രഹസ്യഭാഗത്ത് ഒളിപ്പിച്ചത് 40.14 ഗ്രാം എംഡിഎംഎ; അനില വൻ ലഹരി റാക്കറ്റിന്റെ ഭാഗം, വിതരണം ടാൻസാനിയ യുവാക്കൾ

Mail This Article
കൊല്ലം ∙ ശരീരത്തിലെ രഹസ്യ ഭാഗത്തുൾപ്പെടെ എംഡിഎംഎ ഒളിപ്പിച്ച് അറസ്റ്റിലായ അനില രവീന്ദ്രൻ വൻ ലഹരി റാക്കറ്റിന്റെ ഭാഗമെന്നു പൊലീസ്. ടാൻസാനിയയിൽ നിന്നുള്ള യുവാക്കളാണ് അനിലയ്ക്കു നേരിട്ട് എംഡിഎംഎ വിതരണം ചെയ്യുന്നത്. ജില്ലയിലെ വൻ ലഹരി സംഘങ്ങളുമായി അനിലയ്ക്ക് അടുത്ത ബന്ധമുണ്ടെന്നാണു സൂചന. 2021ൽ എംഡിഎംഎയുമായി അനിലയെ തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൈവശം കരുതിയതിനേക്കാൾ എംഡിഎംഎ അനില ഒളിപ്പിച്ചതു ശരീരത്തിലെ രഹസ്യ ഭാഗത്താണ്. 3 ലക്ഷത്തിന്റെ എംഡിഎംഎയുമായി വെള്ളിയാഴ്ച അറസ്റ്റിലായ അഞ്ചാലുംമൂട് രേവതിയിൽ വാടകയ്ക്കു താമസിക്കുന്ന അനില (35) 40.14 ഗ്രാം എംഡിഎംഎ ശരീരത്തിൽ ഒളിപ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഇതോടെ ഇവരിൽനിന്ന് ആകെ 77 ഗ്രാം എംഡിഎംഎയാണു പിടികൂടിയത്. ശക്തികുളങ്ങര പൊലീസും ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ റെയ്ഡിലാണ് അനില പിടിയിലായത്. അനിലയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അനില സഞ്ചരിച്ച കർണാടക റജിസ്ട്രേഷൻ കാർ ഇവരുടെ സുഹൃത്തിന്റേതാണെന്ന് പൊലീസ് പറഞ്ഞു. കർണാടകയിൽനിന്നു കാറിൽ കൊല്ലത്തേക്ക് എംഡിഎംഎ കൊണ്ടുവരുമ്പോൾ അനിലയ്ക്കൊപ്പം ഒരു യുവാവും ഉണ്ടായിരുന്നു. കൊല്ലം സ്വദേശിയായ ഇയാൾ എറണാകുളത്ത് ഇറങ്ങി. ലഹരിക്കച്ചവടത്തിനു പൊലീസ് ഉദ്യോഗസ്ഥന്റെ സഹായം ഇവർക്കു ലഭിച്ചിട്ടുണ്ടെന്നാണു സൂചന. ഇയാളെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. അനിലയുടെ മൊബൈൽ ഫോണിൽനിന്നു കൂടുതൽ തെളിവുകൾ ശേഖരിക്കുമെന്നു പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ട് 5 മണിക്കാണ് അനില പിടിയിലായത്. സിറ്റി പൊലീസ് കമ്മിഷണർക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നീണ്ടകര പാലത്തിനു സമീപം പൊലീസ് സംഘം അനിലയുടെ കാറിന് കൈ കാണിച്ചിട്ടും നിർത്തിയില്ല. തുടർന്ന് ആൽത്തറമൂട്ടിൽ വച്ച് പൊലീസ് വാഹനം കുറുകെയിട്ടാണ് കാർ തടഞ്ഞ് ഇവരെ പിടികൂടിയത്. കാറിന്റെ മുൻ സീറ്റിൽ ഹാൻഡ് ബാഗിനുള്ളിൽ കറുത്ത ടേപ്പ് ഒട്ടിച്ച പ്ലാസ്റ്റിക് കവറിനുള്ളിൽ നിന്നാണ് 36.86 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.
കൂടുതൽ ചോദ്യം ചെയ്ത ശേഷം ഇന്നലെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി. അപ്പോഴാണ് ശരീരത്തിലെ രഹസ്യ ഭാഗത്ത് കവറിൽ പൊതിഞ്ഞ് 40.14 ഗ്രാം എംഡിഎംഎ കൂടി കണ്ടെത്തിയത്. ജില്ലയിൽ എംഡിഎംഎ കച്ചവടം ചെയ്യുന്ന പ്രധാനികളിൽ ഒരാളാണ് അനിലയെന്നു പൊലീസ് പറഞ്ഞു.