ടൈം ട്രാവൽ നടത്താന് കഴിയുന്ന കഫേ; പ്രിയപ്പെട്ട നിമിഷങ്ങളിലേക്ക് കൂട്ടി കൊണ്ടു പോകുന്ന കവാഗുച്ചി
Mail This Article
പ്രണയം, നഷ്ടം, കാലത്തിന്റെ കടന്നുപോകൽ എന്നീ പ്രമേയങ്ങളെ മുൻനിർത്തി കഥകൾ അവതരിപ്പിച്ച് ലോകമെമ്പാടുമുള്ള വായനക്കാരെ ആകർഷിച്ച പ്രശസ്ത ജാപ്പനീസ് എഴുത്തുകാരനാണ് തോഷികാസു കവാഗുച്ചി. വായനക്കാരിൽ ആഴത്തിൽ പ്രതിധ്വനിക്കുന്ന സങ്കീർണ്ണമായ കഥകൾ നെയ്തെടുക്കാനുള്ള അദ്ദേഹത്തിന്റെ അതുല്യമായ കഴിവിന് പ്രശംസനീയമാണ്.
1971ൽ ജപ്പാനിലെ ഒസാക്കയിൽ ജനിച്ച കവാഗുച്ചി ചെറുപ്പത്തിൽ തന്നെ എഴുത്തിനോടുള്ള അഭിനിവേശം വളർത്തിയെടുത്തിരുന്നു. 22 വയസ്സുള്ളപ്പോൾ നാടകലോകത്തെത്തിയ കവാഗുച്ചി, സോണിക് സ്നൈൽ എന്ന നാടക ഗ്രൂപ്പിനായി നിരവധി നാടകങ്ങൾ രചനയും സംവിധാനവും നിർവ്വഹിക്കുകയും അവ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. ഒരു നാടകകൃത്ത് എന്ന നിലയിൽ, അദ്ദേഹത്തിന്റെ രചനകളിൽ 'കപ്പിൾ', 'സൺസെറ്റ് സോങ്', 'ഫാമിലി ടൈം' എന്നിവയാണ് പ്രധാനം. അദ്ദേഹത്തിന്റെ 'ബിഫോർ ദ് കോഫി ഗെറ്റ്സ് കോൾഡ്' എന്ന നാടകം സുഗിനാമി നാടകോത്സവത്തിൽ പുരസ്കാരം നേടിയിരുന്നു.
2011ൽ 'ബിഫോർ ദ് കോഫി ഗെറ്റ്സ് കോൾഡിന്റെ' സ്റ്റേജ് പ്രൊഡക്ഷൻ കണ്ട എഡിറ്ററുടെ പ്രേരണയാണ് കവാഗുച്ചി ഒരു നോവലിസ്റ്റായി അരങ്ങേറ്റം കുറിക്കുവാൻ കാരണമായത്. 2015ൽ നോവൽ രൂപത്തിലിറങ്ങിയ കൃതി, നിരൂപക പ്രശംസയും സമർപ്പിതരായ നിരവധി വായനക്കാരെയും നേടിയെടുത്തു. ടൈം ട്രാവൽ ചെയ്യാൻ സംവിധാനമൊരുക്കുന്ന ടോക്കിയോയിലെ ഒരു ചെറിയ കഫേയിലാണ് 'ബിഫോർ ദ് കോഫി ഗെറ്റ്സ് കോൾഡ്' നടക്കുന്നത്.
ടൈം ട്രാവലിന് ചില നിബന്ധനകളുണ്ട്. ടൈം ട്രാവൽ കഴിയുന്നതു വരെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽക്കരുത്. ഭൂതകാലത്തെക്കോ ഭാവികാലത്തെക്കോ പോകാം, പക്ഷേ അവിടെ ഒന്നും മാറ്റാൻ ശ്രമിക്കരുത്. ആ കഫേയിൽ ഒരിക്കലെങ്കിലും വന്നിട്ടുള്ള ആളുകളെ മാത്രമേ കാണാൻ കഴിയൂ. മുന്നിൽ വെച്ചിരിക്കുന്ന കാപ്പി തണുപ്പിക്കുന്നതിന് തൊട്ടുമുമ്പ് ടൈം ട്രാവൽ അവസാനിപ്പിച്ചേ മതിയാകൂ അല്ലെങ്കിൽ നിങ്ങൾ ഒരു പ്രേതമായി കഫേയിൽ കുടുങ്ങിപ്പോകും.
ഇത്രയും നിബന്ധനകളുണ്ടെങ്കിലും ഉപഭോക്താക്കൾക്ക് ആ കഫേ ഇഷ്ടമാണ്. കാരണം തങ്ങളുടെ പ്രിയപ്പെട്ടവരെ ഒരിക്കൽ കൂടി കാണാനും കൂടെ സമയം ചിലവഴിക്കാനും അനുവദിക്കുന്ന ഇടമാണത്. ഇതിലെ ഓരോ അധ്യായവും അവിടെ വരുന്ന ഓരോ ഉപഭോക്താവിനെ കുറിച്ചുള്ളതാണ്. ഉദാഹരണത്തിന്, താൻ പ്രസവത്തോടെ മരിച്ചു പോകാൻ സാധ്യതയുണ്ടെന്നറിഞ്ഞ കെയ് എന്ന സ്ത്രീ, തന്റെ കുഞ്ഞിനെ കാണാൻ ഭാവിയിലേക്ക് ടൈം ട്രാവല്‍ ചെയ്യുന്നു. മിക്കി എന്ന തന്റെ മകളെ അവളുടെ പിതാവും അമ്മായിമാരായ കാസുവും ഫ്യൂമിക്കോയും ചേർന്ന് നന്നായി വളർത്തി എന്ന തിരിച്ചറിവോടെയാണ് കെയ് ആ യാത്ര അവസാനിപ്പിക്കുന്നത്. ടൈം ട്രാവലിൽ നിന്ന് അവള്‍ തിരികെ വരുന്നത് നിറവുള്ള ഒരു ഹൃദയത്തോടെയാണ്.
2017ലെ ബുക്ക്‌സ്റ്റോർ അവാർഡിനായി നാമനിർദ്ദേശം ചെയ്യപ്പെട്ട ഈ നോവൽ, 2018ൽ ഒരു സിനിമയായും മാറി. കൂടാതെ ടൈം ട്രാവൽ, ഫാന്റസി തീമുകളുള്ള 'വെൻ മാർണി വാസ് ദെയർ', 'കിമി നോ നാ വാ' പോലുള്ള മറ്റ് ആനിമേറ്റഡ് ജാപ്പനീസ് ചിത്രങ്ങൾക്ക് സമാനമായ വിജയവും നേടി. അതോടെ ആ പുസ്തകത്തിന്റെ തുടർച്ചകളും കവാഗുച്ചി എഴുതി. 'ടെയിൽസ് ഫ്രെം ദ് കഫെ', 'ബിഫോർ യുവർ മെമ്മറി ഫെയ്ഡ്സ്', 'ബിഫോർ വി സെയ് ഗുഡ്ബൈ' എന്നിവയാണ് ആ പുസ്തകങ്ങൾ. 'ദ് കോഫി ഗെറ്റ്സ് കോൾഡ് സീരീസ്' എന്നാണ് അവ അറിയപ്പെടുന്നത്. ഇതിനോടകം തന്നെ ഈ സീരീസ് 35 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും 3.2 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റഴിക്കപ്പെടുകയും ചെയ്തു. ഇതിലെ അടുത്ത പുസ്തകമായ 'ബിഫോർ വി ഫൊർഗെറ്റ് കൈൻറ്റ്നെസ്' ഈ സെപ്റ്റംബർ 19ന് പുറത്തിറങ്ങും. ജെഫ്രി ട്രൗസലോട്ടാണ് ജാപ്പനീസ് ഭാഷയിൽ നിന്ന് ഇംഗ്ലിഷിലേക്ക് ഈ സീരീസ് വിവർത്തനം ചെയ്തിരിക്കുന്നത്.
ലാളിത്യവും ചാരുതയുമാണ് കവാഗുച്ചിയുടെ രചനാശൈലിയുടെ സവിശേഷത. അത് വായനക്കാരനെ കഥാപാത്രങ്ങളുടെ വൈകാരിക യാത്രയിൽ പൂർണ്ണമായും മുഴുകാൻ അനുവദിക്കുന്നു. ജീവിതം, പ്രണയം, വിധി, സ്നേഹത്തിന്റെ ശാശ്വതമായ സ്വഭാവം എന്നിവയെക്കുറിച്ചുള്ള അഗാധമായ ചോദ്യങ്ങളെ ലളിതമായി കഥകളിലൂടെ അദ്ദേഹം അവതരിപ്പിക്കുന്നു. സമകാലിക സാഹിത്യത്തിൽ തോഷികാസു കവാഗുച്ചിയുടെ സംഭാവന അനിഷേധ്യമാണ്. അദ്ദേഹത്തിന്റെ നോവലുകൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വായനക്കാരുടെ ഹൃദയങ്ങളെ സ്പർശിച്ചു. അവ വായിക്കുന്ന ഏതൊരാളിലും ശാശ്വതമായ ഒരു മതിപ്പ് അവശേഷിപ്പിക്കാൻ അവയ്ക്ക് കഴിയുമെന്നതാണ് ആ പുസ്തകങ്ങളുടെ വിജയം.