അടുക്കളയിൽ കയറാൻ മടിയാണോ? പാചകം അറിയാത്തവർക്കും സിംപിളാണ് ഈ വിഭവം
Mail This Article
രുചിയൂറും വിഭവങ്ങൾ കഴിക്കാൻ മിക്കവർക്കും പ്രിയമാണ്. എങ്കിലും ഭക്ഷണം തയാറാക്കാൻ മിക്കവർക്കും മടിയാണ്. മറ്റുചിലർക്ക് പാചകവും വശം കാണില്ല. ഈ സന്ദർഭങ്ങളിൽ വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന വിഭവം അറിയാം. തൈര് കൊണ്ടുള്ള റെസിപ്പിയാണ്. ചോറിനൊപ്പം കഴിക്കുവാനും സൂപ്പറാണ്. എങ്ങനെയെന്ന് നോക്കാം.
നല്ലകട്ട തൈര് നന്നായി ഉടച്ചെടുക്കാം. അതിലേക്ക് കാൽ ടീസ്പൂണ്‍ മഞ്ഞപൊടിയും ഒരു ടീസ്പൂൺ മുളക്പൊടിയും അര ടീസ്പൂൺ മല്ലിപൊടിയും പിന്നെ ഒന്നര ടീസ്പൂൺ കസൂരി മേത്തിയും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യാം. കസ്തൂരി മേത്തി നന്നായി കൈയിൽ വച്ച് പൊടിച്ച് വേണം ചേർക്കാൻ. മറ്റൊരു പാൻ വച്ച് അതിലേയ്ക്ക് വെളിച്ചെണ്ണ ചേർത്ത് ചൂടാക്കാം. അതിലേക്ക് നല്ല ജീരകം ചേർത്ത് മൂപ്പിച്ചെടുക്കാം.
അതിലേക്ക് ഒരു ചെറിയ സവാള ചേർത്ത് നന്നായി വഴറ്റാം. എരിവ് വേണ്ടവർ പച്ചമുളകും ചേർത്ത് വഴറ്റാം. നല്ല ബ്രൗൺ നിറമാകുമ്പോൾ ഗ്യാസ് ഓഫ് ചെയ്യാം. അതിലേക്ക് തൈര് ചേർത്ത് നന്നായി യോജിപ്പിക്കാം. ശേഷം മല്ലിയില അരിഞ്ഞതും ചേർക്കാം. നോർത്തിന്ത്യൻ രുചി തോന്നുമെങ്കിലും സംഗതി സൂപ്പറാണ്.