ആർക്കും ചെല്ലാം, ഭംഗി ആസ്വദിക്കാം; മൂന്നര ഏക്കർ പൂന്തോട്ടം, അതും ഒരിനം ചെടിക്കുവേണ്ടി മാത്രം; വെറുമൊരു നഴ്സറിയല്ല ‘കടലാസുപൂ’

Mail This Article
തൃശൂരിൽനിന്നു കോഴിക്കോട്ടേക്കു യാത്ര ചെയ്യുന്നവരെല്ലാം ദേശീയപാതയിൽ കേച്ചേരി കഴിഞ്ഞ് ചൂണ്ടലെത്തും മുൻപ് വിസ്മയത്തോടെ വീണ്ടും വീണ്ടും തിരിഞ്ഞുനോക്കി ആസ്വദിക്കുന്ന ഒരു കാഴ്ചയുണ്ട്; പല നിറത്തിലുള്ള പൂക്കൾകൊണ്ടു നിറഞ്ഞ മൂന്നരയേക്കർ ബൊഗെയ്ന്‍വില്ല പൂപ്പാടം. ചിലർ വണ്ടി നിർത്തി കണ്ടുമതിയാകാതെ നോക്കി നിൽക്കും. തൈകൾ വാങ്ങിക്കൊണ്ടു പോകാൻ പറ്റുന്ന സാഹചര്യമല്ലെങ്കിലും ചിലർ അൽപനേരം ആ പൂപ്പാടത്തിലൂടെ കൊതിയോടെ നടക്കും. പിന്നെ, നിറഞ്ഞ ഹൃദയത്തോടെ യാത്ര തുടരും. മറ്റു ചിലർ ഇഷ്ടപ്പെട്ട ഇനങ്ങളെല്ലാം വാങ്ങിക്കൂട്ടും. വെറുതെ വന്നു പോകുന്നവരെയും ചെടികൾ വാങ്ങുന്നവരെയുമെല്ലാം ഡയസും പ്രിയയും ഒരേ സ്നേഹത്തോടെ സ്വീകരിക്കും. അങ്ങനെ വന്നുപോകുന്നവരിലും വാങ്ങുന്നവരിലും സെലിബ്രിറ്റികളുണ്ടാകും, വിദേശികളുണ്ടാവും, സാധാരണക്കാരുമുണ്ടാകും. അവരുടെ സന്തോഷം തന്നെയാണു തങ്ങളുടെ സൗഭാഗ്യമെന്ന് ഡയസും പ്രിയയും പറയുന്നു.

ഏറെക്കാലം വിദേശത്തായിരുന്ന ഡയസ്–പ്രിയ ദമ്പതിമാർ ‘കടലാസുപൂ’ എന്ന പേരിൽ ഒരൊറ്റ പൂച്ചെടിയിനം മാത്രമായി ഉദ്യാന സംരംഭം തുടങ്ങുന്നത് ഒരു വർഷം മുൻപാണ്. യാത്രകളെയും പൂച്ചെടികളെയും ഏറെ സ്നേഹിക്കുന്നവരാണ് ഇരുവരും. നീണ്ട യാത്രകൾ കഴിഞ്ഞെത്തുമ്പോൾ വീട്ടുമുറ്റത്തെ ചെടികൾ പലതും പരിപാലനമില്ലാതെ കരിഞ്ഞിരിക്കും. എന്നാൽ അക്കൂട്ടത്തില്‍ ഒരു പരാതിയുമില്ലാതെ നിറഞ്ഞു പൂവിട്ടു നിൽക്കുന്ന ഒരിനം മാത്രം കാണും; ബൊഗെയ്ന്‍വില്ല.
ആയിടയ്ക്ക് കുടുംബസ്വത്തായി ലഭിച്ച ചൂണ്ടലിലെ 7 ഏക്കറില്‍ എന്തെങ്കിലും സംരംഭം തുടങ്ങാമെന്ന ചിന്തയിലായിരുന്നു ഇരുവരും. എങ്കിൽ പിന്നെ വലിയ അധ്വാനമോ പരിപാലനമോ വേണ്ടാത്ത ബൊഗെയ്ന്‍വില്ല നഴ്സറി ആയാലോ എന്നായി. അപ്പോഴേക്കും 40 ഇനം ബൊഗെയ്ന്‍വില്ലകള്‍ പ്രിയയുടെ ശേഖരത്തിലുണ്ടായിരുന്നു. കൂടുതൽ ഇനങ്ങൾ ശേഖരിച്ച് മൂന്നരയേക്കറിൽ അവയെല്ലാം വിന്യസിച്ചു. പ്രതീക്ഷിച്ചതിന്റെ പലമടങ്ങ് പ്രതികരണമാണ് സംരംഭത്തിനു ലഭിച്ചതെന്നു പ്രിയ. ബൊഗെയ്ന്‍വില്ലയോട് ഇപ്പോഴും ആളുകൾക്ക് ഇത്രയേറെ ഇഷ്ടമോ എന്ന് അദ്ഭുതപ്പെട്ടുപോയെന്ന് ഡയസും.

നൂറുകണക്കിന് ഇനങ്ങൾ
മലയാളിയുടെ പൂന്തോട്ടസങ്കൽപങ്ങളിൽ എക്കാലവും പൂത്തുലഞ്ഞു നിൽക്കുന്ന പൂച്ചെടിയാണ് ബൊഗെയ്ന്‍വില്ല. വാസ്തവത്തിൽ, ഇലകൾ പൂക്കളായി മാറുന്നതാണ് ഓരോ ബൊഗെയ്ന്‍വില്ലയും. അവയുടെ ശരിക്കുള്ള പൂക്കൾ ചെറുതും അനാകർഷകവുമാണ്. ഈ പൂക്കളെച്ചുറ്റിയുള്ള ബ്രാക്കറ്റുകളാണ് പലനിറപ്പൂക്കളായി നമ്മൾ കാണുന്നത്. മുൻപ് നാടൻ ഇനങ്ങളേ ഉണ്ടായിരുന്നുള്ളൂ. വർഷം മൂന്നോ നാലോ മാസമേ അതിൽ പൂക്കളുമുണ്ടാവൂ. നിറവൈവിധ്യവും കുറവ്. എന്നാൽ ഇന്നു തായ്‌ലൻഡിൽനിന്നുൾപ്പെടെ എത്തുന്ന ഹൈബ്രിഡ് ഇനങ്ങളിൽ വർഷം 8–9 മാസം പൂവുണ്ടാവും.

മുള്ളുകൾ തീരെക്കുറഞ്ഞതും വെരിഗേറ്റഡ് ഇലകളുള്ളതും പൂക്കളുടെ നിറം ഇടയ്ക്കു മാറുന്നതുമെല്ലാമുണ്ട് അക്കൂട്ടത്തിൽ. കമ്പുകോതി കുറ്റിച്ചെടിയാക്കണമെങ്കിൽ അങ്ങനെ. ബോൺസായ് രൂപത്തിലെങ്കിൽ അങ്ങനെ. ഇനി, ബാൽക്കണിയിൽ നിന്ന് ഞാന്ന് ഒഴുകിക്കിടക്കമെങ്കിൽ അതുമാവാം. അതല്ല, മീറ്ററുകൾ ഉയരത്തിലേക്കു വളരണോ, അതിനും തയാർ. ഒരു ചുവടിൽത്തന്നെ ഒട്ടേറെ ഇനങ്ങൾ ഗ്രാഫ്റ്റ് ചെയ്ത് നിറക്കൂട്ടാണെങ്കിൽ അതിനും തയാർ. അങ്ങനെ ആസ്വാദകരുടെ മനസ്സിനിണങ്ങുംവിധം മാറ്റിയെടുക്കാവുന്നതാണ് ഈ പൂച്ചെടി. എല്ലാവർക്കും വേണ്ട എല്ലായിനങ്ങളും ഡയസും പ്രിയയും ഒരുക്കുന്നുണ്ട്.
തണ്ടു മുറിച്ചു നട്ടും ഗ്രാഫ്റ്റിങ്, ലെയറിങ് വഴിയും മുന്നൂറിലേറെ ഇനങ്ങളുടെ തൈകളാണ് ഇവിടെയുള്ളത്. പീച്ച്, റെഡ്, മജന്ത നിറങ്ങളിലുള്ള ബ്രെസ്സാ ഇനങ്ങൾ, 5 നിറങ്ങളിൽ ടാങ് ലോങ്, ഇടയ്ക്കിടെ നിറം മാറുന്ന മഹാറാണി, മനം മയക്കുന്ന മാജിക് ഐസ്ക്രീം ഒപ്പം സ്പെക്ട്രം, ബട്ടർകപ്പ്, പിക്സി, ലോല, സൺറൈസ് വൈറ്റ്, കലിഫോർണിയ ഗേൾസ്, ചില്ലി യെല്ലോ, ഹോൺബിൽ പിങ്ക് തുടങ്ങി കണ്ടാലും പറഞ്ഞാലും തീരാത്തത്ര വൈവിധ്യം.

വരുമാനത്തേക്കാൾ ആനന്ദത്തിനാണ് ‘കടലാസുപൂ’ സംരംഭം പ്രാധാന്യം നൽകുന്നതെന്നു ഡയസും പ്രിയയും പറയുന്നു. അതുകൊണ്ടുതന്നെ പൂപ്പാടം വെറുതെ കാണാനെത്തുന്നവരെയും നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു. രാവിലെ തൊട്ട് ഈ മൂന്നരയേക്കറിലെ ഓരോ പൂവിനോടും കുശലം പറഞ്ഞു നടക്കുമ്പോൾ മനസ്സിനും ശരീരത്തിനും ലഭിക്കുന്ന ഊർജവും സന്തോഷവും തന്നെയാണ് പ്രധാനമെന്ന് പ്രിയയും ഡയസും പറയുന്നു. ‘കടലാസുപൂ’വിനെ ഉദ്യാനപ്രേമികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചതോടെ മികച്ച വരുമാനവും വന്നുചേരുന്നത് സന്തോഷം ഇരട്ടിയാക്കുന്നു.
ഫോൺ: 9645742098