അവധിക്കാലത്തും ജാഗ്രത വേണം; സാലിക്, വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പേരില് വ്യാജപരസ്യങ്ങൾ നൽകി തട്ടിപ്പ്

Mail This Article
ദുബായ് ∙ സാലിക് കമ്പനിയുടെ പേരിൽ നിക്ഷേപം വാഗ്ദാനം ചെയ്തും നഗരത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ കുറഞ്ഞ വിലയ്ക്കു ടിക്കറ്റ് നൽകാമെന്നു പറഞ്ഞും തട്ടിപ്പ്. നിക്ഷേപത്തിന് തയാറാകുന്നവർക്ക് കുറഞ്ഞ കാലം കൊണ്ട് സ്ഥിര നിക്ഷേപ ലാഭം ലഭിക്കുമെന്ന തരം വ്യാജപരസ്യങ്ങൾ നൽകിയാണ് കെണിയൊരുക്കുന്നത്. സാലിക് കമ്പനിയിൽ നിക്ഷേപ അവസരം നൽകാം എന്നാണ് വാഗ്ദാനം.
ആളുകളെ ആശയകുഴപ്പത്തിലാക്കിയാണ് പ്രചാരണം. സമൂഹമാധ്യമത്തിൽ പരസ്യം നൽകി റജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് വ്യാജ പരസ്യക്കാർ സ്വകാര്യ നമ്പരിലേക്ക് അയയ്ക്കും. സാലിക്കിന്റെ ബ്രാൻഡിങ് അടക്കമാണ് തട്ടിപ്പിന് ഉപയോഗിക്കുന്നത്. ഇടനിലക്കാർ വഴിയുള്ള ഇത്തരം പ്രചാരണങ്ങളും ലിങ്കുകളും അവഗണിക്കണമെന്ന് സാലിക് അറിയിച്ചു.
ലിങ്കുകളിൽ കയറിയാൽ പണം നഷ്ടപ്പെടും. കമ്പനിയുടെ പരസ്യവും സാധുതയും അറിയാൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണം. നിക്ഷേപകർ കമ്പനിയുടെ സ്മാർട് ആപ് മാത്രം ഉപയോഗിക്കുക. വ്യാജ പരസ്യങ്ങൾ തടയാൻ കമ്പനി നിയമനടപടി സ്വീകരിച്ചതായി സാലിക് അറിയിച്ചു. സമാനമാണ് ടൂറിസം കേന്ദ്രങ്ങളുടെ പരസ്യങ്ങളും.
ഏറ്റവും ജനപ്രിയമായ ദുബായ് അക്വേറിയം, ദ് ഗ്രീൻ പ്ലാനറ്റ് എന്നിവയുടെ പേരിലാണ് തട്ടിപ്പ്. ദുബായ് അക്വേറിയത്തിൽ 170 ദിർഹത്തിനു പകരം 10 ദിർഹം മതിയെന്നാണ് വാഗ്ദാനം. ഗ്രീൻ പ്ലാനറ്റിലും 10 ദിർഹമുണ്ടെങ്കിൽ കയറാം. എന്നാൽ, ഈ ലിങ്കുകളിൽ കയറിയവർക്ക് പണം നഷ്ടപ്പെട്ടു. ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്ന് കമ്പനികൾ അറിയിച്ചു.റമസാൻ അവധിക്കാലം ചെലവഴിക്കാനുള്ള സ്ഥലങ്ങൾ തിരയുന്നതിനിടെയാണ് തട്ടിപ്പുകാർ കെണിയുമായി കാത്തിരിക്കുന്നത്.