ബിസിനസ് ക്ലാസ് യാത്ര, ടിക്കറ്റിന് രണ്ടര ലക്ഷം; 'സീറ്റിന് തകരാർ, ഭക്ഷണവും മോശം': വെറും 5000 രൂപ നഷ്ടപരിഹാരവുമായി എയർലൈൻ

Mail This Article
ഷിക്കാഗോ ∙ എയർ ഇന്ത്യയ്ക്കെതിരെ വിമർശനവുമായി യാത്രക്കാരൻ. സൗമിത്ര ചാറ്റർജി എന്ന യാത്രക്കാരനാണ് എയർ ഇന്ത്യയുടെ സേവനത്തെ സമൂഹ മാധ്യമത്തിൽ ശക്തമായി വിമർശിച്ചിരിക്കുന്നത്. ഷിക്കാഗോയിൽ നിന്ന് ഡൽഹിയിലേക്കുള്ള 16 മണിക്കൂർ ബിസിനസ് ക്ലാസ് യാത്രയിലാണ് യാത്രക്കാരന് മോശമായ അനുഭവം ഉണ്ടായത്.
തുടർന്ന് സൗമിത്ര ചാറ്റർജി തന്റെ സമൂഹ മാധ്യമത്തിൽ എയർലൈനിനെ വിമർശിച്ച് കുറിപ്പ് പങ്കുവച്ചു. '2,42,000 രൂപയായിരുന്നു ടിക്കറ്റ് നിരക്ക് '. തനിക്ക് ലഭിച്ച സീറ്റിന് തകരാറുണ്ടായിരുന്നതായും മോശം ഭക്ഷണമാണ് ലഭിച്ചതെന്നുമാണ് എയർലൈനിനെതിരെയുള്ള യാത്രക്കാരന്റെ ആരോപണം. സീറ്റിന്റെയും കാബിന്റെയും ചിത്രങ്ങൾ ഉൾപ്പെടെയുള്ള കുറിപ്പാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
സമൂഹ മാധ്യമത്തിലെ പോസ്റ്റിന് പ്രതികരണവുമായി എയർ ഇന്ത്യ രംഗത്തെത്തി. പ്രശ്നപരിഹാരത്തിന് പകരം സംഭവം കൂടുതൽ വഷളായി. 'എഐ വഴി പ്രശ്നങ്ങൾ പരിഹരിക്കുന്നത് നിർത്താനും നിങ്ങൾ യാത്രക്കാരെ കബളിപ്പിക്കുകയാണെന്നും സൗമിത്ര പ്രതികരിച്ചു.

തനിക്ക് നേരിട്ട ബുദ്ധിമുട്ടിന് എയർ ഇന്ത്യ 5000 രുപയുടെ നഷ്ടപരിഹാരമാണ് വാഗ്ദാനം ചെയ്തത്. 16 മണിക്കൂർ ശരിയായ ഉറക്കവും ശരിയായ ഭക്ഷണവും ഇല്ലാതെയാണ് താൻ യാത്ര ചെയ്തതെന്നും യാത്രക്കാരൻ പറഞ്ഞു. 2,42,000 രൂപയുടെ ടിക്കറ്റിനാണ് കമ്പനി 5000 രൂപ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തത്.