെട്ടതാണ്”. ന്യൂനമർദ്ദം മൂലം യുഎഇയിൽ പരക്കെ മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ് ഉണ്ടായിരുന്നു. അൽഖറാൻ ഉയർന്ന പ്രദേശമായിരുന്നത് കൊണ്ടായിരിക്കാം മഴയുടെ ഗൗരവം വീട്ടിലാരും അറിയാതിരുന്നത്. കറുത്തിരുണ്ട ആകാശത്തിന് കീഴെ ശീതക്കാറ്റ് വീശിക്കൊണ്ടേയിരുന്നു. ഇടിമിന്നൽ ഇത്ര തീവ്രമായി മുൻപ് ഉണ്ടായിട്ടില്ല. “ജീൻ, മഴ എങ്ങനെയുണ്ട്? എമിറേറ്റിൽ ആദ്യമായാണ് ഇത്രയേറെ മഴ പെയ്യുന്നത്. പുറത്ത് റോഡിലിറങ്ങാതെ നോക്കണം”.
“ഇവിടുന്ന് എവിടെ പോകാനാണ്. കടയിൽ വെള്ളം കയറാതിരുന്നാൽ മതിയായിരുന്നു. വർക്ക്ഷോപ്പിൽ കുറേ പണി തീരാത്ത മെഷീനുകൾ ഉണ്ട്. വെള്ളം കയറിയാൽ ഞാൻ പെട്ടുപോകും”. “അതൊന്നും ഇപ്പോ നോക്കേണ്ട. മഴ ഉടനെ എങ്ങും പോകുമെന്ന് തോന്നുന്നില്ല. തുടർച്ചയായി മൂന്ന് ദിവസം ഉണ്ടാകുമെന്നാണ് കാലാവസ്ഥ റിപ്പോർട്ട് പറയുന്നത്”. മഴ തോരാതെ പെയ്തു. ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിന് എമിറേറ്റ് സാക്ഷ്യം വഹിച്ചു. കാറുകൾ തോണികളെപ്പോലെ റോഡുകളിലൂടെ ഒഴുകിനടന്നു. ഒരുപാട് തവണ വിളിച്ചിട്ടും ജീൻ ഫോണെടുക്കാതായപ്പോൾ അൽപം അസ്വസ്ഥത തോന്നി. ലൂയിയ ജ്യേഷ്ഠനെക്കുറിച്ച് അന്വേഷിച്ച് വിളിച്ചപ്പോൾ പിന്നെ ഒന്നും നോക്കാതെ ഡ്രൈവറോട് വണ്ടി ഇറക്കാൻ പറഞ്ഞു. “അർബാബ്, എയർപോർട്ട് റൂട്ടിലും ഖൽബ റൂട്ടിലും വെള്ളം കയറിയിട്ടുണ്ടെന്നാണ് വണ്ടിക്കാർ പറയുന്നത്. നമുക്ക് യൂണിവേഴ്സിറ്റി വഴി ചെന്ന് നോക്കാം”.
“ശരി, നീ സൗകര്യം പോലെ ചെയ്യ്. നിനക്ക് അവിടെ ആരെയെങ്കിലും പരിചയമുണ്ടെങ്കിൽ ഒന്ന് വിളിച്ച് നോക്ക്”. “ഞാൻ നേരത്തെ വിളിച്ച് നോക്കിയതാണ്. ഇൻഡസ്ട്രിയൽ ഏരിയ മൊത്തം വെള്ളം കയറിയിരിക്കുകയാണ്. പോകാൻ പറ്റുമെന്ന് തോന്നുന്നില്ല”. മുഹമ്മദ് ബിൻ സായിദ് റോഡ് മുറിച്ചുകടക്കാൻ ആവില്ലെന്ന് മനസ്സിലായപ്പോൾ തന്നെ തിരികെ വീട്ടിലേക്ക് മടങ്ങി. മഴയും, തണുപ്പും മനസ്സ് മരവിപ്പിച്ചു. ഇൻഡസ്ട്രിയൽ ഏരിയ പത്തിലെ പോലീസ് സ്റ്റേഷനിൽ വിളിച്ച് അന്വേഷിച്ചിട്ടും കാര്യമൊന്നുമുണ്ടായില്ല. മഴമേഘങ്ങൾ നേരത്തെ ഇരുട്ടുപരത്തി. ജീനിന്റെ മൊബൈൽ നിശ്ശബ്ദമായി തന്നെ കിടന്നു. മനസ്സിലെ അശുഭചിന്തകൾ പണ്ടൊന്നും അനുഭവിക്കാത്ത വ്യാകുലതകളിൽ പെട്ടുഴറി.
അൽക്കാസ്മി ആശുപത്രിയുടെ മോർച്ചറിക്ക് മുൻപിൽ വാതിൽ തുറന്ന് അറ്റൻഡർ എന്നെ അകത്തേക്ക് കൊണ്ടുപോയി. തുറന്നുവെച്ചിരുന്ന പെട്ടിയിലെ തണുത്തുറഞ്ഞ മുഖം. അപരിചിതമായ മണം എന്നെ വല്ലാതെ അസ്വസ്ഥനാക്കി. “ജിൻ, ഞാൻ നിന്നോട് പറഞ്ഞതല്ലേ താഴെ വർക്ക്ഷോപ്പിലേക്ക് പോകരുതെന്ന്. നിന്നെ നിശ്ചലനാക്കാൻ അങ്ങനെ ഒരു ഷോർട്ട് സർക്യൂട്ട് അപകടം ഉണ്ടായത് എങ്ങനെയാടാ?”. അവനും എന്നോട് എന്തോ പറയാനുള്ളത് പോലെ എനിക്ക് തോന്നി. ഞാൻ അവനെ തന്നെ ഉറ്റുനോക്കി. കടലുകൾക്കപ്പുറം പ്രണയം പൊതിഞ്ഞുവെച്ച രണ്ടുകണ്ണുകൾ എന്റെ ഉള്ളിൽ പെയ്യുന്നുണ്ടായിരുന്നു. അച്ഛന്റെ വരവും കാത്തിരിക്കുന്ന കുഞ്ഞു കിനാവുകൾ വിതുമ്പുന്നത് എനിക്ക് കേൾക്കാമായിരുന്നു.