ആശ്വാസം! ഇനി പി എഫിലെ പണം പിന്‍വലിക്കാം നിമിഷങ്ങള്‍ക്കുള്ളില്‍

Mail This Article
പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്) വരിക്കാര്‍ക്ക് ആഹ്ലാദിക്കാന്‍ വകയായി. വരുന്ന മെയ് - ജൂണ്‍ മാസത്തോടെ എടിഎം, യുപിഐ എന്നിവ ഉപയോഗിച്ച് അവരവരുടെ പ്രൊവിഡന്റ് ഫണ്ട് പിന്‍വലിക്കാനാകും. ഈ സംവിധാനം നടപ്പിലാകുന്നതോടെ, പിഎഫ് അക്കൗണ്ടില്‍ നിന്ന് പണമെടുക്കാന്‍ നിമിഷങ്ങള്‍ മതിയാവും.
നിലവില്‍ തുക പിന്‍വലിക്കാന്‍ രണ്ടു മുതല്‍ മൂന്നു ദിവസങ്ങളാണ് വേണ്ടി വരുന്നത്. പണം പിന്‍വലിക്കാനുള്ള പ്രോസസിങ് സമയം കുറയ്ക്കുന്നത് സാധാരണക്കാര്‍ക്ക് ആശ്വാസമാകും. ഇതിനായി ഇപിഎഫ്ഒ ഒരു കേന്ദ്രീകൃത ഡാറ്റാബേസ് സ്ഥാപിച്ചിട്ടുണ്ട്.

പി.എഫ് അക്കൗണ്ടുകള്‍ ഇനി യുപിഎയിലും
യുപിഐ സംവിധാനത്തിലേക്ക് പിഎഫ് അക്കൗണ്ടുകളെ സംയോജിപ്പിക്കുകയാണ് അടുത്ത ഘട്ടം. ഇക്കാര്യത്തെ കുറിച്ച് നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ (NPCI) നിന്നും നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇത് ഇപിഎഫ്ഒയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. ആവശ്യമായ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം മെയ് മാസത്തോടെ ഇപിഎഫ്ഒ ക്ലെയിമുകള്‍ യുപിഐ വഴി യാഥാര്‍ത്ഥ്യമാകും. എല്ലാ അംഗങ്ങള്‍ക്കും ഇത് പ്രയോജനകരമാകുമെന്ന് മാത്രമല്ല, അവരുടെ പിഎഫ് അക്കൗണ്ടുകള്‍ യുപിഐ ഇന്റര്‍ഫേസില്‍ നേരിട്ട് കാണാനും ഓട്ടോ ക്ലെയിമുകള്‍ നടത്താനും കഴിയും. അര്‍ഹതയുള്ള വരിക്കാര്‍ക്ക് ഉടനേ പണം ലഭിക്കും.