ADVERTISEMENT

ആദ്യമായി വാരാണസിയിൽ എത്തിയതിന്റെ കാഴ്ചകൾ പങ്കുവച്ച് അഹാന കൃഷ്ണകുമാർ. അമ്മ സിന്ദു കൃഷ്ണയും അനുജത്തി ഇഷാനിയും അഹാനയ്ക്കൊപ്പമുണ്ടായിരുന്നു. യാത്രയുടെ മനോഹരമായ വിഡിയോയും അഹാന പങ്കുവച്ചു. ‘വാരാണസിയെക്കുറിച്ച് കേട്ടറിവു മാത്രമായിരുന്നു ഇതുവരെ, ഷൂട്ടിങ്ങിനായി ഇവിടെ എത്തിയതാണ്’, ഷൂട്ടിങ് ഇടവേളയിൽ രണ്ടു ദിവസമാണ് അഹാന യാത്രയ്ക്കായി മാറ്റിവച്ചത്. കാശി വിശ്വനാഥ ക്ഷേത്രം,ഘാട്ടുകൾ, ഗംഗാ ആരതി...ആരതിയുടെ ഭക്തി സാന്ദ്രതയിൽ നിന്നുള്ള മടക്കയാത്രയിൽ മണികർണിക ഘാട്ടിലെ കത്തിയെരിയുന്ന ചിതകളുടെ രാത്രി കാഴ്ച സമ്മാനിച്ചത് നെഞ്ചിലൊരു വിങ്ങലാണെന്നും അഹാന പറയുന്നു. ‘ഇവിടെ ഈ കാണുന്ന തീ നാളം ഒരാളുടെ മുഴുവൻ ജീവിതമാണ്, സ്വപ്നങ്ങളാണ്...ഒരിക്കൽ നമ്മളും ഇങ്ങനെ കത്തിയെരിയേണ്ടവരാണ്. അന്ന് നമ്മുടെ ചിതയിൽ നിന്നും വരുന്ന തീ നാളങ്ങൾക്ക് എന്തൊക്കെ പറയാനുണ്ടാകും... അതിനെ പറ്റുന്നത്ര മനോഹരമാക്കാൻ പരമാവധി ശ്രമിക്കാം. ഇഷ്ടമുള്ള ആൾക്കാരുടെ കൂടെ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കുക, ജീവിതം കൂടുതൽ അർഥമുള്ളതാക്കുക...’ യാത്രാനുഭവത്തിന്റെ മനോഹര വിവരണവും അഹാനയുടെ വിഡിയോയിൽ കാണാം. 

ഗംഗാ ആരതി
ഗംഗാ ആരതി. ചിത്രം: രജീഷ് പയ്യന്നൂർ

ഇഹലോകജീവിതത്തിന്റെ അർഥശൂന്യത ഏറ്റവും അധികം വ്യക്തമാക്കി തരുന്ന ഇടമാണ് വാരാണസി അഥവാ കാശി. ഒരിക്കൽ എങ്കിലും വാരാണസി സന്ദർശിക്കാൻ ആഗ്രഹിക്കാത്തവരായി ആരാണ് ഉള്ളത്. എന്താണ് വാരാണസിയിലേക്ക് ഇത്രയധികം ആളുകൾ ഒഴുകിയെത്തുന്നത്. എന്താണ് വാരാണസി ഇത്രയധികം ജനങ്ങളെ ആകർഷിക്കുന്നത്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിൽ ഒന്നാണ് വാരാണസി. ചരിത്രവും സംസ്കാരവും ആത്മീയതയും ഇഴ ചേർന്നു കിടക്കുന്ന സ്ഥലം. വാരാണസിയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളും സംഭവങ്ങളും എന്താണെന്നു നോക്കാം.

Image Credit: ahaana_krishna/instagram
Image Credit: ahaana_krishna/instagram

ദശാശ്വമേധ് ഘാട്ടിലെ ഗംഗാ ആരതി

വാരാണസിയിൽ എത്തുന്നവർ ഏറ്റവും അധികം കാണാൻ ആഗ്രഹിക്കുന്നത് ഗംഗാ ആരതിയാണ്. എല്ലാ ദിവസവും വൈകുന്നേരം ദശാശ്വമേധ് ഘാട്ടിലാണ് ഗംഗാ ആരതി നടക്കുന്നത്. ഇവിടെ എത്തിച്ചേരുന്ന എല്ലാവരും വൈകുന്നേരം ഗംഗാ ആരതിക്ക് സാക്ഷ്യം വഹിക്കാൻ ഇവിടേക്ക് എത്തിച്ചേരും. പുരോഹിതൻമാർ മന്ത്രങ്ങൾ ഉരുവിട്ട് അഗ്നിയുമായി ഗംഗാ ആരതി ചെയ്യുന്നത് മനോഹരമായ കാഴ്ചയാണ്. ഗംഗാ നദീതീരം ഭക്തിസാന്ദ്രമാകുന്ന അപൂർവ നിമിഷം. ശൈത്യകാലത്ത് മറ്റുള്ള സമയങ്ങളെ അപേക്ഷിച്ച് ഗംഗാ ആരതിയുടെ ഭംഗി അൽപം കൂടുതലാണ്.

മണികർണികാഘട്ടിൽ
മണികർണികാ ഘാട്ട്. ചിത്രം: രജീഷ് പയ്യന്നൂർ

ഗംഗാനദിയിൽ ഒരു ബോട്ട് യാത്ര

വാരാണസിയിൽ എത്തിക്കഴിഞ്ഞാൽ നിർബന്ധമായും ചെയ്തിരിക്കേണ്ട കാര്യങ്ങളിൽ ഒന്നാണ് ഗംഗാനദിയിലെ ബോട്ട് യാത്ര. പ്രത്യേകിച്ച് പുലർകാലത്താണ് ഗംഗാനദിയിൽ ബോട്ട് യാത്ര നടത്തേണ്ടത്. നദിക്ക് മുകളിലായി സൂര്യൻ ഉദിച്ചുയരുന്ന മനോഹരമായ കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാൻ ഈ യാത്രയിൽ സാധിക്കും. ശൈത്യകാലങ്ങളിൽ ചെറിയ കോടമഞ്ഞിനൊപ്പം മനോഹരമായ ഈ കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാവുന്നതാണ്. ഈ സമയത്ത് ഭക്തർ ഗംഗാനദിയിൽ എത്തി മുങ്ങി നിവരുന്നത് കാണാൻ സാധിക്കും.

∙കാശി വിശ്വനാഥ ക്ഷേത്രം

വാരാണസിയിൽ എത്തിയാൽ നിർബന്ധമായും സന്ദർശിച്ചിരിക്കേണ്ട ഒന്നാണ് കാശി വിശ്വനാഥ ക്ഷേത്രം. ഹൈന്ദവർ പുണ്യകേന്ദ്രമായി കണക്കാക്കുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് കാശി വിശ്വനാഥ ക്ഷേത്രം. ശിവ ഭഗവാന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണ് ഇത്. ആത്മീയമായ യാത്ര ആഗ്രഹിക്കുന്നവരുടെ പ്രധാനപ്പെട്ട ഒരു തീർഥാടന കേന്ദ്രം കൂടിയാണ് ഈ ക്ഷേത്രം. ആത്മീയമായും മികച്ച ഒരു അനുഭവമാണ് ഈ ക്ഷേത്രം സന്ദർശിക്കുന്നവരെ കാത്തിരിക്കുന്നത്. ശാന്തമായ അന്തരീക്ഷവും ഭക്തിയോടെ എത്തുന്ന തീർഥാടകരും മനോഹരമായ ഓർമയാണ് സഞ്ചാരികൾക്കു സമ്മാനിക്കുന്നത്.

∙ബുദ്ധകേന്ദ്രമായ സാർനാഥ്

വാരാണസിയിൽ നിന്നു വെറും 10 കിലോമീറ്റർ ദൂരെയാണ് പ്രധാനപ്പെട്ട ബുദ്ധ തീർഥാടന കേന്ദ്രമായ സാർനാഥ്. ഭഗവാൻ ബുദ്ധൻ ജ്ഞാനോദയം നേടിയതിനു ശേഷം തന്റെ ആദ്യത്തെ പ്രഭാഷണം നടത്തിയത് ഇവിടെയാണ്. ധമേക് സ്തൂപം, സാർനാഥ് ആർക്കയോളജിക്കൽ മ്യൂസിയം എന്നിവ ഇവിടെ സന്ദർശിക്കാവുന്നതാണ്. ഇന്ത്യയുടെ ആത്മീയ ചരിത്രത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ ഇവിടം സഞ്ചാരികൾക്ക് നൽകുന്നു.ഇത് മാത്രമല്ല വാരാണസിയിലെ തെരുവുകളിലൂടെ ചുറ്റിക്കറങ്ങാൻ പറ്റിയ സമയം കൂടിയാണ് ശൈത്യകാലം. അതിമനോഹരമായ കര കൗശല വസ്തുക്കളും മറ്റും ഇവിടെ കാണാം. ബനാറസ് സിൽക്ക് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതിലും മികച്ച ഇടം വേറെയില്ല. പ്രസിദ്ധമായ കാശി ചാട്, ബനാറസി പാൻ, പ്രാദേശികമായ പലഹാരങ്ങൾ എന്നിവയും ആസ്വദിക്കാം. ഗംഗാ നദിയുടെ തീരത്തായി ഏകദേശം 2000 ക്ഷേത്രങ്ങളും നിരവധി ഘാട്ടുകളുമാണ് ഉള്ളത്. തുൾസി ഘാട്ട്, മണികർണിക ഘാട്ട്, അസി ഘാട്ട് എന്നിവയും അവയിൽ പ്രധാനപ്പെട്ടവയാണ്. ഇവയെല്ലാം സഞ്ചാരികൾ കണ്ടിരിക്കേണ്ട ഇടങ്ങളാണ്. പ്രസിദ്ധമായ ബനാറസ് ഹിന്ദു സർവകലാശാലയും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. സർവകലാശാലയുടെ മനോഹരമായ വാസ്തുവിദ്യയും പുന്തോട്ടവും കാണേണ്ട കാഴ്ചകൾ തന്നെയാണ്. യോഗയും ധ്യാനവും പരിശീലിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനു പറ്റിയ ഇടങ്ങളും ഇവിടെയുണ്ട്. ചരിത്രത്തിനും സംസ്കാരത്തിനും ഒപ്പം ആത്മീയതയ്ക്കും പ്രാധാന്യം നൽകി സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ് വാരാണസി.

English Summary:

Ahana Krishnakumar's Varanasi trip: A moving account of her experience witnessing the Ganga Aarti, exploring ancient temples, and reflecting on life's ephemerality.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com