250ലേറെ നിറവൈവിധ്യം; നാൽപതു വർഷത്തെ ബൊഗൈൻവില്ല ശേഖരം; ഇത് പൂമുഖം നിറയുന്ന നിറക്കൂട്ട്
Mail This Article
വിശാലമായ വീട്ടുമുറ്റത്തും മതിലിലുമായി 250ലേറെ ബൊഗൈന്‍വില്ലകൾ തീർത്ത വർണചാരുത. സൺ സ്റ്റോൺ റെഡ്, യെല്ലോ താങ്‌ലോങ്, ലിപ്സ്റ്റിക്, ടൈഗർ ക്രിസ്റ്റീന, മിസ് ഹോളണ്ട്, ചൈനീസ് സ്ലീപിങ് ബ്യൂട്ടി, മഹാറാണി, ബീഗം സിക്കന്ദർ, സൂഫിയ ഇൻഡ്യാന എന്നിങ്ങനെ നാടനും വിദേശിയുമെല്ലാം ഉൾപ്പെടെ, ആരുടെയും മനം മയക്കുന്ന ഇനങ്ങൾ. മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി ചവണിക്കമണ്ണിൽ സാജൻ ഫിലിപ്പ് 40 വർഷംകൊണ്ട് സാധിച്ച ശേഖരം.
വിപണിയിൽ പുതിയൊരിനം എത്തിയെന്നറിഞ്ഞാൽ ആദ്യംതന്നെ വാങ്ങാൻ ശ്രമിക്കാറുണ്ടെന്ന് സാജൻ. പുതിയ ഇനമായതുകൊണ്ടുതന്നെ ചെറിയ തൈയ്ക്കു വില നാലായിരവും അയ്യായിരവുമൊക്കെയാകും. എങ്കിലും അവയുടെ നിറവൈവിധ്യം തന്റെ ശേഖരത്തിലേക്കു ചേർക്കാൻ സാജന് ആവേശമാണ്. നാലു പതിറ്റാണ്ടു മുൻപ് നാട്ടിൽ ലഭ്യമായവ ശേഖരിച്ചായിരുന്നു തുടക്കം. ഇന്ന് പ്രധാനമായും തായ്‌ലൻഡ് ഇനങ്ങളാണു ലഭിക്കുന്നത്.
കിട്ടാവുന്നയത്ര ഇനങ്ങൾ ശേഖരിക്കുക. അവയുടെ ഒന്നോ രണ്ടോ ചെടികൾ മാത്രം സംരക്ഷിക്കുക. അതാണ് ചെടിവിപണനം സ്ഥിര വരുമാനമാർഗമായി എടുത്തിട്ടില്ലാത്ത സാജന്റെ രീതി. എന്നാൽ, ഓരോ വർഷവും പ്രൂൺ ചെയ്യുമ്പോള്‍ ചെറിയ തോതിൽ തൈകൾ ഉൽപാദിപ്പിച്ച് നഴ്സറികൾക്കു നൽകും. പരിചരണച്ചെലവ് ചെടികളിൽനിന്നുതന്നെ നേടുകയാണ് ഉദ്ദേശ്യം.
മഴയില്ലാത്ത ദിവസങ്ങളില്‍ നനയ്ക്കും. നനയ്ക്കുന്നത് പൂക്കളുണ്ടാകാന്‍ തടസ്സമാണെന്ന് പൊതുവേ പറയാറുണ്ടെങ്കിലും അതിനോട് സാജനു യോജിപ്പില്ല. വേനലില്‍ നന പ്രധാനമാണ്. വിശേഷിച്ചും ചട്ടികളിൽ വളര്‍ത്തുന്നവയ്ക്ക്. എങ്കിൽ മാത്രമേ ചെടികൾ ആരോഗ്യത്തോടെനിന്ന് നന്നായി പുഷ്പിക്കുകയുള്ളൂ. സാജന്റെ ചെടികളെല്ലാംതന്നെ ചട്ടികളിലാണ്.
വീട്ടുമുറ്റത്ത് പല ഭാഗങ്ങളിലായാണ് ചട്ടികൾ ക്രമീകരിച്ചിരിക്കുന്നത്. ചാണകപ്പൊടി, എല്ലുപൊടി എന്നിവ മണ്ണുമായി ചേർത്ത് ചട്ടികളിൽ നിറച്ചാണ് തൈകൾ നടുക. 2 വർഷം കൂടുമ്പോൾ പോട്ടിങ് മിശ്രിതം മാറ്റും. വർഷം 2 തവണ പ്രൂൺ ചെയ്യും. ചാണകം, കടലപ്പിണ്ണാക്ക്, വേപ്പിൻപിണ്ണാക്ക് എന്നിവ ചേർത്തു പുളിപ്പിച്ച മിശ്രിതം നേർപ്പിച്ച് ചുവട്ടിൽ ഒഴിക്കാറുണ്ട്. ഇത് ചെടികളുടെ ആരോഗ്യം മെച്ചപ്പെടുത്തും. പൂക്കാനും സഹായകം.
നന്നായി സൂര്യപ്രകാശം ലഭിക്കുന്നിടത്തു വേണം ചെടികൾ വയ്ക്കേണ്ടത്. എങ്കിൽ മാത്രമേ ചെടി നിറഞ്ഞു പൂക്കളുണ്ടാവുകയുള്ളൂ. മഴക്കാലത്ത് ബൊഗൈൻവില്ലയ്ക്ക് പ്രത്യേക ശ്രദ്ധ നൽകണം. അധിക മഴയില്‍ നശിക്കാൻ സാധ്യതയേറെ. അതിനാല്‍, ഓരോ ചെടിക്കും പ്രത്യേക മറ നൽകാറുണ്ടെന്നു സാജന്‍.
ഫോൺ; 9447364498