ഇന്ത്യ സഹയോഗ് പരിപാടിയുമായി കെഎഫ്സി; കേരളത്തിലെ 100ലധികം റസ്റ്ററന്റുകൾക്ക് പിന്തുണ

Mail This Article
പ്രാദേശിക റസ്റ്ററന്റുകളെയും ഭക്ഷണശാലകളെയും ശാക്തീകരിക്കുന്നതിന് ഇന്ത്യ സഹയോഗ് പരിപാടിയുമായി കെഎഫ്സി. മുംബൈ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലെ 1,100ലേറെ പ്രാദേശിക റസ്റ്ററന്റുകൾക്ക് മികച്ച പിന്തുണ ഉറപ്പാക്കിയശേഷം കേരളത്തിൽ തിരുവനന്തപുരത്തും പരിപാടി ആരംഭിച്ചു. സംസ്ഥാനത്തെ 100ലേറെ റസ്റ്ററന്റുകൾക്കും ഭക്ഷണശാലകൾക്കും ഭക്ഷ്യസുരക്ഷ, ശുചിത്വം, ഉപഭോക്തൃ സേവനം, ലാഭക്ഷമത തുടങ്ങിയ വിഷയങ്ങളിൽ കെഎഫ്സി പരിശീലനം നൽകി.

കെഎഫ്സിയുടെ ഉദ്യമത്തെ അഭിനന്ദിച്ച സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണർ അഫ്സാന പർവീൺ, ഭക്ഷ്യസുരക്ഷയ്ക്ക് കേരളം പതിവായി മുൻഗണന നൽകുണ്ടെന്നും ഭക്ഷ്യസുരക്ഷാ സൂചികയിൽ തുടർച്ചയായി ഒന്നാമതാണെന്നും ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ റസ്റ്ററന്റുകളിൽ ഭക്ഷ്യസുരക്ഷാ പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കാൻ കെഎഫ്സിയുടെ പിന്തുണ നിർണായക പങ്കുവഹിക്കുമെന്നും അഫ്സാന പർവീൺ അഭിപ്രായപ്പെട്ടു.
2020ലാണ് കെഎഫ്‌സി ഇന്ത്യ സഹയോഗ് പ്രോഗ്രാം ആരംഭിച്ചത്. റീട്ടെയ്‍ലേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ആർഎഐ), എഫ്എസ്എസ്എഐയുടെ ഫുഡ് സേഫ്റ്റി ആൻഡ് ട്രെയിനിംഗ് സർട്ടിഫിക്കേഷൻ (FoSTAC) പ്രോഗ്രാം എന്നിവയുമായി സഹകരിച്ചാണ് പരിപാടി. 2026 അവസാനത്തോടെ ഇന്ത്യയിലെങ്ങുമുള്ള 2,000 റസ്റ്ററന്റുകളെ പിന്തുണയ്ക്കുകയാണ് ലക്ഷ്യം.
ശുചിത്വത്തിലും ഭക്ഷ്യസുരക്ഷയിയും ഉന്നതനിലവാരം പുലർത്താനാവശ്യമായ പരിശീലനം നൽകി റസ്റ്ററന്റുകളെ ശാക്തീകരിക്കുന്ന സംരംഭമാണ് സഹയോഗ് പ്രോഗ്രാമെന്ന് കെഎഫ്‌സി ഇന്ത്യ ആൻഡ് പാർട്ണർ കൺട്രീസ് ചീഫ് പീപ്പിൾ ആൻഡ് സപ്ലൈ ചെയിൻ ഓഫീസർ അമൻ ലാൽ പറഞ്ഞു. ഭക്ഷ്യസുരക്ഷയുടെയും വ്യാവസായിക ഉത്തരവാദിത്തത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ദേവയാനി ഇന്റർനാഷണൽ ലിമിറ്റഡ് സിഇഒ പ്രദീപ് ദാസ് സംസാരിച്ചു.