ADVERTISEMENT

രൂപി കൗർ എന്ന പഞ്ചാബി പെൺകുട്ടി കവിത എഴുതുമായിരുന്നുവെങ്കിലും താൻ ഒരിക്കൽ ആധുനിക യുഗത്തിന്റെ കാവ്യ ശബ്ദമായി മാറുമെന്ന് അവൾ കരുതിരുന്നില്ല. 2009 മുതൽ കവിത എഴുതുമായിരുന്ന രൂപി പ്രശസ്തിയിലേക്ക് ഉയർന്നത് ഇൻസ്റ്റാഗ്രാമിലൂടെയാണ്. ഇന്ന് മൂന്ന് കവിതാ സമാഹാരങ്ങളിലൂടെ ഒരു ജനപ്രിയ കവയത്രിയായി അവൾ മാറി കഴിഞ്ഞു. 

rupi-kaur-books

1992 ഒക്ടോബർ 4 ന് പഞ്ചാബിൽ രൂപി ജനിച്ചത്. മൂന്നാം വയസ്സിൽ മാതാപിതാക്കളോടൊപ്പം കാനഡയിലേക്ക് കുടിയേറിയ രൂപി വളർന്നതും താമസിക്കുന്നതും കാനഡയിലാണ്. കൗമാരപ്രായം മുതലേ പ്രക്ഷുബ്ധമായ ബന്ധമാണ് മാതാപിതാക്കളുമായി രൂപിക്കുണ്ടായിരുന്നത്. അതേപോലെ ഗാർഹിക പീഡനം, ലൈംഗികാതിക്രമം, വംശീയ വിദ്വേഷം എന്നിവ തനിക്ക് ചുറ്റുമുള്ള ലോകത്തിൽ നടക്കുന്നത് കാണേണ്ടി വന്ന രൂപിയെ ഇവയെല്ലാം ബാധിക്കുകയും അവ പിന്നീട് കവിതകളുടെ വിഷയമാകുകയും ചെയ്തു.  

തന്റെ ഏകാന്തതയ്ക്ക് ആശ്വാസം പകരുന്ന വായനയോട് ചെറുപ്പം മുതലേ അവൾ താൽപര്യം പ്രകടിപ്പിച്ചിരുന്നു. കവിതകളിൽ ആകൃഷ്ടയായ രൂപി, അമൃത പ്രീതം, മായ ഏഞ്ചലോ, റോൾഡ് ഡാൽ, ഡോ. സ്യൂസ്, ജെ.കെ. റൗളിംഗ് എന്നിവരുടെ രചനകൾ നിരന്തരം വായിച്ചു. 2009ലാണ് കൗർ ആദ്യമായി കവിത ചൊല്ലി അവതരിപ്പിക്കാൻ തുടങ്ങിയത്. വേദന നിറഞ്ഞ പഴയ പ്രണയ ബന്ധത്തിന്റെ ഓർമ്മകളിൽ നിന്ന് രക്ഷപെടുവാനാണ് എഴുതാൻ അവൾ ശ്രമിച്ചു തുടങ്ങിയത്. പിന്നീട് അവ അവതരിപ്പിക്കാൻ തുടങ്ങി. 

1-RUPI-KAUR-FACEBOOK-2
രൂപി കൗർ, Imagee Credit: Rupi Kaur/ Instagram

2014ൽ ഇൻസ്റ്റാഗ്രാമില്‍ തന്റെ കവിതകൾ പങ്കിടാൻ തുടങ്ങിയ രൂപി അവയ്ക്കൊപ്പം ലളിതമായ ചിത്രങ്ങളും വരച്ചു ചേർക്കാൻ തുടങ്ങി. അതാണ് രൂപിയുടെ ജീവിതം മാറ്റി മറിച്ചത്. ഇൻസ്റ്റാപോയട്രി എന്ന ടാഗ്‌ലൈനിൽപ്പെട്ട് ക്രമേണ ശ്രദ്ധിക്കപ്പെടുവാൻ തുടങ്ങിയതോടെ അവളുടെ ഷോകളിൽ നിരവധി പേർ പങ്കെടുക്കുവാൻ തുടങ്ങി. അതോടെ ചൊല്ലുന്നതിനൊപ്പം കവിതകൾ എഴുതി പ്രസിദ്ധീകരിക്കുവാൻ രൂപി തീരുമാനിക്കുകയായിരുന്നു. രൂപിയുടെ ആദ്യ പുസ്തകം, 'മിൽക്ക് ആൻഡ് ഹണി', 2014 നവംബർ 4ന് അവൾ സ്വയം പ്രസിദ്ധീകരിച്ചു. 

rupi-kaur-books-h

പ്രണയം, നഷ്ടം, ആഘാതം, സ്ത്രീത്വം എന്നീ പ്രമേയങ്ങൾ കൈകാര്യം ചെയ്ത ആ പുസ്തകം ആഗോള ബെസ്റ്റ് സെല്ലറായി മാറി. ലളിതവും ശക്തവുമായ കവിതാശൈലിക്കൊപ്പം അവയ്ക്കനുയോജ്യമായ ചിത്രങ്ങളും വരച്ചു ചേർത്ത ആ കൃതി സാഹിത്യ ലോകത്തിൽ ചർച്ചയായി. സോഷ്യൽ മീഡിയയിൽ രൂപി പ്രശസ്തിയിലേക്ക് ഉയർന്നപ്പോൾ, ആൻഡ്രൂസ് മക്മീൽ എന്ന പ്രസിദ്ധീകരണ സ്ഥാപനം 'മിൽക്ക് ആൻഡ് ഹണി' വീണ്ടും റിലീസ് ചെയ്തു. അത് ഒരു വിജയമായി മാറി. 2017 ലെ കണക്കനുസരിച്ച്, ലോകമെമ്പാടും 2.5 ദശലക്ഷം കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകം, 25 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. 

രൂപിയുടെ രണ്ടാമത്തെ പുസ്തകം, 'ദ് സൺ ആൻഡ് ഹെർ ഫ്ലവേഴ്സ്' 2017 ഒക്ടോബർ 3 നാണ് പ്രസിദ്ധീകരിച്ചത്. 2018ൽ മാത്രം കവിത വിൽപ്പനയിൽ നിന്ന് ഏകദേശം 1.4 മില്യൺ ഡോളറാണ് രൂപി സമ്പാദിച്ചത്. തന്റെ കവിത ചൊല്ലി അവതരിപ്പിക്കാനായി ലോകപര്യടനം നടത്തുന്നതിനിടെ വിഷാദവും ഉത്കണ്ഠയും അനുഭവപ്പെട്ട രൂപി അതിനെക്കുറിച്ച് തുറന്നു സംസാരിക്കുവാൻ ധൈര്യം കാട്ടി. 2020 നവംബർ 17ന് പുറത്തിറക്കിയ തന്റെ മൂന്നാമത്തെ കവിതാ സമാഹാരമായ 'ഹോം ബോഡി'യിൽ മാനസികാരോഗ്യം പ്രധാന വിഷയങ്ങളിലൊന്നാക്കി. ആധുനിക സ്ത്രീത്വത്തിന്റെ സങ്കീർണ്ണതകളുടെ പ്രതിഫലനമാണ് ആ കൃതി. സാംസ്കാരിക സ്വത്വം, സാമൂഹിക പ്രതീക്ഷകൾ, പ്രണയം, നഷ്ടം, രോഗശാന്തി എന്നിവയെക്കുറിച്ചുള്ള കവിതകൾ എല്ലാ പ്രായത്തിലുമുള്ള വായനക്കാരെ സ്വാധീനിച്ചു. 

311831127_5675709565856606_1155011697456385771_n
രൂപി കൗർ, Imagee Credit: Rupi Kaur/ Instagram

ചെറിയ വാക്കുകൾ, വിരാമചിഹ്നങ്ങളുടെ അഭാവം, ലാളിത്യം എന്നിവയാണ് രൂപിയുടെ സവിശേഷത. 2022ൽ തന്റെ നാലാമത്തെ പുസ്തകം 'ഹീലിംഗ് ത്രൂ വേഡ്‌സ്' പുറത്തിറക്കി. സർഗ്ഗാത്മകത വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്ന വായനക്കാരെ സഹായിക്കുന്നതിനുള്ള റൈറ്റിംഗ് എക്‌സൈസുകളുള്ള ഗൈഡായിരുന്നു ആ പുസ്തകം. സാഹിത്യ നേട്ടങ്ങൾക്കപ്പുറം, ലൈംഗികാതിക്രമം, മാനസികാരോഗ്യം, ശരീരത്തിന്റെ പോസിറ്റിവിറ്റി തുടങ്ങിയ പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളർത്താൻ, രൂപി തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നു. കവിതകൾക്കൊപ്പം തന്റെ വ്യക്തിപരമായ സംഘർഷങ്ങളും പങ്കുവെച്ച് എണ്ണമറ്റ വ്യക്തികളെ ശാക്തീകരിച്ചു. 

ഹ്രസ്വവും വൈകാരികവുമായ കവിതകളിലൂടെ ഇൻസ്റ്റാപോയട്രി പ്രസ്ഥാനത്തെ ജനകീയമാക്കിയ രൂപി, സാഹിത്യത്തിനുള്ള ശക്തമായ വേദിയാകാൻ സോഷ്യൽ മീഡിയയ്ക്ക് കഴിയുമെന്ന് തെളിയിച്ചുകൊണ്ട് പരമ്പരാഗത പ്രസിദ്ധീകരണ മാനദണ്ഡങ്ങളെ വെല്ലുവിളിച്ച കവയത്രിയാണ്.

English Summary:

From Instapoet to Icon: The Rise and Impact of Rupi Kaur