തലയിലും കഴുത്തിലുമായി 25 മുറിവുകൾ; മൃതദേഹം രക്തം വാർന്നൊലിച്ച നിലയിൽ, സ്കൂളിലെ കൊലപാതകത്തിൽ ഉത്തരം ഒളിപ്പിച്ച ആയുധം

Mail This Article
സിഡ്‌നി ∙ സിഡ്‌നിയിലെ സെന്റ് ആൻഡ്രൂസ് സ്കൂളിലെ ബാത്ത്‌റൂമിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാൻ പോലും സാധിക്കാത്തവിധം വികൃതമായിരുന്നു. കഴുത്തിലും തലയ്ക്കുമേറ്റ മാരകമായ മുറിവുകളായിരുന്നു മരണകാരണം. തലയിലും കഴുത്തിലുമായി 25 പാടുകളുണ്ടായിരുന്നു ഇത് ചുറ്റിക പോലെയുള്ള ഒരു ആയുധം ഉപയോഗിച്ചാണ് പ്രതി യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയതെന്ന് നിഗമനത്തിൽ പൊലീസിനെ എത്തിച്ചു. ആയുധം കണ്ടെത്താനുള്ള ശ്രമമാണ് കൊലപാതകത്തിന്റെ ചുരുൾ അഴിച്ചത്.
2023 ഒക്ടോബർ 25നാണ് കൊലപാതകം നടന്നത്. 21 വയസ്സുള്ള പോളോ കോച്ചായിരുന്ന ലില്ലി ജയിംസാണ് കൊല്ലപ്പെട്ടത്. മുഖത്തേറ്റ പരുക്കുകളാണ് ലില്ലിയെ തിരിച്ചറിയാൻ ആദ്യഘട്ടത്തിൽ സാധിക്കാതെ പോയതിന് കാരണം. ഏഷ്യൻ യുവതിയുടെ മൃതദേഹമായിരിക്കുമെന്നാണ് ആദ്യഘട്ടത്തിൽ പൊലീസ് പോലും സംശയിച്ചിരുന്നത്.
ലില്ലിയുടെ മുൻ കാമുകൻ പോൾ തിജ്‌സനാണ് കൊലപാതകം നടത്തിയത്. ലില്ലിയെ കാണാതായതിന് പിന്നാലെ തിജ്‌സനെ പൊലീസ് സംശയിച്ചിരുന്നു. ലില്ലിയെ തിജ്‌സൻ തടവിൽ വെച്ചിരിക്കുകയാണോ എന്നും പൊലീസ് സംശയിച്ചു. ഇതിനിടെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു.
രണ്ട് ദിവസത്തേക്ക് സ്കൂൾ അടച്ച ശേഷമാണ് ലില്ലിയാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ലില്ലിയുടെ മൃതദേഹം ഉപേക്ഷിച്ച് ശേഷം തിജ്‌സൻ പാറക്കെട്ടിൽ നിന്നും ചാടി ആത്മഹത്യ ചെയ്തിരുന്നു. സ്കൂളിലെ ജൂനിയർ, മിഡിൽ സ്കൂളുകൾ ഉൾപ്പെടെയുള്ള മൾട്ടി-സ്റ്റോറി കെട്ടിടങ്ങളിലും സീനിയർ കോളജിലുമായി 1450 വിദ്യാർഥികൾ പഠിക്കുന്നുണ്ട്. അതിനാൽ തന്നെ സ്കൂളിൽ പരിശോധന നടത്തുന്നത് ശ്രമകരമായിരുന്നു.
കൊലപാതകത്തിന് രണ്ടു ദിവസം മുൻപ് മിറ്റർ 10 എന്ന കടയിൽ പോൾ തിജ്‌സൻ ചുറ്റിക വാങ്ങാൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. എന്നാൽ, കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഇതല്ലെന്ന് പിന്നീട് കണ്ടെത്തി. സ്കൂളിലെ 76 ചുറ്റികകൾ പരിശോധിച്ചെങ്കിലും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താനായില്ല.
കൊലപാതകം നടന്ന ദിവസം പോൾ തിജ്‌സൻ രണ്ട് നുണ പറഞ്ഞു. ജോലി കഴിഞ്ഞ് ധരിക്കാനുള്ള ട്രൗസർ എടുക്കാനോ ഡ്രസ് ഷർട്ട് എടുക്കാനോ വീട്ടിൽ പോകണമെന്ന് പറഞ്ഞു. തുടർന്ന് ലൈറ്റ് റെയിൽ വഴി കെൻസിങ്ടണിലേക്ക് പോയി. അവിടെ നിന്നും വാടകയ്ക്ക് എടുത്ത കാറിൽ തിരികെ സ്കൂളിലേക്ക് വന്നു. ഇത് കണ്ടെത്തിയതും കേസിലെ പ്രതി ആരാണെന്ന് മനസ്സിലാക്കാൻ പൊലീസിനെ സഹായിച്ചു.
പോൾ തിജ്‌സൻ തന്റെ ഫ്ലാറ്റ് മേറ്റിന്റെ അമ്മയുടെ 30 സെന്റീമീറ്റർ നീളമുള്ള കറുത്ത ഹാൻഡിലുള്ള സിൽവർ ചുറ്റിക മോഷ്ടിച്ച് കൊലപാതകത്തിന് ഉപയോഗിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകത്തിന് മുൻപ് ബാത്ത്‌റൂമിന് പുറത്ത് പോൾ ചുറ്റിക ഉപയോഗിച്ച് പരിശീലനം നടത്തുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. ലില്ലി സ്കൂളിലേക്ക് തിരിച്ചുവന്നപ്പോൾ പോൾ ലില്ലിയെ ബാത്ത്റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം പോൾ ലില്ലിയുടെ ഫോണും കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റികയും എടുത്ത് ഡയമണ്ട് ബേ റിസർവിലേക്ക് പോയി ആത്മഹത്യ ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക ഇതുവരെ കണ്ടെത്താനായിട്ടില്ല. മൂന്ന് ദിവസത്തെ അന്വേഷണത്തിന് ശേഷം സെന്റ് ആൻഡ്രൂസ് സ്കൂൾ ലില്ലിയുടെ ഓർമയ്ക്കായി പുഷ്പങ്ങൾ കൊണ്ട് റീത്ത് സ്ഥാപിച്ചു.