ADVERTISEMENT

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം’ ആശിർവാദ് സിനിമാസിന്റെ വഴിത്തിരിവായിരുന്നുവെന്ന് ആന്റണി പെരുമ്പാവൂർ. താൻ എവിടെപ്പോയാലും അഭിമാനത്തോടെ ഒപ്പം കൂട്ടുന്ന സിനിമയാണ് ദൃശ്യമെന്നും ഭാഷയും സംസ്കാരവും ഭേദിച്ച് ഇന്ത്യയിൽ മാത്രമല്ല ചൈനീസ്, സിംഹള തുടങ്ങി വിവിധ ഭാഷകളിൽ വരെ ദൃശ്യം റീമേക്ക് ചെയ്തുവെന്നും ആന്റണി പെരുമ്പാവൂർ പറയുന്നു. ദൃശ്യം ഒന്ന് രണ്ടു ഭാഗങ്ങളുടെ വിജയം ആവർത്തിക്കാനായി മൂന്നാം ഭാഗത്തിന്റെ ഗ്രൗണ്ട് വർക്കുകൾ ജീത്തു ജോസഫ് തുടങ്ങി എന്നും അത് മോഹൻലാലുമായും ആശിർവാദുമായും പങ്കുവച്ചുകഴിഞ്ഞു എന്നുംആന്റണി പെരുമ്പാവൂർ വ്യക്തമാക്കി.   

‘‘ആശിർവാദ് സിനിമാസിന്റെ പതിനേഴാമത്തെ നിർമാണ ചിത്രമായ 'ദൃശ്യം' ഞങ്ങളുടെ യാത്രയിൽ ഒരു വഴിത്തിരിവായിരുന്നു. ഞാനും ജീത്തുവും ലാൽ സാറും ആദ്യമായി ഒന്നിച്ച ചിത്രമാണ്. 2013 ഡിസംബർ 19-ന് പുറത്തിറങ്ങിയ ‘ദൃശ്യം’ വെറുമൊരു സിനിമ മാത്രമല്ല, ഇന്ത്യൻ സിനിമയ്ക്ക് മൊത്തത്തിൽ ലഭിച്ച ഒരു സമ്മാനമായിരുന്നു.

jeethu-mohanlal3

ഞാൻ എവിടെപ്പോയാലും അഭിമാനത്തോടെ ഒപ്പം കൂട്ടുന്ന ചിത്രമാണ് ദൃശ്യം.  ഭാഷാ, സാംസ്കാരിക അതിരുകൾ ഭേദിച്ച് തമിഴ് (പാപനാശം), തെലുങ്ക് (ദൃശ്യം), കന്നഡ (ദൃശ്യ), ഹിന്ദി (ദൃശ്യം), സിംഹള (വിതാനേജ്), ചൈനീസ് (ദ് വിറ്റ്നസ്) എന്നീ ഭാഷകളിലേക്ക് പുനർനിർമിച്ച ദൃശ്യം ആദ്യമായി 50 കോടി ക്ലബ്ബിൽ പ്രവേശിച്ച മലയാള ചിത്രമെന്ന ഖ്യാതിയും നേടി.  ഓരോ റീമേക്കും ഒറിജിനലിന്റെ വൈകാരികതായും സസ്‌പെൻസും നിലനിർത്തിക്കൊണ്ട് സ്വന്തമായി ഹിറ്റ് ചിത്രങ്ങളായി മാറി. ഇന്നും, ദൃശ്യത്തിന്റെ റൈറ്റ്സിനു വേണ്ടി പലരും ശ്രമിക്കുന്നത് ദൃശ്യത്തിന് ലോകമെമ്പാടും സ്വീകാര്യതയുണ്ടെന്നതിന്റെ തെളിവാണ്.  

jeethu-mohanlal

ദൃശ്യത്തെ അവിസ്മരണീയമാക്കിയത് ജീത്തുവിന്റെ സമാനതകളില്ലാത്ത കഥപറച്ചിലും, ജോർജുകുട്ടിയെ അനായാസമായി അവതരിപ്പിച്ച ലാൽ സാറിന്റെ മിടുക്കും, മുഴുവൻ ടീമിന്റെയും സമന്വയവുമാണ്.  ഓഗസ്റ്റ് 2 നെക്കുറിച്ചോ, ജോർജുട്ടിയുടെ കുടുംബത്തിന്റെ മനസ്സിൽ തൊടുന്ന കഥയെക്കുറിച്ചോ, തൊടുപുഴ എന്ന ചെറിയ പട്ടണത്തിൽ നടന്ന സംഭവങ്ങളെക്കുറിച്ചോ ചിന്തിക്കാത്ത ഒരു മലയാളിയും ഉണ്ടാകില്ല.

jeethu-mohanlal-4

ദൃശ്യത്തിന് ശേഷം, ദൃശ്യം 2 ഞങ്ങൾ ചെയ്തു അത് ഒന്നാം ഭാഗത്തേക്കാൾ വലിയ വിജയമായി മാറി. ഇന്ന്, ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിനായി കാത്തിരിക്കുന്നത് മലയാളികൾ മാത്രമല്ല ആഗോളതലത്തിലും അത് ചർച്ചാ വിഷയമാണ്.  ജീത്തു ഇതിനകം തന്നെ അതിന്റെ ഗ്രൗണ്ട് വർക്ക് നടത്തി, അക്കാര്യങ്ങൾ ലാൽ സാറും ആശിർവാദ് സിനിമാസുമായും ചർച്ച ചെയ്തുകഴിഞ്ഞു.

jeethu-mohanlal-43

ഈ അസാധാരണമായ യാത്രയുടെ ഭാഗമായതിന് ലാൽ സാറിനും, ജീത്തുവിനും, മീന മാഡത്തിനും, ദൃശ്യത്തിന്റെ മുഴുവൻ ടീമിനും നന്ദി. ഈ ചിത്രം ഒരു നാഴികക്കല്ല് എന്നതിലുപരി, ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിക്കുന്ന വളർന്നു കൊണ്ടിരിക്കുന്ന ഒരു പാരമ്പര്യമാണ്.’’ആന്റണി പെരുമ്പാവൂരിന്റെ വാക്കുകൾ.

English Summary:

Antony Perumbavoor About Drishyam Movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com