തുർക്കിയിലെ സ്കീ റിസോർട്ട് തീപിടിത്തം: മരണം 76 ആയി, ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു

Mail This Article
ബര്‍ലിന്‍ ∙ വടക്കുപടിഞ്ഞാറൻ തുർക്കിയിലെ കാർട്ടാൽകായയിലെ സ്കീ റിസോർട്ടിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 76 ആയി. 50 ലധികം പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ 3.27ന് 12 നിലകളുള്ള ഗ്രാൻഡ് കാർട്ടാൽ ഹോട്ടലിലെ റസ്റ്ററന്‍റിലാണ് തീപിടിത്തമുണ്ടായത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ അഗ്നിശമന സേനാംഗങ്ങൾ പുലർച്ചെയാണ് തീ അണച്ചത്.
മരിച്ചവരിൽ 52 പേരെ തിരിച്ചറിഞ്ഞതായി ആഭ്യന്തര മന്ത്രി അലി യെർലികായ പറഞ്ഞു. മറ്റുള്ളവരെ തിരിച്ചറിയാൻ ഫോറൻസിക് വിദഗ്ധർ ശ്രമിക്കുകയാണ്. ഹോട്ടലിന്‍റെ മേൽക്കൂരയും മുകളിലത്തെ നിലകളും പൂർണമായും കത്തിനശിച്ചു. സ്കൂൾ അവധിയായതിനാൽ ഹോട്ടലിൽ 80-90% വരെ അതിഥികൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. 238 അതിഥികൾ ചെക്ക് ഇൻ ചെയ്തിരുന്നു.
പരിഭ്രാന്തരായ അതിഥികൾ ജനലിലൂടെ ചാടിയതും അപകടത്തിന്‍റെ ആക്കം കൂട്ടി. രക്ഷപ്പെടനായി ചിലർ കെട്ടിടത്തിൽ നിന്ന് ചാടിയതിനെ തുടർന്ന് മരിച്ചതായും റിപ്പോർട്ടുണ്ട്. പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ചില അതിഥികൾ ബെഡ്ഷീറ്റുകളും ബ്ലാങ്കറ്റുകളും ഉപയോഗിച്ച് മുറിയിൽ നിന്ന് താഴേക്ക് ഇറങ്ങി.
തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണത്തിനായി ആറ് പ്രോസിക്യൂട്ടർമാരെ നിയോഗിച്ചതായി നീതിന്യായ മന്ത്രി യിൽമാസ് ടുങ്ക് പറഞ്ഞു. അന്വേഷണത്തിന്‍റെ ഭാഗമായി ഒൻപത് പേരെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തെ തുടർന്ന് പ്രസിഡന്‍റ് തയ്യിപ് എർദൊഗാൻ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.