ഭർത്താവിനോട് അമിത സ്നേഹം, സ്വന്തം കുഞ്ഞുങ്ങളോടു പോലും അസൂയ; വായിക്കാം ഈ ക്രൈം ത്രില്ലർ
Mail This Article
കോളിൻ ഹൂവർ എഴുതിയ സൈക്കളോജിക്കൽ ക്രൈം മിസ്റ്ററി നോവലാണ് 'വെറിറ്റി'. 2018 ൽ പ്രസിദ്ധീകരിച്ച ഈ ബെസ്റ്റ് സെല്ലർ കൃതി, ആമസോൺ എംജിഎം സ്റ്റുഡിയോസ് ചലച്ചിത്രമാക്കാനുള്ള ഒരുക്കത്തിലാണ്. ആനി ഹാത്‌വേ വെറിറ്റിയായി വേഷമിടുന്ന ചിത്രം മൈക്കൽ ഷോൾട്ടറാണ് സംവിധാനം ചെയ്യുന്നത്. സാധാരണ പ്രണയ കേന്ദ്രീകൃത കൃതികളുമായി വരുന്ന കോളിൻ ഹൂവർ വായനക്കാർക്ക് നൽകിയ ഒരു സമ്മാനമായിരുന്നു 'വെറിറ്റി' എന്ന ത്രില്ലർ നോവൽ. സസ്പെൻസ് നിറഞ്ഞ കഥാസന്ദർഭങ്ങൾ കോളിൻ ഹൂവർ എന്ന എഴുത്തുകാരിയുടെ രചനാപാടവത്തെയാണ് തുറന്നു കാട്ടുന്നത്.
സാമ്പത്തിക തകർച്ചയുടെ വക്കിലെത്തി നിൽക്കുന്ന ഒരു എഴുത്തുകാരിയാണ് ലോവൻ ആഷ്‌ലീ. അവളുടെ അമ്മ അടുത്തിടെയാണ് മരിച്ചത്. അതിന്റെ ദുഃഖത്തിൽ കഴിയുന്ന അവളെ അലട്ടുന്ന മറ്റൊരു പ്രശ്നമാണ് റൈറ്റേഴ്സ് ബ്ലോക്ക്. ഒന്നും എഴുതാനാകാതെ ആകെ സമ്മർദ്ദത്തിലായിരുന്ന ലോവൻ, ഒരു വാഹനാപകടത്തിന് സാക്ഷിയാകുന്നു. ഞെട്ടലിൽ നിന്നുണരാതെ സ്തബധയായി പോയ അവളെ, വഴിയിൽ നിന്ന് രക്ഷപ്പെടുത്തി, ദേഹത്ത് പുരണ്ട ചോരപാടുകൾ കഴുകി കളയുവാൻ സഹായിക്കുന്നത് ഒരു യുവാവാണ്.
ജെറമി ക്രോഫോർഡ് എന്ന ആ മനുഷ്യൻ താൻ ഏറെ ആരാധിക്കുന്ന പ്രശസ്ത എഴുത്തുകാരിയായ വെറിറ്റി ക്രോഫോർഡിന്റെ ഭർത്താവാണെന്ന് ലോവൻ മനസ്സിലാക്കുന്നു. വില്ലന്മാരുടെ വീക്ഷണകോണിൽ നിന്ന് നോവലുകൾ എഴുതുന്ന ക്രൈം ഫിക്ഷൻ രചയിതാവാണ് വെറിറ്റി. കാർ അപകടത്തിൽപ്പെട്ട് വെറിറ്റി ശരീരം തളർന്നു കിടപ്പിലാണെന്ന് ലോവൻ അറിയുന്നു. എന്നാല്‍ ഈ സംഭവം തന്റെ പ്രിയപ്പെട്ട എഴുത്തുകാരിയുടെ ലോകത്തേക്ക് പ്രവേശിക്കുവാൻ ഒരു അവസരമാകുമെന്ന് അവൾ കരുതിയിരുന്നില്ല.
7 പുസ്തകങ്ങള്‍ അടങ്ങുന്ന ഒരു പുസ്‌തക പരമ്പര എഴുതുന്നതിന്റെ തിരക്കിലായിരുന്നു വെറിറ്റി. പക്ഷേ അപകടം സംഭവിച്ച് അവൾ കിടപ്പിലായത്തോടെ പരമ്പര പൂർത്തിയാക്കാൻ സാധിക്കുമോ എന്ന ആശങ്കയിലാണ് അവളുടെ പ്രസാധകര്‍. അതിനു പരിഹാരമായി ബാക്കി പുസ്തകങ്ങൾ ഒരു പുതിയ രചയിതാവിനെ ഉപയോഗിച്ചു എഴുതി പ്രസിദ്ധീകരിക്കാമെന്ന് അവർ നിശ്ചയിച്ചിരുന്നു. വെറിറ്റിയുടെ കുറിപ്പുകൾ വായിച്ച് പരമ്പരയിലെ അവസാന 3 പുസ്‌തകങ്ങൾ പൂർത്തിയാക്കണം. അപ്രതീക്ഷിതമായി ആ അവസരം ലോവന് ലഭിക്കുന്നു. വെറിറ്റിയുടെ ഭർത്താവ് ജെറമി ക്രോഫോർഡിന്റെ കൂടി സമ്മതത്തോടെയാണ് ആ ജോലി ലോവനെ തേടിയെത്തുന്നത്. അതിനായി വലിയൊരു തുക പ്രതിഫലമായി നൽകപ്പെടും. സാമ്പത്തിക തകർച്ചയുടെ വക്കിലെത്തി നിൽക്കുന്ന അവൾക്ക് അത് നിരസിക്കാനാകുന്നില്ല.
പുസ്തകമെഴുതാൻ വേണ്ടി വെറിറ്റിയുടെ വീടായ ക്രോഫോർഡ് ഹോമിലെത്തിയ ലോവൻ, വെറിറ്റി എഴുതിക്കൂട്ടിയ കുറിപ്പുകളും രൂപരേഖകളും വായിക്കുന്നു. നോവൽ തയ്യാറാക്കാൻ ആവശ്യമായ എന്തെങ്കിലും ലഭിക്കുമെന്ന ചിന്തയിൽ നടത്തിയ തിരച്ചിലിൽ, താറുമാറായി കിടന്ന ഓഫീസിൽ നിന്ന് ലോവന് അപ്രതീക്ഷിതമായ ഒന്നാണ് കിട്ടുന്നത്. അത് വെറിറ്റിയുടെ പൂർത്തിയാകാത്ത ആത്മകഥയാണ്. അത് ആർക്കും വായിക്കരുതെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് വെറിറ്റി അതിൽ പ്രത്യേകം പറഞ്ഞിട്ടുണ്ട്. പക്ഷേ ലോവന് തന്റെ ആകാംഷ നിയന്ത്രിക്കാൻ സാധിക്കുന്നില്ല.
സ്നേഹമയിയായ സ്ത്രീ എന്ന വെറിറ്റിയുടെ പ്രതിഛായ തകര്‍ക്കുന്ന സത്യങ്ങളാണ്, അതിൽ ലോവൻ വായിക്കുന്നത്. ജെറമിയുടെ സ്നേഹം പങ്കിടേണ്ടിവരുമെന്ന് തോന്നിയപ്പോൾ സ്വന്തം ഇരട്ട കുട്ടികളെ ഗർഭച്ഛിദ്രം ചെയ്യാൻ വെറിറ്റി ശ്രമിച്ചിരുന്നു. പിന്നീട് ആ കുട്ടികൾ ജനിച്ചശേഷം രണ്ട് അവസരങ്ങളിലായി അവരെ ഇല്ലാതാക്കി എന്ന് വായിച്ച് ലോവൻ ആശങ്കയിലാകുന്നു. കോമയിൽ കിടക്കുന്ന വെറിറ്റിയെ പൊന്നു പോലെ നോക്കുന്ന ജെറമി, ഭാര്യ തന്നെയാണ് 2 മക്കളെയും കൊന്നതെന്ന സത്യം അറിഞ്ഞാൽ തകർന്നു പോകും. അതുകൊണ്ട് ലോവൻ ആ പുസ്തകത്തിന്റെ കാര്യം അയാളോട് പറയുന്നില്ല
ദിവസങ്ങൾ കഴിയവേ, ജെറമിയുമായും അയാളുടെ അവസാനത്തെ സന്താനമായ ക്രൂവുമായും ലോവൻ അടുക്കുന്നു. അയൽക്കാരുടെയും നഴ്‌സുമാരുടെയും മനസ്സിൽ വെറിറ്റി നല്ലവളാണ്. എന്നാൽ തനിക്കറിയുന്ന സത്യങ്ങൾ ലോവനെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ലോവൻ കണ്ട എല്ലാ സന്ദർഭങ്ങളിലും ജെറമി മാന്യമായും നിസ്വാർത്ഥമായും ധീരതയോടെയും മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂ. അവൾക്ക് ജെറമിയോട് പ്രണയം തോന്നുന്നു. അയാൾ വിവാഹിതനാണെന്ന് അറിയാമെങ്കിലും, അവനോടുള്ള ആകർഷണം കുറയ്ക്കാൻ അവൾക്ക് കഴിയുന്നില്ല. അയാൾക്കും തിരികെ ആ അടുപ്പം തോന്നുന്നുണ്ട്. സ്വാർത്ഥയായ വെറിറ്റിക്ക് അവളുടെ ഇരട്ട കുട്ടികളായ ഹാർപ്പറിന്റെയും ചാസ്റ്റിന്റെയും ദാരുണമായ മരണവുമായി ബന്ധമുണ്ടെന്ന് ആത്മകഥയിൽ വായിച്ച ലോവന്, ഈ സത്യങ്ങള്‍ മറച്ചുവെച്ചതിൽ കുറ്റബോധം തോന്നുന്നു. എല്ലാം ജെറമിയെ അറിയിക്കുവാൻ അവള്‍ തീരുമാനിക്കുന്നു.
അങ്ങനെയിരിക്കയാണ് തന്നെ ആരോ നിരന്തരം നിരീക്ഷിക്കുന്നതായി ലോവന് തോന്നുന്നത്. വാതിലുകൾ തനിയെ അടയുന്നു, വീട്ടുപകരണങ്ങൾ സ്ഥാനം മാറ്റി വെയ്ക്കപ്പെടുന്നു, സ്വീച്ചുകൾ ഓഫാകുന്നു. വെറിറ്റി കോമയിലല്ലെന്ന് അവൾ സംശയിക്കുന്നു. അതോടെ എല്ലാ വിവരങ്ങളും ജെറമിയോട് പറഞ്ഞ് 'സോ ബി ഇറ്റ്' എന്ന വെറിറ്റിയുടെ ആത്മകഥ വായിക്കാൻ അയാളെ നിർബന്ധിക്കുന്നു.
പുസ്തകം വായിച്ച ജെറമി ദേഷ്യത്തോടെ വെറിറ്റി കിടക്കുന്ന മുറിയിലെത്തി സത്യമെന്താണെന്ന് ചോദിച്ച് ബഹളമുണ്ടാക്കുന്നു. അവളുടെ കൈയെഴുത്തുപ്രതി പൊലീസിന് കൈമാറുമെന്ന് ഭീഷണിപ്പെടുത്തുമ്പോൾ വെറിറ്റി അനങ്ങുകയും താൻ കോമയിലല്ലെന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നു. ജെറമിക്ക് തന്നോടുള്ള വിശ്വസ്തത പരിശോധിക്കാനാണ് അഭിനയിച്ചതെന്നും ലോവനുമായി അയാൾ അടുത്തതോടെ ലോവൻ എഴുതുന്ന പുതിയ പുസ്തകങ്ങളിൽ നിന്ന് കിട്ടുന്ന തുകയുമായി മകൻ ക്രൂവിനോടൊപ്പം രക്ഷപ്പെടാനായിരുന്നു പദ്ധതിയെന്നും വെറിറ്റി സമ്മതിച്ചു. രോഷാകുലനായ ജെറമി, അവളെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിക്കുന്നു. വെറിറ്റിയെ അങ്ങനെ കൊന്നാൽ ക്രൂവിന് അവന്റെ അച്ഛനെ കൂടി നഷ്ടപ്പെടുമെന്ന് പറഞ്ഞ് ലോവൻ അയാളെ തടയുന്നു. പകരം, കൊലപാതകം ഇൻഹലേഷൻ ന്യൂമോണിയ പോലെയാക്കാമെന്ന് പറഞ്ഞ് അവർ ഒന്നിച്ച് വെറിറ്റിയെ കൊല്ലുന്നു.
നോവലിന്റെ അവസാനം, ജെറമിയും ക്രൂവും ഗർഭിണിയായ ലോവനും ഒരു പുതിയ ജീവിതം ആരംഭിക്കുന്നതിനായി നോർത്ത് കരോലിനയിൽ നിന്ന് താമസം മാറുകയാണ്. സാധനങ്ങൾ മാറ്റുന്നതിനിടെ, ജെറമിയെ അഭിസംബോധന ചെയ്ത് വെറിറ്റി എഴുതിയ ഒരു കത്ത്, ഫ്ലോർബോർഡിനടിയിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്നതായി ലോവൻ കണ്ടെത്തുന്നു. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ആ കത്തിൽ വെറിറ്റി നടത്തുന്നത്. തന്റെ എഴുത്ത് പരിശീലനത്തിന്റെ ഭാഗമായി താൻ ഒരു ആത്മകഥ എഴുതുന്നുണ്ടെന്നും തന്നെ വില്ലനാക്കി ചിത്രീകരിച്ചാണ് അത് എഴുതുന്നതെന്നും അതിൽ പറഞ്ഞിരിക്കുന്നതെല്ലാം കള്ളമാണെന്നും കത്തിൽ എഴുതിയിരിക്കുന്നു. മക്കളുടെ മരണം യഥാർഥത്തിൽ ഒരു അപകടമാണെന്നും തനിക്ക് അതിൽ ഒരു പങ്കുമില്ലെന്നും താൻ ഇപ്പോഴും ജെറമിയെ സ്നേഹിക്കുന്നുവെന്നും എന്നാൽ മറ്റൊരു സ്ത്രീയുമായി അയാള്‍ അടുത്തതിനാൽ ക്രൂവിന്റെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും അതുകൊണ്ട് അവനൊപ്പം ദൂരെയ്ക്ക് പോകാൻ താൻ പദ്ധതിയിട്ടിരിക്കുകയാണെന്നും കത്തിൽ പറയുന്നു.
എഴുത്ത് പരിശീലനത്തിന്റെ ഭാഗമായി എഴുതിയ ഒരു ആത്മകഥ വെച്ച് താൻ വെറിറ്റിയെ വെറുതെ സംശയിക്കുകയായിരുന്നോ എന്ന് ലോവൻ ആശങ്കപ്പെടുന്നു. ജെറമി ഇത് ഒരിക്കലും അറിയരുതെന്ന് ചിന്തിച്ച് ലോവൻ ആ കത്ത് നശിപ്പിക്കുന്നതോടെയാണ് കഥ സമാപിക്കുന്നത്. ആരാണ് കുറ്റവാളി, ആരാണ് നിരപരാധി എന്ന് മുൻകൂട്ടി നിശ്ചയിക്കാൻ സാധിക്കാത്തവിധം മികച്ച രീതിയിലാണ് നോവലിസ്റ്റ് കഥ വിവരിക്കുന്നത്. പ്രധാന കഥാപാത്രങ്ങളുടെ മനസ്സിലൂടെ കടന്നു പോകുന്ന രീതി മറക്കാനാവാത്ത വായനാനുഭവമാണ് നൽകുന്നത്.