ലണ്ടനിൽ സബ്സ്റ്റേഷനിൽ പൊട്ടിത്തെറി; ഹീത്രൂ വിമാനത്താവളം അടച്ചു, യാത്രക്കാർ വിമാനത്താവളത്തിലേക്ക് വരരുതെന്ന് മുന്നറിയിപ്പ്!

Mail This Article
ലണ്ടൻ∙ വൈദ്യുതി സബ്സ്റ്റേഷനിലെ പൊട്ടിത്തെറിയെ തുടർന്നു ഹീത്രൂ വിമാനത്താവളം അടച്ചു. വൈദ്യുത വിതരണം തടസ്സപ്പെട്ടതിനെ തുടർന്നാണ് വിമാനത്താവളം വെള്ളിയാഴ്ച അർധരാത്രി വരെ അടച്ചത്. വിമാനത്താവളത്തിലേക്ക് വൈദ്യുതി നൽകുന്ന ഇലക്ട്രിക്കൽ സബ്‌സ്റ്റേഷനിലുണ്ടായ തീപിടിത്തമാണ് വലിയ തോതിലുള്ള വൈദ്യുതി തടസ്സത്തിനും ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി മുടക്കത്തിനും കാരണമായത്.
യാത്രക്കാർ വിമാനത്താവളത്തിലേക്ക് വരരുതെന്ന് ഹീത്രൂ വിമാനത്താവളം വെബ്‌സൈറ്റിലൂടെയും സമൂഹമാധ്യമത്തിലൂടെയും അറിയിച്ചു. പടിഞ്ഞാറൻ ലണ്ടനിലെ ഒരു ഇലക്ട്രിക്കൽ സബ്‌സ്റ്റേഷനിലുണ്ടായ തീപിടിത്തം 16,000ത്തിലധികം വീടുകളിൽ വൈദ്യുതി മുടക്കത്തിനും 100ലധികം ആളുകളെ ഒഴിപ്പിക്കാൻ കാരണമായിയെന്ന് ലണ്ടൻ ഫയർ ബ്രിഗേഡ് അറിയിച്ചു. ഹെയ്‌സിലെ നെസ്‌റ്റിൽസ് അവന്യൂവിലെ സബ്‌സ്റ്റേഷനിലെ ട്രാൻസ്‌ഫോർമറിലാണ് തീപിടിച്ചത്. 10 ഫയർ എൻജിനുകളും 70ഓളം അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി.
സമീപത്തെ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും മുൻകരുതൽ എന്ന നിലയിൽ 200 മീറ്റർ ചുറ്റളവിൽ കോർഡൺ സ്ഥാപിക്കുകയും ചെയ്തു. ഹെയ്‌സ്, ഹീത്രൂ, ഹില്ലിങ്‌ഡൺ, സൗത്ത്‌ഹാൾ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയിരിക്കുന്നത്.
എസ്എസ്ഇഎൻ (Scottish and Southern Electricity Networks) എക്‌സിൽ നൽകിയ വിവരമനുസരിച്ച് ഹെയ്‌സ്, ഹൗൺസ്‌ലോ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. അഗ്നിബാധയുടെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.