പിതാവിനൊപ്പം സ്കൂട്ടറിൽ പോകവേ കാറിടിച്ച് അധ്യാപിക മരിച്ചു; അപകടം അവധിക്കുശേഷം മടങ്ങുന്നതിനിടെ
Mail This Article
കോട്ടയം ∙ പുലർച്ചെ പിതാവിനൊപ്പം സ്കൂട്ടറിൽ ബസ് സ്റ്റാൻഡിലേക്കു പോയ നഴ്സിങ് കോളജ് അധ്യാപിക കാറിടിച്ച് മരിച്ചു. വടവാതൂർ തകിടിയേൽ ടി.എ.ജയിംസിന്റെ (എംആർഎഫ് റിട്ട. ഉദ്യോഗസ്ഥൻ) മകൾ എക്സിബ മേരി ജയിംസ് (28) ആണു മരിച്ചത്. അമിതവേഗത്തിലെത്തിയ കാർ സ്കൂട്ടറിനു പിന്നിൽ ഇടിച്ചാണ് അപകടം.
ചൊവ്വാഴ്ച പുലർച്ചെ 2നു കഞ്ഞിക്കുഴി പ്ലാന്റേഷൻ കോർപറേഷൻ ഓഫിസിനു സമീപമാണു സംഭവം. മലപ്പുറം കോട്ടയ്ക്കൽ അൽമാസ് നഴ്സിങ് കോളജിലെ അധ്യാപികയാണ് എക്സിബ. അവധിക്കുശേഷം മടങ്ങാൻ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്കു പോവുന്നതിനിടെയാണു ദാരുണാന്ത്യം. സംസ്കാരം ഇന്നു 2നു ചിലമ്പ്രക്കുന്ന് ഇമ്മാനുവൽ ഫെയ്ത്ത് ഫെലോഷിപ് സെമിത്തേരിയിൽ. മാതാവ്: പരുത്തുംപാറ കുന്നേൽ കുഞ്ഞൂഞ്ഞമ്മ ജയിംസ്. സഹോദരി: ജിക്സ.