പവർ സ്റ്റേഷനിലെ തീപിടിത്തം: സ്തംഭിച്ച് ഹീത്രൂ വിമാനത്താവളം, ആകാശത്ത് 120 വിമാനങ്ങൾ, പ്രതിസന്ധി ഏഷ്യയിലും പ്രതിഫലിച്ചു

Mail This Article
ലണ്ടൻ∙ പടിഞ്ഞാറൻ ലണ്ടനിലെ ഒരു പവർ സ്റ്റേഷനിലുണ്ടായ തീപിടിത്തം ഹീത്രൂ വിമാനത്താവളത്തെ സ്തംഭിപ്പിച്ചു. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഹീത്രൂ വെള്ളിയാഴ്ച അർധരാത്രി വരെ അടച്ചിടാൻ അധികൃതർ നിർബന്ധിതരായതോടെ പ്രതിസന്ധിയിലായത് ഒട്ടറെ യാത്രക്കാരാണ്.
ഈ അടച്ചിടൽ കാരണം ഒട്ടറെ പേരാണ് യാത്രാ തടസ്സം നേരിടുന്നത്. ഹീത്രൂ വിമാനത്താവളത്തിൽ ഇറങ്ങാനുള്ള 120 വിമാനങ്ങൾ നിലവിൽ ആകാശത്തുണ്ട്, അവ മറ്റ് വിമാനത്താവളങ്ങളിൽ ഇറങ്ങുകയോ പുറപ്പെട്ട സ്ഥലത്തേക്ക് തിരികെ പോകുകയോ ചെയ്യും. തീപിടിത്തം നിയന്ത്രിക്കാൻ അഗ്നിശമന സേനാംഗങ്ങൾ തീവ്രമായി ശ്രമിക്കുന്നുണ്ടെങ്കിലും, എപ്പോൾ വൈദ്യുതി പൂർണ്ണമായും പുനഃസ്ഥാപിക്കാനാകുമെന്ന് വ്യക്തമല്ലെന്ന് ഹീത്രൂ വക്താവ് റോയിട്ടേഴ്‌സിനെ ഇമെയിലിൽ അറിയിച്ചു. അടുത്ത ദിവസങ്ങളിലും യാത്ര തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് മാർച്ച് 21ന് 23:59 വരെ ഹീത്രൂ അടച്ചിടുമെന്ന് വിമാനത്താവളം എക്‌സിൽ പോസ്റ്റിൽ അറിയിച്ചിരിക്കുന്നത്. യൂറോപ്പിലെ വ്യോമഗതാഗതം നിയന്ത്രിക്കുന്ന യൂറോ കൺട്രോൾ, വെബ്‌സൈറ്റിൽ വൈദ്യുതി തടസ്സം കാരണം ഹീത്രൂവിൽ വിമാനങ്ങൾ ഇറങ്ങാൻ അനുവദിക്കുന്നില്ലെന്നും വിമാനങ്ങൾ വഴിതിരിച്ചുവിടുകയാണെന്നും അറിയിച്ചു.
എയർ ഇന്ത്യ ഹീത്രൂവിലേക്കുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു.ഹീത്രൂവിന്റെ അടച്ചിടൽ ഏഷ്യയിലും പ്രതിഫലിച്ചു. സിംഗപ്പൂരിലെ ചാങ്കി വിമാനത്താവളത്തിൽ നിന്നുള്ള ചില വിമാനങ്ങൾ ലണ്ടൻ ഗാറ്റ്‌വിക്കിലേക്കും യൂറോപ്പിലെ മറ്റ് വിമാനത്താവളങ്ങളിലേക്കും വഴിതിരിച്ചുവിട്ടു.
അടുത്ത ദിവസങ്ങളിൽ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നും വിമാനങ്ങൾ കൃത്യസമയത്ത് എത്തിച്ചേരാൻ കാലതാമസം ഉണ്ടാകുമെന്നും യാത്രാ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. 16,300 വീടുകളിൽ വൈദ്യുതി തടസ്സം നേരിടുന്നുണ്ട്. ഹീത്രൂ വിമാനത്താവളത്തിലെ വൈദ്യുതി തടസ്സവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി യാത്രക്കാർ അധികൃതരുമായി ബന്ധപ്പെടണം.